പള്ളിനിർമ്മാണ അഴിമതി : നിർമ്മാണക്കമ്മിറ്റി പ്രസിഡണ്ടിനെ ജമാ അത്ത് പ്രസിഡന്റാക്കി

നീലേശ്വരം : നീലേശ്വരം തർബ്ബിയത്തൂൽ ഇസ്ലാം സഭയുടെ അധീനതയിലുള്ള നീലേശ്വരം മുഹയുദ്ദീൻ ജുമാ മസ്ജീദിന്റെ ഭരണ സമിതി തെരഞ്ഞെടുപ്പ് ജനാധിപത്യപരമല്ലെന്ന് മഹല്ല് നിവാസികൾ. പള്ളിനിർമ്മാണത്തിൽ ആരോപണ വിധേയനായ വ്യക്തിയെ ജമാ അത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തത് അഴിമതി മറച്ചുവെക്കാനാണെന്നാണ് ആരോപണം.

പള്ളിനിർമ്മാണ കമ്മിറ്റി പ്രസിഡന്റായിരുന്ന സി.കെ.അബ്ദുൾ ഖാദർ ഹാജിയെയാണ് ജമാ അത്ത് പ്രസിഡന്റായി   തെരഞ്ഞെടുത്തത്. നിർമ്മാണക്കമ്മിറ്റിയിലുണ്ടായിരുന്ന ഭൂരിഭാഗം പേരും ജമാ അത്ത് കമ്മിറ്റിയിൽ കയറിപ്പറ്റി.

തെരഞ്ഞെടുപ്പ് നടപടികൾ സുതാര്യമായിരുന്നില്ലെന്നും, അനധികൃത രീതിയിൽ നടന്ന തെരഞ്ഞെടുപ്പ് നടപടികൾക്ക് പള്ളി ഇമാം കൂട്ടു നിന്നുവെന്നും ഒരു വിഭാഗം   മഹല്ല്  നിവാസികൾ ആരോപിച്ചു. ജമാ അത്ത് കമ്മിറ്റി   തെരഞ്ഞെടുപ്പ് നിയന്ത്രിക്കാൻ പുറമെ നിന്നുള്ള റിട്ടേണിങ്ങ്  ഒാഫീസർ വേണമെന്നാണ് ചട്ടമെങ്കിലും ഇത് പാലിക്കപ്പെട്ടിട്ടില്ലെന്ന്  മഹല്ല് നിവാസികൾ ആരോപിച്ചു. പള്ളിനിർമ്മാണത്തിലെ അഴിമതിക്കെതിരെ മഹല്ല് നിവാസികൾ വഖഫ് ബോർഡിന് പരാതി നൽകിയിരുന്നു. വാർഷിക ജനറൽ ബോഡിയിൽ പള്ളി നിർമ്മാണത്തിന്റെ വരവ്- ചെലവ് കണക്കുകൾ അവതരിപ്പിച്ചില്ലെന്നും ആരോപണമുണ്ട്.

പള്ളിനിർമ്മാണത്തിന്റെ കണക്കുകൾ അവതരിപ്പിക്കാതെ നിർമ്മാണക്കമ്മിറ്റി ഒഴിഞ്ഞുമാറുകയാണെന്നും കണക്കുകളെക്കുറിച്ച് ചോദിക്കുമ്പോൾ നിർമ്മാണക്കമ്മിറ്റി കൺവീനർ ധാർഷ്ട്യത്തോടെ പെരുമാറുകയാണെന്നും  മഹല്ല് നിവാസികൾ ആരോപിക്കുന്നു.

LatestDaily

Read Previous

നീലേശ്വരം പള്ളിക്കെട്ടിട അഴിമതി കമ്മിറ്റി അംഗങ്ങളെല്ലാം മുങ്ങി

Read Next

യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയ പഞ്ചായത്ത് ജീവനക്കാരൻ റിമാന്റിൽ