ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: അമ്പലത്തറയിൽ പ്രവർത്തിക്കുന്ന പുല്ലൂർ പോസ്റ്റ് ഓഫീസിൽ വനിതാ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ സുകന്യ സമൃദ്ധി അക്കൗണ്ടിലെ പണം വെട്ടിച്ചത് കണ്ടുപിടിക്കാൻ പോസ്റ്റ് ഓഫീസിൽ വർഷംതോറും പരിശോധനയ്ക്കെത്തുന്ന ഉദ്യോഗസ്ഥർക്കും കഴിഞ്ഞില്ല. 2015 മുതൽ 2021 വരെയുള്ള കാലയളവിൽ സുകന്യ സമൃദ്ധി അക്കൗണ്ടിൽ നിക്ഷേപിച്ച എട്ട് ലക്ഷത്തോളം രൂപയാണ് ഈ വനിതാ പോസ്റ്റ് മാസ്റ്റർ വെട്ടിച്ചത്.
ഒരു വയസ് മുതൽ പത്ത് വയസ്സുവരെയുള്ള പെൺകുട്ടികൾക്കായി കേന്ദ്രസർക്കാർ ആവിഷ്ക്കരിച്ച നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധിയോജന. ഒരു വർഷം ചുരുങ്ങിയത് 1000 രൂപ മുതൽ ഒന്നര ലക്ഷം വരെ അക്കൗണ്ടിൽ നിക്ഷേപിക്കാം. പെൺകുട്ടികൾക്ക് 21 വയസ് പൂർത്തിയാകുമ്പോൾ അടച്ച തുക പലിശ സഹിതം തിരികെ ലഭിക്കുന്ന നിക്ഷേപ പദ്ധതിയാണിത്.
പുല്ലൂർ പോസ്റ്റ് ഓഫീസിലെ വനിതാ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ നിരവധി പേരിൽ നിന്ന് നിക്ഷേപ പദ്ധതിയിലേക്ക് പണം സ്വീകരിച്ചിരുന്നുവെങ്കിലും, പിരിച്ചെടുത്ത നിക്ഷേപത്തുക പ്രധാന അക്കൗണ്ട് ഓഫീസായ ആനന്ദാശ്രമം സബ്ബ് പോസ്റ്റ് ഓഫീസിൽ അടച്ചില്ല. നിക്ഷേപകർക്ക് പാസ്ബുക്കിൽ തുക അടയാളപ്പെടുത്തി നൽകുകയും, പോസ്റ്റ് ഓഫീസിന്റെ സീൽ പതിച്ച് നൽകുകയും ചെയ്തിരുന്നുവെങ്കിലും, പണം എത്തേണ്ടിടത്ത് എത്തിയില്ല.
2021 മാർച്ച് മാസത്തിൽ പദ്ധതിയിൽ പണം നിക്ഷേപിച്ച അംഗൺവാടി അധ്യാപിക സംശയം തോന്നി കാഞ്ഞങ്ങാട് മുഖ്യ തപാൽ ഓഫീസിൽ അന്വേഷണം നടത്തിയപ്പോഴാണ് പുല്ലൂർ പോസ്റ്റ് ഓഫീസിൽ നിക്ഷേപിച്ച പണം ഇവരുടെ അക്കൗണ്ടിലെത്തിയിട്ടില്ലെന്ന് കണ്ടെത്തിയത്. ഇതേതുടർന്നാണ് തപാൽ വകുപ്പ് വനിതാ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർക്കെതിരെ അന്വേഷണമാരംഭിച്ചത്.
പുല്ലൂർ പോസ്റ്റ് ഓഫീസ് പരിധിയിലെ എൺപതോളം പേർ തട്ടിപ്പിനിരയായിട്ടുണ്ട്. ഇവരിൽ ചെറുതും വലുതുമായ നിക്ഷേപങ്ങൾ നടത്തിയവരുണ്ട്. ഇവർക്ക് പാസ്ബുക്ക് നൽകിയിട്ടുണ്ടെങ്കിലും, അക്കൗണ്ടിൽ പണമെത്തിയിട്ടില്ല. ബ്രാഞ്ച് പോസ്റ്റ് ഓഫീസിൽ സ്വീകരിച്ച നിക്ഷേപം മുഴുവൻ പോസ്റ്റൽ ജീവനക്കാരി തട്ടിയെടുത്തു. ഇവരെ പുല്ലൂർ പോസ്റ്റ് ഓഫീസ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ പദവിയിൽ നിന്ന് മാറ്റി നിർത്തിയിട്ടുണ്ട്. 2015 മുതൽ 2021 വരെയുള്ള കാലയളവിൽ പുല്ലൂർ തപാലോഫീസിൽ പലതവണ പരിശോധന നടന്നിട്ടുണ്ടെങ്കിലും, നാട്ടുകാരുടെ അക്കൗണ്ടിൽ നടന്ന തട്ടിപ്പ് കണ്ടെത്താൻ കഴിയാത്തത് ഉദ്യോഗസ്ഥരുടെ അനാസ്ഥ മുലമാണെന്ന് ആക്ഷേപമുണ്ട്.
പോസ്റ്റൽ വകുപ്പിന്റെ സബ്ബ് ഡിവിഷണൽ ഇൻസ്പെക്ടർമാരാണ് ഓരോ വർഷവും ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളിൽ പരിശോധന നടത്തുന്നത്. സമൃദ്ധി സേവിങ്ങ്സ് അക്കൗണ്ടിൽ പണം സ്വീകരിച്ചു കഴിഞ്ഞാൽ അതിന്റെ സ്ലിപ്പുകൾ അക്കൗണ്ട് ഓഫീസിലെത്തിച്ച് തുക അക്കൗണ്ടിൽ വരവ് വെക്കേണ്ട ചുമതല ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർക്കാണെങ്കിലും, പുല്ലൂർ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ നിക്ഷേപത്തുക സ്വന്തം കാര്യത്തിനായി ഉപയോഗിക്കുകയായിരുന്നു. നിക്ഷേപത്തുക ആരോപണ വിധേയയായ വനിതാ ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററിൽ നിന്ന് തിരിച്ചു പിടിക്കാൻ പോസ്റ്റൽ വകുപ്പ് നടപടിയാരംഭിച്ചിട്ടുണ്ടെങ്കിലും, നിക്ഷേപകർ പരക്കെ ആശങ്കയിലാണ്.