രേഷ്മയെ ബിജു കൊച്ചിയിൽ കൊണ്ടുപോയില്ല

കാഞ്ഞങ്ങാട്: എണ്ണപ്പാറ മൊയാലം പ്രദേശത്ത് നിന്ന് 10 വർഷം മുമ്പ്  കാണാതായ ദളിത് പെൺകുട്ടി രേഷ്മയെ ഇപ്പോൾ സംശയ നിഴലിലുള്ള ബിജു പൗലോസ് കൊച്ചിയിൽ കൊണ്ടുപോയി താമസിപ്പിച്ചിട്ടില്ലെന്ന് പോലീസ് അന്വേഷണ സംഘം ഉറപ്പിച്ചു. രേഷ്മ കൊച്ചിയിൽ ഉണ്ടായിരുന്നുവെന്നത് വെറുമൊരു പുകമറ  മാത്രമാണ്.

തത്സമയം പ്ലസ് ടു കഴിഞ്ഞ ശേഷം കമ്പ്യൂട്ടർ കോഴ്സ് പഠിക്കാൻ കാഞ്ഞങ്ങാട്ട് വന്നിരുന്ന രേഷ്മയെ ബിജു പൗലോസ് ആദ്യം അജാനൂർ ഇഖ്ബാൽ ഹൈസ്കൂൾ റോഡിലും, പിന്നീട് അജാനൂരിലെ മടിയൻ റോഡിലുള്ള ക്വാർട്ടേഴ്സിലും താമസിപ്പിച്ചുവെന്നതിന് തെളിവുണ്ട്. ഈ രണ്ട് സ്ഥലങ്ങളിലും ഈ പെൺകുട്ടിയെ അപായപ്പെടുത്തി കാണാതാക്കാൻ ബിജു പൗലോസിന് തനിച്ച് സാധിക്കുകയുമില്ല. കാരണം രണ്ടിടത്തും ജനവാസ പ്രദേശത്താണ് ഇരുവരും വാടക വീട്ടിൽ താമസിച്ചത്.

കാണാതാകുമ്പോൾ രേഷ്മയ്ക്ക് പ്രായം 19 ആണ്.  ഒരു വർഷം മുമ്പ് ഈ കേസ്സന്വേഷിച്ച കാഞ്ഞങ്ങാട് ഡിവൈഎസ്പി, പി. കെ. സുധാകരൻ  ബിജു പൗലോസിനെ നുണപ്പരിശോധന നടത്താൻ ഹൊസ്ദുർഗ് ജുഡീഷ്യൽ  മജിസ്ട്രേറ്റ് കോടതിയിൽ ഹരജി നൽകിയിരുന്നു. കോടതി നിർദ്ദേശാനുസരണം അന്ന് ബിജു പൗലോസ്  കോടതിയിലെത്തിയെങ്കിലും,  നുണ പ്പരിശോധനയ്ക്ക് തയ്യാറല്ലെന്ന് അറിയിക്കുകയായിരുന്നു.

പിന്നീട് നിലച്ചുപോയ കേസ്സന്വേഷണം ഇപ്പോൾ വീണ്ടും പച്ചപിടിക്കാൻ കാരണം, ജില്ലയുടെ മലയോരത്തെ ദളിത് സംഘടനകൾ രേഷ്മയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഹൊസ്ദുർഗ് മിനി സിവിൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയതോടെയാണ്. മാർച്ചിന് ശേഷം രേഷ്മയുടെ മാതാവ് മകളെ കണ്ടെത്തണമെന്ന് കാണിച്ച് കേരള ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹരജി ഫയൽ ചെയ്തതോടെ ഹൈക്കോടതി നിർദ്ദേശാനുസരണം ബേക്കൽ ഡിവൈഎസ്പി, സി. കെ. സുനിൽ കുമാർ അന്വേഷണം ഏറ്റെടുക്കുകയും,  ബിജു പൗലോസിനെ പലവട്ടം  ഡിവൈഎസ്പി ചോദ്യം ചെയ്യുകയും ചെയ്തു.

ഒടുവിൽ രണ്ടാഴ്ച മുമ്പ് ബിജുവിനെ നുണപ്പരിശോധന നടത്തണമെന്ന ആവശ്യവുമായി പോലീസ് ഹൊസ്ദുർഗ് കോടതിയെ സമീപിക്കുകയും, ബിജു പൗലോസിന് വേണ്ടി  പ്രമുഖ അഭിഭാഷകൻ ബി. ഏ. ആളൂർ  ഹൊസ്ദുർഗ് കോടതിയിൽ ഹാജരായി  വാദിക്കുകയും ചെയ്തതോടെ ബിജുവിനെ നുണപ്പരിശോധന നടത്തണമെന്ന ഹരജി കോടതി തള്ളിക്കളയുകയും ചെയ്തു. കീഴ്ക്കോടതി തള്ളിക്കളഞ്ഞ നുണപ്പരിശോധനാ ഹരജിയിൽ പോലീസ് ജില്ലാ കോടതിയിൽ അപ്പീൽ നൽകാനുള്ള ശ്രമത്തിലാണ്. ബിജു പൗലോസ് പാണത്തൂർ സ്വദേശിയാണ്. നേരത്തെ ഗൾഫിലായിരുന്നു.   

Read Previous

ആർഎസ്എസ് മിന്നൽ മാർച്ച് പോലീസിന് നേരത്തെ ചോർന്നു കിട്ടി

Read Next

സൈന്യത്തിന്റെ പേരിൽ തട്ടിപ്പിന് ശ്രമം പച്ചക്കറി വ്യാപാരി ശ്രമം പൊളിച്ചു