അതിഥി തൊഴിലാളികളിൽ നിരീക്ഷണം കർശനമാക്കി

തൃക്കരിപ്പൂർ: ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ അതിഥി തൊഴിലാളികൾക്കിടയിൽ പരിശോധന കർശനമാക്കി  പോലീസ്. അതിഥി തൊഴിലാളികളെക്കുറിച്ചുള്ള വിവരശേഖരണം നടക്കുന്നതിനിടെ ഇവർക്ക്മേൽ  നിരീക്ഷണം  ശക്തമാക്കിയിട്ടുണ്ട്.

അതിഥി തൊഴിലാളികൾ ധാരാളമായുള്ള തൃക്കരിപ്പൂർ, പടന്ന, ഉടുമ്പുന്തല, ആയിറ്റി, മട്ടമ്മൽ, ഒളവറ, മാവിലാക്കടപ്പുറം, ഒാരി മുതലായ സ്ഥലങ്ങളിൽ ചന്തേര  പോലീസ് ഇൻസ്പെക്ടർ പി. നാരായണന്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികളെ  നാട്ടിലെത്തിക്കുന്ന ലേബർ ഏജന്റുമാരെ വിളിച്ചുവരുത്തി തൊഴിലാളികളെക്കുറിച്ചുള്ള പൂർണ്ണമായ വിവരങ്ങൾ ശേഖരിക്കാനാണ് പോലീസിന്റെ നീക്കം.

250 ൽ അധികം  അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ ചന്തേര പോലീസ് ശേഖരിച്ചിട്ടുണ്ട്. തൊഴിലാളികളുടെ അഡ്രസ് വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളുടെ കൃത്യമായ വിവരം സൂക്ഷിക്കാത്ത ലേബർ ഏജന്റുമാർക്കെതിരെയും, അഡ്രസ് ചോദിച്ചറിയാതെ അതിഥി തൊഴിലാളികൾക്ക് താമസ സൗകര്യം നൽകുന്നവർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കാനാണ് പോലീസ് നീക്കം.

കിഴക്കമ്പലം കിറ്റക്സിൽ അന്യ സംസ്ഥാനത്തൊഴിലാളികൾ പോലീസ് ജീപ്പ് കത്തിക്കുകയും, ക്രമസമാധാന പാലനത്തിനെത്തിയ പോലീസുദ്യോഗസ്ഥരുടെ തല തല്ലിത്തകർക്കുകയും ചെയ്ത സാഹചര്യത്തിലാണ് സംസ്ഥാനത്തുടനീളം ഇതര സംസ്ഥാനത്തൊഴിലാളികളുടെ സാമൂഹ്യ പശ്ചാത്തലവും, ക്രിമിനൽ പശ്ചാത്തലവും അന്വേഷിക്കാൻ പോലീസിന് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിലും ഇതര സംസ്ഥാനത്തൊഴിലാളികളുടെ വിവര ശേഖരണം നടന്നത്.

അതിഥി തൊഴിലാളികൾ നിയമ വ്യവ്സ്ഥ വരെ കയ്യിലെടുത്ത സാഹചര്യത്തിൽ ഇവർക്ക് മേൽ പോലീസിന്റെ നിരീക്ഷണം ശക്തമാക്കാനാണ് പോലീസിന്റെ നീക്കം. അതിഥി തൊഴിലാളികളുൾപ്പെട്ട നിരവധി ക്രിമിനൽ കേസ്സുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.

LatestDaily

Read Previous

ഭർത്താവ് ഒാടിച്ച ഒാട്ടോ മറിഞ്ഞ് ഭാര്യ മരിച്ചു

Read Next

കാഞ്ഞങ്ങാട് നഗരസഭ മുട്ടക്കോഴി വിതരണത്തിൽ കൗൺസിലർമാരുടെ ബന്ധുക്കൾക്കും വേണ്ടപ്പെട്ടവർക്കും മുന്തിയ പരിഗണന