രാഷ്്ട്രീയനേട്ടത്തിന് മുഖ്യമന്ത്രി വർഗ്ഗീയ ശക്തികളെ പ്രോൽസാഹിപ്പിക്കുന്നു: പ്രതിപക്ഷ നേതാവ്

അതിവേഗ റെയിൽ പാതയെ എതിർക്കുന്നത് യുഡിഎഫ് മാത്രമല്ലെന്നും വി. ഡി. സതീശൻ

കാഞ്ഞങ്ങാട്: താൽക്കാലികകക നേട്ടത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ വർഗ്ഗീയ ശക്തികളെ പ്രോൽസാഹിപ്പിക്കുന്നതായി പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ. സംഘപരിവാര്‍ ശക്തികളെയും വര്‍ഗീയ ശക്തികളെയും ഒരുപോലെ വാരിപ്പുണരുന്നത്  മതേതര കേരളത്തിന് ദോഷകരമാണെന്നും  വി.ഡി.സതീശന്‍ കുറ്റപ്പെടുത്തി.

ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതയെ ഒരേപോലെ ചെറുത്തുതോല്‍പ്പിക്കാന്‍ ആര്‍ജവമുള്ള ഏകപ്രസ്ഥാനം കോണ്‍ഗ്രസ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ  137-ാം ജന്മദിനത്തോടനുബന്ധിച്ച് കാസർകോട്  ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ ജന്മദിന റാലിയും സമ്മേളനവും നോർത്ത് കോട്ടച്ചേരി  പി.ടി.തോമസ് നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഇന്ത്യയെ കോണ്‍ഗ്രസ് മുക്ത ഭാരതമാക്കാന്‍ നരേന്ദ്രമോദി ശ്രമിക്കുമ്പോള്‍ കേരളത്തെ കോണ്‍ഗ്രസ് മുക്തമാക്കാമെന്നാണ് പിണറായി കരുതുന്നത്.

എന്നാല്‍ ഇതുരണ്ടും മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്നും അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തിലും രാജ്യത്തും കോൺഗ്രസ്സ് പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരുമെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.  കോണ്‍്ഗ്രസിനെ തകര്‍ക്കാന്‍ ഒരു ശക്തിക്കും കഴിയില്ല.  കേരളത്തെ രണ്ടായി വിഭജിക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയെ കോണ്‍ഗ്രസും യുഡിഎഫും മാത്രമല്ല എതിര്‍ക്കുന്നത്.

സിപിഎമ്മിന്റെ പോഷകസംഘടനയായ ശാസ്ത്രസാഹിത്യ പരിഷത്തും സിപിഐയും അവരുടെ കലാവിഭാഗമായ യുവകലാസാഹിതിയും ശക്തമായി ഏതിര്‍ക്കുകയാണ്. ഇക്കാര്യം സിപിഎമ്മും ഭരണക്കാരും മനസിലാക്കണം. രണ്ടുലക്ഷം കോടിരൂപയുടെ പദ്ധതി വന്നാല്‍ കേരളം പൂര്‍ണകടക്കെണിയിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല്‍ അധ്യക്ഷനായിരിന്നു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, എം.കെ.രാഘവന്‍ എംപി, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി.സിദ്ദീഖ് എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ.സോണി സെബാസ്റ്റ്യന്‍, മുന്‍ ഡിസിസി പ്രസിഡന്റുമാരായ കെ.പി.കുഞ്ഞിക്കണ്ണന്‍, ഹക്കിം കുന്നില്‍, കെപിസിസി സെക്രട്ടറിമാരായ ബാലകൃഷ്ണന്‍ പെരിയ, കെ.നീലകണ്ഠന്‍, എം.അസിനാര്‍ തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ എം.സി.പ്രഭാകരന്‍ സ്വാഗതവും ധന്യ സുരേഷ് നന്ദിയും പറഞ്ഞു.

LatestDaily

Read Previous

അജ്മാനിൽ മരിച്ച യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Read Next

നാരായണന്റെ ആത്മഹത്യയിൽ നടുങ്ങി പുല്ലൂർ ഗ്രാമം