ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പെട്രോൾ ഒഴിച്ച് ആത്മത്യാ ഭിഷണി മുഴക്കി പ്രതി, മർദ്ദനമേറ്റത് സ്വത്ത് തർക്ക കേസിൽ കോടതി നിയോഗിച്ച കമ്മീഷനായ അഭിഭാഷകൻ പി.എസ് ജുനൈദിനും ഷാജിദ് കമ്മാടത്തിനും
അമ്പലത്തറ: പുല്ലൂരിൽ അഭിഭാഷക സംഘത്തെ ആക്രമിക്കുകയും ഭർതൃമതിയെ മഴു ഉപയോഗിച്ച് വെട്ടുകയും ചെയ്ത സംഭവത്തിൽ, പ്രതിക്കെതിരെ രണ്ട് വധശ്രമക്കേസുകൾ റജിസ്റ്റർ ചെയ്തു. പുല്ലൂർ വില്ലേജ് ഓഫീസിന് സമീപം താമസിക്കുന്ന കുമാരനെതിരെയാണ് വധശ്രമക്കേസുകൾ.
കാസർകോട് ബാറിലെ അഭിഭാഷകനായ അഡ്വ. പി.എസ്. ജുനൈദ്, അന്യായ വിഭാഗം അഭിഭാഷകനായ ഷാജിദ് കമ്മാടം എന്നിവർക്ക് വടി ഉപയോഗിച്ച് ക്രൂരമായ മർദ്ദനമേറ്റു. മുറിവേറ്റ് രക്തം വാർന്ന അഭിഭാഷകരെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. വില്ലേജ് ഓഫീസിന് സമീപത്തെ കണ്ണന്റെ ഭാര്യ സുശീലയ്ക്കാണ് 40, മഴു കൊണ്ടുള്ള വെട്ടേറ്റത്. കൈയിൽ വെട്ടേറ്റ സുശീലയെ ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു.
അക്രമത്തിനിരയായ അഡ്വ. ജുനൈദ് കോടതി നിയോഗിച്ച കമ്മിഷനാണ്. കോടതി നിർദ്ദേശപ്രകാരം കേസിൽ സ്ഥലത്തെത്തിയപ്പോഴാണ് സുശീലയുടെ ഭർത്താവിന്റെ സഹോദരനായ പ്രതി അക്രമാസക്തനായത്.
അഭിഭാഷകരെയും യുവതിയെയും ആക്രമിച്ച കുമാരനെ പിടികൂടാനുള്ള ശ്രമത്തിനിടെ പ്രതി കൂടുതൽ അക്രമകാരിയായി. ദേഹത്ത് പെട്രോളൊഴിച്ച് ഒരു കൈയ്യിൽ തീപ്പെട്ടിയും മറുകൈയിൽ മഴുവുമായി പ്രതി നിലയുറപ്പിച്ചത് മണിക്കൂറുകളോളം പ്രദേശത്ത് ഭീകരാന്തരീക്ഷമുണ്ടാക്കി.
അമ്പലത്തറ എസ്ഐ, മധുസൂദനന്റെ നേതൃത്വത്തിൽ അഭിഭാഷകരിൽ നിന്നും സുശീലയിൽ നിന്നും മൊഴിയെടുത്ത് വധശ്രമക്കേസ്സുകൾ റജിസ്റ്റർ ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്യാനായില്ല.