ഐ.എൻ.എല്ലിന് ജില്ലയിൽ സമാന്തര കമ്മിറ്റി

എം.കെ. ഹാജി തൃക്കരിപ്പൂർ പ്രസിഡണ്ട്. അമീർ കോടി ജനറൽ സിക്രട്ടറി, ഔദ്യോഗിക വിഭാഗം നടത്തുന്ന മെമ്പർഷിപ്പ് പ്രവർത്തനം ബഹിഷ്കരിക്കും, കേരളത്തിലെ ആദ്യത്തെ സമാന്തര കമ്മിറ്റി കാസർകോട്ട്

കാഞ്ഞങ്ങാട്: ഐഎൻഎല്ലിലെ വിഭാഗീയതയുടെ ഭാഗമായി ജില്ലയിൽ ഏപി അബ്ദുൾ വഹാബിനെ അനുകൂലിക്കുന്നവരുടെ  സമാന്തര കമ്മിറ്റി നിലവിൽ വന്നു. ഐഎൻഎൽ പ്രവാസി സംഘടനയായ ഐഎംസിസിയുടെ ജിസിസി നേതാവ് സത്താർ കുന്നിലിന്റെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിലാണ് സമാന്തര കമ്മിറ്റി നിലവിൽ വന്നത്.

എം.കെ. ഹാജി തൃക്കരിപ്പൂർ പ്രസിഡണ്ടായും ,അമീർ കോടി ജനറൽ സിക്രട്ടറിയുമായ ജില്ലാക്കമ്മിറ്റിക്കാണ് വഹാബിനെ അനുകൂലിക്കുന്നവർ രൂപം നൽകിയത്. ഐഎൻഎൽ ഔദ്യോഗിക വിഭാഗത്തിന്റെ നേതൃത്വത്തിൽ  നടക്കുന്ന മെമ്പർഷിപ്പ്  പ്രവർത്തനങ്ങളിൽ പങ്കെടുക്കേണ്ടതില്ലെന്ന് വിമത വിഭാഗം തീരുമാനിച്ചു.

ഐഎൻഎല്ലിലെ അബ്ദുൾ വഹാബ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം സമാന്തര കമ്മിറ്റികൾ രൂപീകരിക്കാൻ  നീക്കമുള്ളതായി സൂചനയുണ്ട്. ഇതിന്റെ ആദ്യപടിയാണ്  കാസർകോട് ജില്ലയിൽ വഹാബിനെ അനുകൂലിക്കുന്നവർ  സമാന്തര കമ്മിറ്റി രൂപീകരിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഐഎൻഎല്ലിന് സമാന്തര കമ്മിറ്റി രൂപീകരിക്കുന്നത്.

ഏറെ കാലത്തെ ഇടതുമുന്നണി സഹവാസത്തിന് ശേഷമാണ് ഐഎൻഎല്ലിന് ഇടതുമുന്നണിയിൽ പ്രവേശനം കിട്ടിയത്. അഹമ്മദ് ദേവർകോവിലിന് തുറമുഖ വകുപ്പ്  നൽകി, ഇടതു മുന്നണി ഐഎൻ എല്ലിന് മന്ത്രി സഭയിൽ അർഹമായ പ്രാതിനിധ്യവും നൽകി. ഇടതു മുന്നണി പ്രവേശനം മുതൽ  ഐഎൻഎല്ലിനകത്ത്  നടക്കുന്ന ഗ്രൂപ്പ് യുദ്ധങ്ങളുടെ ഭാഗമായാണ് കാസർകോട് ജില്ലയിൽ അബ്ദുൾ വഹാബ് അനുകൂലികൾ സമാന്തര ജില്ലാക്കമ്മിറ്റിയുണ്ടാക്കിയത്.

കോഴിക്കോട്ടെ പാർട്ടി ആസ്ഥാനത്തിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി കോടതിവ്യവഹാരങ്ങൾ നടന്നത് പാർട്ടിയിലെ ഗ്രൂപ്പ് വഴക്കിനെത്തുടർന്നാണ്. കാന്തപുരം അബൂബക്കർ മുസ്്ലിയാരടക്കമുള്ള നിരവധി മധ്യസ്ഥരുടെ ശ്രമഫലമായാണ് ഐഎൻഎല്ലിലെ ഗ്രൂപ്പ്  യുദ്ധം താൽക്കാലികമായി കെട്ടടങ്ങിയത്.  വഹാബ് അനുകൂലികൾ കാസർകോട്ട് സമാന്തര ജില്ലാക്കമ്മിറ്റി രൂപീകരിച്ചതോടെ ഐഎൻഎല്ലിലെ ഗ്രൂപ്പ് വഴക്ക് തുറന്ന യുദ്ധത്തിലെത്താൻ സാധ്യതയുണ്ട്.

പാർട്ടി സംസ്ഥാന നേതാവ് എം.ഏ ലത്തീഫിന്  ബോർഡ് ചെയർമാൻ സ്ഥാനം നൽകുന്നതിനെതിരെയും  ഗ്രൂപ്പുകൾക്കുള്ളിൽ അതൃപ്തി പുകയുന്നുണ്ട്. ഐഎൻഎൽ  കാസർകോട് ജില്ലാ നേതാക്കളായ മൊയ്തീൻകുഞ്ഞി കളനാട്,  അസീസ് കടപ്പുറം, എന്നിവർക്കെതിരെയും  പാർട്ടിക്കകത്ത് കലാപമുയർന്നിട്ടുണ്ട്. ഐഎൻഎല്ലിലെ ഗ്രൂപ്പുകൾ തമ്മിലുള്ള യുദ്ധം. ഇടതു മുന്നണിയെ അസ്വസ്ഥരാക്കുന്നുണ്ട്. രണ്ടരവർഷത്തേക്കാണ് അഹമ്മദ് ദോവർകോവിലിന് മന്ത്രി പദവി നൽകിയിരിക്കുന്നത്.

ഐഎൻഎല്ലിലെ തമ്മിലടി തുടർന്നാൽ പാർട്ടിക്ക് നൽകിയ മന്ത്രി സ്ഥാനം തിരിച്ചെടുത്ത് പാർട്ടിയെ ഇടതുമുന്നണിയിൽ നിന്ന് പുറത്താക്കിയാലും അതിശയിക്കാനില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ഐ.എൻ എല്ലിലെ തമ്മിലടിക്കെതിരെ ഇടതുമുന്നണി ഒരു തവണ മുന്നറിയിപ്പ് നൽകിയിരുന്നു. കാൽ നൂറ്റാണ്ടോളം  ഇടതു മുന്നണിയെ പിന്താങ്ങിയതിന് ശേഷമാണ് ഐഎൻഎല്ലിന് മുന്നണി പ്രവേശനം ലഭിച്ചത്. അർഹിക്കുന്ന അംഗീകാരവും ഇവർക്ക് ലഭിച്ചു. ഗ്രൂപ്പ് വൈരാഗ്യങ്ങൾ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിച്ചാൽ  ഇടതു മുന്നണി നോക്കിയിരിക്കാനിടയില്ല.

LatestDaily

Read Previous

ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് ബിജെപി സംസ്ഥാന സെക്രട്ടറിയുടെ സഹോദരൻ മരിച്ചു

Read Next

പോലീസിന് നേരെ അക്രമം; 7 പേർ പിടിയിൽ