ഭിക്ഷാടക സ്ത്രീയെ ഡിഎൻഏ പരിശോധനയ്ക്ക് വിധേയമാക്കാൻ പോലീസിന് കോടതി അനുമതി

കാഞ്ഞങ്ങാട്: റിമാന്റിൽ കഴിയുന്ന ഭിക്ഷാടക സ്ത്രീയെ ഡിഎൻഏ പരിശോധനയ്ക്ക് വിധേയമാക്കാൻ പോലീസിന് കോടതി അനുമതി നൽകി. തമിഴ്നാട് സേലം സ്വദേശി അരുണാചലത്തിന്റെ ഭാര്യ മല്ലികയെയും 56, ഇവർക്കൊപ്പം കണ്ടെത്തിയ രണ്ട് കുട്ടികളെയും ഡിഎൻഏ പരിശോധനയ്ക്ക് വിധേയമാക്കാനാണ് ഹൊസ്ദുർഗ്  ജുഡീഷ്യൽ  മജിസ്ട്രേറ്റ്  ഒന്ന് കോടതി ഹൊസ്ദുർഗ്  പോലീസിന് അനുമതി നൽകിയത്.

മല്ലികയ്ക്കും കുട്ടികളിലും ഡിഎൻഏ ആവശ്യപ്പെട്ട് ഹൊസ്ദുർഗ് സബ് ഇൻസ്പെക്ടർ കെ. പി. സതീഷ് കോടതിയെ സമീപിക്കുകയായിരുന്നു. കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ. വി. ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് ഭിക്ഷാടനത്തിനിടയിൽ മല്ലികയേയും, 7 വയസ്സുള്ള ആൺകുട്ടിയേയും 17 വയസ്സുള്ള പെൺകുട്ടിയേയും പിടികൂടിയത്.

കുട്ടികൾ സർക്കാർ സംരക്ഷണത്തിൽ അഗതിമന്ദിരത്തിലാണ്. മല്ലികയെ കോടതി റിമാന്റ് ചെയ്തിരുന്നു. മല്ലിക സമർപ്പിച്ച ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളി.  ഇതിന് പിന്നാലെയാണ് ഡിഎൻഏ പരിശോധനയ്ക്ക് കോടതി അനുമതി നൽകിയത്. പരിശോധനയ്ക്കുള്ള നടപടി അന്വേഷണ സംഘം വേഗത്തിലാക്കിയിട്ടുണ്ട്.

മല്ലികയുടെ നേതൃത്വത്തിൽ കുട്ടികളെ തട്ടിക്കൊണ്ട് വന്ന് ഭിക്ഷാടനത്തിനുപയോഗിച്ചതായാണ് പോലീസിന്റെ  നിഗമനം. പതിനൊന്ന് മക്കളുണ്ടെന്ന് മല്ലിക പറയുന്നു. പോലീസ് കണ്ടെത്തിയ 2 പേരും മക്കളാണെന്ന് മല്ലിക അവകാശപ്പെട്ടു. കാസർകോട്ട് സമാനമായ മറ്റൊരു കേസ്സ്  മല്ലികക്കെതിരെയുള്ളതിനാൽ തമിഴ് സ്ത്രീയെക്കുറിച്ച് കൂടുതൽ അന്വേഷണത്തിന് പോലീസ് തുനിയുകയായിരുന്നു.

LatestDaily

Read Previous

നാദരൂപന് 82-ാം പിറന്നാൾ

Read Next

സുനിൽ കുമാറിന്റെ മുങ്ങി മരണത്തിൽ ദുരൂഹതയാരോപിച്ച് ഭാര്യ