കഞ്ചാവ് മാഫിയയിലെ കണ്ണി പിടിയിൽ

സ്വന്തം ലേഖകൻ

ഉദുമ: ജില്ലയിലേക്ക് കഞ്ചാവെത്തിച്ച് വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍. പെരിയ ചെര്‍ക്കാപ്പാറ രാരപ്പനടുക്കത്തെ കുഞ്ഞഹമ്മദിന്റെ മകൻ  അസ്രു എന്ന എ. ജി. അസ്ഹറുദ്ദീനെയാണ് 24, ബംഗളൂരുവില്‍ നിന്ന് ബേക്കല്‍  പോലീസ് പിടികൂടിയത്.

ബേക്കല്‍ ഡി വൈ എസ് പി സി കെ സുനില്‍ കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍സ്പെക്ടര്‍ വിപിന്‍ യു പിയുടെ നിര്‍ദ്ദേശാനുസരണം ബേക്കല്‍ എസ് ഐ എം രജനീഷും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സന്തോഷ് കെ ഡോണ്‍, സനീഷ് കുമാര്‍ എന്നിവരും ചേര്‍ന്നാണ് പ്രതിയെ ബംഗളൂരു മടിവാളയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.

ആഗസ്റ്റ് 7-ന് അസ്ഹറുദ്ദീന്റെ വീട്ടില്‍ വില്‍പനക്കായി സൂക്ഷിച്ച 2 കിലോ കഞ്ചാവ് ബേക്കല്‍ പോലീസ് പിടികൂടിയിരുന്നു. ഈ കേസില്‍ ഒന്നാം പ്രതിയായ അസ്ഹറുദ്ദീന്‍ അന്ന് ഒളിവില്‍ പോവുകയും രണ്ടാം പ്രതി നാസറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കഞ്ചാവെത്തിച്ച് വില്‍പ്പന നടത്തുന്ന അസ്ഹറുദ്ദീന്‍ പിടിയിലായത്.

കഴിഞ്ഞ ദിവസം റിസോർട്ട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിയ പടന്നക്കാട്ടെ റിയാസിനെ ബേക്കൽ പോലീസ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലയിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ അഹ്ഹറുദ്ദീനെ കൂടി ബംഗളൂരുവിൽ നിന്നും പിടികൂടിയത്.

Read Previous

ഇഡ്ഡലി ഫെസ്റ്റ് ഒരുക്കി കെ.ടി.ഡി.സി

Read Next

സർക്കാർ വീഴ്ചകൾ അക്കമിട്ട് പറഞ്ഞ് സിപിഐ