രേഷ്മ തിരോധാനത്തിൽ ദുരൂഹത ഇരട്ടിച്ചു

കാഞ്ഞങ്ങാട്: കോടോം- ബേളൂർ മൊയോളത്തെ ദളിത് പെൺകുട്ടി രേഷ്മയുടെ തിരോധാനത്തിൽ സംശയ നിഴലിൽ നിൽക്കുന്ന പാണത്തൂർ സ്വദേശി ബിജു പൗലോസ് നുണപരിശോധനയ്ക്ക് വഴങ്ങാതെ വന്നതോടെ സംഭവത്തിൽ ദുരൂഹത ഇരട്ടിച്ചു. മൊയോളം കോളനിയിലെ രേഷ്മയെ കാണാതായിട്ട് 10 വർഷം കഴിഞ്ഞിട്ടും തിരോധാനത്തിൽ ഇതുവരെ തുമ്പൊന്നുമായിട്ടില്ല.

കോടോം- ബേളൂർ പഞ്ചായത്തിലെ എണ്ണപ്പാറ മൊയോളം കോളനിയിലെ രേഷ്മയെ പാണത്തൂർ സ്വദേശിയായ ബിജു പൗലോസിനൊപ്പം താമസിക്കുമ്പോഴാണ് കാണാതായത്.  പ്ലസ്ടു വിദ്യാഭ്യാസം കഴിഞ്ഞ പെൺകുട്ടിയെ കമ്പ്യൂട്ടർ പഠിപ്പിക്കാനെന്ന വ്യാജേനയാണ് ബിജു പൗലോസ് കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുവന്നത്. ബിജുപൗലോസിനൊപ്പം അജാനൂർ മഡിയനിലും ഇഖ്ബാൽ റോഡിലും  താമസിച്ച പെൺകുട്ടിയെ ഒടുവിൽ എറണാകുളത്തേക്കാണ് കൊണ്ടുപോയത്.

എറണാകുളത്ത് നിന്ന് രേഷ്മയെ കാണാതാകുമ്പോൾ പ്രായം 18. ഇതിന് ശേഷം പെൺകുട്ടിെയക്കുറിച്ചുള്ള യാതൊരു വിവരവും ലഭ്യമായിട്ടില്ല. മകളെ കാണാത്തതിനെ തുടർന്ന് മൊയോളം കോളനിയിലെ രാമൻ അമ്പലത്തറ പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. ദളിത് സംഘടനകൾ  വിഷയം ഏറ്റെടുത്തതോടെയാണ് രേഷ്മ തിരോധാനക്കേസ്സിന് വീണ്ടും ചൂടുപിടിച്ചത്. ബിജു പൗലോസ് കേസ്സന്വേഷണത്തിൽ സഹകരിക്കാത്തതിനെ തുടർന്നാണ് ബേക്കൽ  ഡിവൈഎസ്പി, സി. കെ. സുനിൽകുമാർ ബിജുവിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ കോടതിയുടെ അനുമതി തേടിയത്. പോലീസിന്റെ അനുമതിയിൽ ബിജു പൗലോസിന് വേണ്ടി കേസ്സ് വാദിക്കാനെത്തിയത് ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന ക്രിമിനൽ അഭിഭാഷകൻ  ബി. ഏ. ആളൂരാണെന്നതാണ് സംഭവത്തിലെ ദുരൂഹത വർധിക്കാൻ കാരണം.

കാണാതായ രേഷ്മ എവിടെയെന്നതിനെക്കുറിച്ച് അറിയാവുന്ന ഏക വ്യക്തി ബിജുപൗലോസ് മാത്രമാണ്. കേസ്സന്വേഷണവുമായി സഹകരിക്കുകയോ നുണപരിശോധനയ്ക്ക് വഴങ്ങുകയോ ചെയ്യാത്ത ഇദ്ദേഹം എന്തൊക്കെയോ ഒളിച്ചുവെക്കുന്നുണ്ടെന്ന് തീർച്ചയാണ്. രേഷ്മ ജീവനോടെയുണ്ടെങ്കിൽ അതും കോടതിയിൽ വെളിപ്പെടുത്തേണ്ട ബാധ്യത ബിജുപൗലോസിനുണ്ട്.

രേഷ്മയോടൊപ്പം വിവിധ സ്ഥലങ്ങളിൽ മാറിമാറി താമസിച്ച ഇദ്ദേഹം പെൺകുട്ടിയെ എറണാകുളത്തേക്ക് കൊണ്ടുപോയ ശേഷം കുടുംബാംഗങ്ങൾക്ക് വിവരങ്ങളൊന്നുമില്ല. രേഷ്മയുടെ വരവും കാത്ത് ഒരു ദശാബ്ദത്തോളമായി കണ്ണിലെണ്ണയൊഴിച്ചിരിക്കുന്ന കുടുംബത്തിന്റെ ആകുലതകൾക്ക് പരിഹാരമാകണമെങ്കിൽ നിയമസംവിധാനങ്ങൾ തന്നെ കനിയണം. രേഷ്മ ജീവനോടെയുണ്ടെങ്കിൽ കുടുംബത്തിനെ തിരിച്ചേൽക്കുന്ന ബാധ്യത പെൺകുട്ടിയെ കൂടെ താമസിപ്പിച്ച ബിജു പൗലോസിനുമുണ്ട്.

Read Previous

വിശ്വം സംഗീതമയമാക്കിയ വിശ്വൻ

Read Next

കാഞ്ഞങ്ങാട് ടൗണിലെ തെരുവ് വിളക്കുകൾ കത്തിക്കുന്നതിന് സാധ്യതാ പഠനം നടത്തുകയാണെന്ന് സിക്രട്ടറി ചാർജ്