രേഷ്മ കൊല്ലപ്പെട്ടിരിക്കാമെന്ന് മാതാപിതാക്കൾ

കാഞ്ഞങ്ങാട്: കോടോം- ബേളൂർ എണ്ണപ്പാറ  മൊയോളം കോളനിയിലെ രേഷ്മയുടെ തിരോധാനത്തിൽ പതിനൊന്ന് വർഷത്തിന് ശേഷവും തുമ്പ് ലഭിക്കാത്ത സാഹചര്യത്തിൽ കേസ്സന്വേഷണം ത്രിശങ്കുവിൽ. രേഷ്മ തിരോധാനക്കേസ്സിൽ  നുണപരിശോധനയ്ക്ക് വിധേയനാകാൻ വിസമ്മതിച്ച  ബിജുപൗലോസിന്റെ നിലപാടിൽ ദുരൂഹതയുള്ളതിനാൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന ആവശ്യവും ശക്തമാണ്.

മൊയോളം കോളനിയിലെ  തെങ്ങുകയറ്റ തൊഴിലാളി രാമന്റെയും കല്ല്യാണിയുടെയും മകളായ രേഷ്മയെ പാണത്തൂർ സ്വദേശി ബിജുപൗലോസ് വിവാഹവാദ്ഗാനം നൽകിയാണ് കൂടെ കൊണ്ടുപോയത്. മഡിയനിൽ ഭാര്യാഭർത്താക്കൻമാരെപ്പോലെ ഇരുവരും ജീവിക്കുന്നതിനിടെയാണ് ബിജുപൗലോസ് രേഷ്മയെ ജോലി വാഗ്ദാനം ചെയ്ത് എറണാകുളത്തേക്ക് കൊണ്ടുപോയത്. 2010-ലാണ് പ്ലസ്ടു കഴിഞ്ഞ രേഷ്മയെ കാണാതായത്.

ഭാര്യയും മക്കളുമുള്ള ബിജുപൗലോസ് മകളെ കൊല ചെയ്തിരിക്കാമെന്നാണ് മാതാപിതാക്കൾ ഭയക്കുന്നത്. അമ്പലത്തറ പോലീസിൽ രേഷ്മയെ കാണാതായത് സംബന്ധിച്ച് നൽകിയ പരാതിയിൽ കാര്യമായ അന്വേഷണങ്ങളൊന്നും നടന്നിരുന്നില്ല.  ഏറ്റവുമൊടുവിൽ വിഷയം ദളിത് സംഘടനകൾ ഏറ്റുപിടിച്ചതോടെയാണ് കേസ്സന്വേഷണം ബേക്കൽ ഡിവൈഎസ്പി, സി. കെ. സുനിൽ കുമാർ ഏറ്റെടുത്തത്. ബിജുവിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന്  പോലീസ് രണ്ടു തവണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇദ്ദേഹം നുണപരിശോധനയ്ക്ക് തയ്യാറായില്ല.

പി. കെ. സുധാകരൻ കാഞ്ഞങ്ങാട് ഡിവൈഎസ്പി ആയിരിക്കുമ്പോഴും, ബിജുവിനെ നുണ പരിശോധനയ്ക്ക്  വിധേയമാക്കാൻ കോടതിയിൽ അപേക്ഷ നൽകിയത്. നിലവിൽ കേസ്സന്വേഷിക്കുന്ന ബേക്കൽ ഡിവൈഎസ്പി, സി. കെ. സുനിൽ കുമാറിന്റെ അപേക്ഷയും ബിജുപൗലോസിന്റെ വിസ്സമ്മതത്തെ തുടർന്ന് കോടതി നിരസിച്ചത്. ബിജു പൗലോസ് എറണാകുളത്തേക്ക് കൊണ്ടുപോയ രേഷ്മ എവിടെയെന്ന് രക്ഷിതാക്കൾക്കോ പോലീസിനോ യാതൊരു വിവരവുമില്ല.

രേഷമയെ ബിജുപൗലോസ് സെക്സ് മയക്കുമരുന്ന് റാക്കറ്റുകൾക്ക് കൈമാറിയിട്ടുണ്ടാകാമെന്ന ഭയവും നിലനിൽക്കുന്നുണ്ട്.   ക്രിമിനലുകൾക്ക് വേണ്ടി വക്കാലത്തെടുക്കുന്ന അഭിഭാഷകൻ  ബി. ഏ. ആളൂർ ബിജു പൗലോസിന് വേണ്ടി ഹാജരായിരുന്നു. ശാസ്ത്രീയമായ പരിശോധനയിലൂടെ രേഷ്മ തിരോധാനക്കേസ്സിന്റെ ചുരുൾ നിവർത്താൻ കഴിയുമെന്നാണ് ദളിത് സംഘടനകളും പ്രതീക്ഷിക്കുന്നത്.

ബിജു പൗലോസ് നുണ പരിശോധനയ്ക്ക് വിസമ്മതിക്കുന്നതിന് ശക്തമായ കാരണങ്ങളുണ്ടെന്നും ദളിത് സംഘടനകൾ ആരോപിക്കുന്നു. മകളെ തട്ടിക്കൊണ്ടുപോയ ബിജു പൗലോസിനെ രക്ഷിതാക്കൾ നേരിട്ട് കണ്ടിട്ടില്ല. മകൾ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് രക്ഷിതാക്കൾ ഭയക്കുന്നത്. ഇവരുടെ ആശങ്കയകറ്റേണ്ട ഉത്തരവാദിത്തം ആഭ്യന്തരവകുപ്പിനാണ്.

LatestDaily

Read Previous

പള്ളിനിർമ്മാണത്തിൽ അഴിമതി ഒന്നേ കാൽ കോടിക്ക് മുകളിൽ അഴിമതി

Read Next

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ കെ. റെയിൽ വിരുദ്ധ സംഗമം