പള്ളിനിർമ്മാണത്തിൽ അഴിമതി ഒന്നേ കാൽ കോടിക്ക് മുകളിൽ അഴിമതി

നീലേശ്വരം : നീലേശ്വരം ഹൈവേ ജംഗ്ഷന് സമീപം  തർബിയത്തൂൽ ഇസ്ലാം സഭ നിർമ്മിച്ച നീലേശ്വരം മുഹയുദ്ദീൻ  ജുമാമസ്ജിദിന്റെ  നിർമ്മാണത്തിൽ അഴിമതിയാരോപിച്ച് ജമാഅത്ത് നിവാസികൾ വഖഫ് ബോർഡിന് നൽകിയ പരാതിയിൽ ജമാഅത്ത് കമ്മിറ്റി ഒന്നും മിണ്ടുന്നില്ല. പള്ളി നിർമ്മാണത്തിൽ   അഴിമതിയാരോപിച്ച് മഹല്ല് നിവാസികൾ സംസ്ഥാന വഖഫ് ബോർഡ്  ചെയർമാന്  നൽകിയ  പരാതിയിൽ 2021 നവമ്പർ മാസത്തിലാണ് വഖഫ് ബോർഡ് പള്ളിക്കമ്മിറ്റിയോട് വിശദീകരണമാവശ്യപ്പെട്ടത്.

നോട്ടീസ് ലഭിച്ച് രണ്ട് മാസം കഴിഞ്ഞിട്ടും ജമാഅത്ത് കമ്മിറ്റി  വഖഫ് ബോർഡിന്  വിശദീകരണം നൽകിയില്ല. വഖഫ് ബോർഡിൽ 148/ ആർ.ഏ നമ്പറായി രജിസ്റ്റർ ചെയ്തിട്ടുള്ളതാണ് നീലേശ്വരം ഹൈവേ ജംഗ്ഷനിലെ മുഹയുദ്ദീൻ ജമാഅത്ത് പള്ളി. വഖഫിന്റെ ഭരണഘടനയ്ക്ക് വിരുദ്ധമായി പള്ളിക്കമ്മിറ്റിയെ തെരഞ്ഞെടുത്തതിന്റെ പേരിൽ മറ്റൊരു പരാതിയും ജമാഅത്ത് കമ്മിറ്റിക്കെതിരെയുണ്ട്. ഇത് സംബന്ധിച്ച് ഹൊസ്ദുർഗ് കോടതിയിൽ  വ്യവഹാരവും നിലനിൽക്കുന്നുണ്ട്.

വഖഫ് ബോർഡിന് ലഭിച്ച പരാതിയിൽ 7 ദിവസങ്ങൾക്കുള്ളിൽ വിശദീകരണം നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെങ്കിലും 2 മാസം കഴിഞ്ഞിട്ടും ജമാഅത്ത് ഭാരവാഹികൾ വഖഫ്  ബോർഡിന് വിശദീകരണം നൽകിയിട്ടില്ല.പള്ളി നിർമ്മാണത്തിന് വഖഫ് ബോർഡിന്റെ   മുൻകൂർ   അനുമതി വാങ്ങിയില്ലെന്നും വിവരമുണ്ട്. തർബിയത്തുൽ   ഇസ്ലാം സഭയുടെ  അധീനതയിലുള്ള നീലേശ്വരം മുഹയുദ്ദീൻ ജുമാമസ്ജിദ് കെട്ടിടം പുനർ നിർമ്മാണത്തിനായി  4 വർഷം മുമ്പാണ് പുനർ  നിർമ്മാണക്കമ്മിറ്റി നിലവിൽ വന്നത്. സി.കെ.അബ്ദുൾ ഖാദർ ഹാജി കൺവീനറും, സി.എച്ച്.അബ്ദുൾ റഷീദ് ഹാജി വൈസ് ചെയർമാനും, കെ.സെലു ജോയിന്റ് കൺവീനറും, പി. അഹമ്മദ് രക്ഷാധികാരിയുമായിട്ടുള്ള കമ്മിറ്റിക്കായിരുന്നു നിർമ്മാണ ചുമതല.

15000 സ്ക്വയർ ഫീറ്റുള്ള കെട്ടിടത്തിന്  സ്ക്വയർ ഫീറ്റിന് 850 രൂപ നിരക്കിൽ  നിശ്ചയിച്ചാണ് നിർമ്മാണമേൽപ്പിച്ചത്. പള്ളി നിർമ്മാണത്തിന്  മഹല്ല്  നിവാസികളിൽ  നിന്നും  പ്രവാസികളിൽ നിന്നും, കച്ചവടക്കാരിൽ നിന്നും വൻതുക ശേഖരിച്ചിരുന്നു. 2021 ലാണ് പള്ളി നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം നടത്തിയത്. മുൻ നിശ്ചയിച്ച നിരക്ക് പ്രകാരം 1,27,50,000 രൂപയാണ് പള്ളിയുടെ  നിർമ്മാണച്ചെലവാകേണ്ടതെങ്കിലും, നിർമ്മാണക്കമ്മിറ്റി അവതരിപ്പിച്ച കണക്ക് 3 കോടിയുടേതായിരുന്നു.

നിർമ്മാണക്കണക്കിലെ അന്തരത്തെ തുടർന്നാണ് മഹല്ല് നിവാസികൾ വഖഫ് ബോർഡ് ചെയർമാന് പരാതി നൽകിയത്. പള്ളി നിർമ്മാണത്തിൽ വൻ അഴിമതിയുണ്ടെന്നാണ് ഒരു വിഭാഗം മഹല്ല് നിവാസികളുടെ പരാതി. ജമാഅത്ത് പൊതുയോഗത്തിൽ പള്ളി നിർമ്മാണത്തിന്റെ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചിട്ടില്ലെന്നും ജമാഅത്ത് നിവാസികൾ വഖഫ് ബോർഡിന് നൽകിയ പരാതിയിൽ പറയുന്നു.

പള്ളി നിർമ്മാണത്തിലെ അഴിമതിയിൽ വഖഫ് ബോർഡ് ഇടപെട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട കണക്കുകളുടെ സുതാര്യത ഉറപ്പ് വരുത്തണമെന്നാണ് ജമാഅത്ത് നിവാസികളുടെ ആവശ്യം. അഴിമതി നീലേശ്വരത്ത് വിശ്വാസികളാൽ പുകഞ്ഞു കത്തുകയാണ്.

LatestDaily

Read Previous

സിപിഎം ജില്ലാ സമ്മേളനം പൊതു സ്ഥലത്തേക്ക് മാറ്റി ടെന്റ് കെട്ടി

Read Next

രേഷ്മ കൊല്ലപ്പെട്ടിരിക്കാമെന്ന് മാതാപിതാക്കൾ