ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: മാരക മയക്കുമരുന്ന് എംഡിഎംഏ ജില്ലയിൽ വ്യാപകമാകുന്നു. കർണ്ണാടകയിൽ നിന്നും ഗോവയിൽ നിന്നുമാണ് കാസർകോട്ടേക്കും, കാഞ്ഞങ്ങാട്ടും എംഡിഎംഏ മയക്കുമരുന്ന് എത്തുന്നത്. ഗോവയിൽ നിന്ന് കഞ്ചാവും രഹസ്യ മാർഗ്ഗങ്ങളിൽ കെട്ടുക്കണക്കിന് ജില്ലയിലെത്തുന്നുണ്ട്. കാഞ്ഞങ്ങാട് ടൗൺ, ആറങ്ങാടി, ആവിക്കര, പടന്നക്കാട്, തീരദേശം എന്നിവിടങ്ങളാണ് എംഡിഎംഏയുടെ പ്രധാന വിപണന കേന്ദ്രം. തലച്ചോറിന്റെയും നാഡീ കോശങ്ങളെയും ഗുരുതരമായി ബാധിക്കുന്ന മാരക മയക്കുമരുന്നാണ് എംഡിഎംഏ.
ആറു മാസത്തിനുള്ളിൽ ആറങ്ങാടി സ്വദേശികളായ അഞ്ചു പേരെയും, പടന്നക്കാട് സ്വദേശികളായ നാലു പേരേയും എംഡിഎംഏ മയക്കുമരുന്നുമായി പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവു കേസ്സിൽ രക്ഷപ്പെട്ട ഒരു ആറങ്ങാടി യുവാവ് ഇപ്പോഴും പിടികൊടുക്കാതെ ഒളിവിലാണ്. കാസർകോട് ജില്ലയിൽ കഞ്ചാവ് എത്തുന്നത് ഗോവയിൽ നിന്നാണ്. എംഡിഎംഏ ബംഗളൂരുവിൽ നിന്ന് കാറിലാണ് കടത്തിക്കൊണ്ടുവരുന്നത്. 20 ഗ്രാം എംഡിഎംഏയ്ക്ക് 5 ലക്ഷം രൂപ വരെ അന്താരാഷ്ട്ര മാർക്കറ്റിൽ വിലയുണ്ട്.
കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ പരിസരത്ത് രാപ്പകൽ കഞ്ചാവ് വ്യാപാരം നടക്കുന്നു. ഇരുപത്തിയഞ്ച് വയസ്സിന് താഴെയുള്ള യുവാക്കളാണ് ലഹരി ഉൽപ്പന്നങ്ങളുടെ സ്ഥിരം ഇടപാടുകാർ. എംഡിഎംഏയുടെയും, കഞ്ചാവിന്റെയും മൊത്ത വിതരണക്കാർ കാഞ്ഞങ്ങാട്ടുകാർ തന്നെയാണെങ്കിലും, ചില്ലറ വിതരണക്കാർ അധികവും പുറത്തുനിന്ന് വന്ന് വാടക ക്വാർട്ടേഴ്സുകളിൽ താമസിക്കുന്ന യുവാക്കളാണ്.
മയക്കുമരുന്ന് കൈമാറുന്നത് രാത്രിയിലാണ്. ഫോണിൽ മൊത്ത വിതരണക്കാരനെ വിളിച്ചാൽ ചില്ലറ വിൽപ്പനക്കാരൻ പറയുന്നിടത്ത് സാധനമെത്തിക്കും. കാഞ്ഞങ്ങാട് സൗത്ത് ജംഗ്ഷൻ കേന്ദ്രീകരിച്ചുള്ള ചില പ്രധാന കേന്ദ്രങ്ങളിലും രാത്രിയിൽ മയക്കുമരുന്ന് കൈമാറ്റം നടക്കുന്നുണ്ട്.