വിശ്വം സംഗീതമയമാക്കിയ വിശ്വൻ

ബാബു കുന്നുകൈ

കാഞ്ഞങ്ങാട് :ചലച്ചിത്രഗാനാസ്വാദകർക്ക് ശ്രവണ സുഖത്തിന്റെ വിരുന്നൂട്ടിയ കൈതപ്രം സഹോദരൻമാരിൽ ഒരാൾ വിട പറഞ്ഞതോടെ സാംസ്കാരിക കേരളത്തിനുണ്ടായത് തീരാ നഷ്ടം. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹോദരൻ കൈതപ്രം വിശ്വനാഥൻ നമ്പൂതിരിയുടെ നിര്യാണത്തോടെ ചലച്ചിത്രഗാനശാഖയിൽ വടക്കൻ പെരുമ ഉയർത്തിയ ഒരാൾകൂടി നഷ്ടമായിരിക്കുകയാണ്.

നീലേശ്വരം രാജാസ് ഹൈസ്കൂളിൽ സംഗീതാധ്യാപകനായിരുന്ന കൈതപ്രം വിശ്വനാഥൻ നമ്പൂതിരി സ്കൂൾ കലോത്സവവേദികളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു. ഗാനമേള മത്സരങ്ങളിൽ ജില്ലയിൽ സംഗീത രത്നം കാഞ്ഞങ്ങാട് രാമചന്ദ്രന്റെയും, കൈതപ്രം വിശ്വനാഥന്റെയും  ശിഷ്യർ തമ്മിലായിരുന്നു മത്സരം. കലോത്സവ വേദികളിൽ ആരോഗ്യകരമായ മത്സരം കാഴ്ചവെച്ചവരായിരുന്നു ഇരുവരും.

രാജാസ് ഹൈസ്കൂളിലെ അധ്യാപകവൃത്തി  ഉപേക്ഷിച്ചാണ് കൈതപ്രം വിശ്വനാഥൻ മുഴുവൻ സമയ സംഗീത പ്രവർത്തകനായത്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹോദരനാണെങ്കിലും മലയാള ചലച്ചിത്ര ഗാന ശാഖയിൽ തന്റേതായ ശൈലിയിൽ ഗാനങ്ങൾ ചിട്ടപ്പെടുത്തിയ സംഗീത സംവിധായകനായിരുന്നു കൈതപ്രം വിശ്വനാഥൻ.

ചുരുക്കം ചില സിനിമകൾക്ക് മാത്രമാണ് സംഗീത സംവിധാനം നിർവ്വഹിച്ചതെങ്കിലും, അദ്ദേഹം ചിട്ടപ്പെടുത്തിയ ഗാനങ്ങളെല്ലാം വേറിട്ട ശൈലിയിലുള്ളതും സുഖം നൽകുന്നവയുമായിരുന്നു. പിതാവ് കണ്ണാടി ഭാഗവതരെന്നറിയപ്പെട്ടിരുന്ന കണ്ണാടിയില്ലത്ത് കേശവൻ നമ്പൂതരിയിൽ നിന്ന് പകർന്ന് കിട്ടിയ സംഗീത പാരമ്പര്യം കെടാതെ സൂക്ഷിച്ച സഹോദരൻമാരാണ് കൈതപ്രം വിശ്വനാഥൻ നമ്പൂതിരിയും, ജ്യേഷ്ഠൻ കൈതപ്രം ദാമോദരൻ നമ്പൂതിരിയും. രണ്ടിലൊരാൾ ഇല്ലാതായതോടെ മലയാള ചലച്ചിത്രഗാ ശാഖയ്ക്ക് കണ്ണാടി തെളിമയുള്ള ഗാനങ്ങളാണ് നഷ്ടമായത്.

അർബുദ രോഗബാധയായിരുന്നു മരണകാരണം. ഇദ്ദേഹത്തിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ കോഴിക്കോട് തിരുവണ്ണൂരിൽ സംസ്കരിച്ചു. ഭാര്യ: മടിക്കൈ ആലമ്പാടിയിലെ ഗൗരി അന്തർജനം. മക്കൾ: അദിതി, നർമ്മദ, കേശവൻ്, മറ്റ് സഹോദരങ്ങൾ: കൈതപ്രം വാസുദേവൻ നമ്പൂതിരി, തങ്കം, പരേതയായ സരസ്വതി. 

LatestDaily

Read Previous

പുല്ലൂരിൽ അഭിഭാഷകർക്കും യുവതിക്കും വെട്ടേറ്റ സംഭവത്തിൽ രണ്ട് വധശ്രമക്കേസുകൾ

Read Next

രേഷ്മ തിരോധാനത്തിൽ ദുരൂഹത ഇരട്ടിച്ചു