2 കോടി ആവശ്യപ്പെട്ട് കുടകിൽ തടങ്കലിൽ വെച്ച യുവാവിനെ പോലീസ് നാട്ടിലെത്തിച്ചു

ചിറ്റാരിക്കാൽ: രണ്ട് കോടിയോളം രൂപയുടെ സാമ്പത്തിക ഇടപാടിനെച്ചൊല്ലി കുടകിൽ തടങ്കലിൽ വെച്ച ചിറ്റാരിക്കാൽ യുവാവിനെ മോചിപ്പിച്ച് ചിറ്റാരിക്കാൽ പോലീസ് നാട്ടിലെത്തിച്ചു. ചിറ്റാരിക്കാൽ അരിയരുത്തിയിലെ അബ്ദുൾ സലാമിന്റെ മകൻ ഷമീർ മുഹമ്മദിനെയാണ് 32, ഒരു സംഘം കുടകിൽ നിന്ന് കാറിൽ തട്ടിക്കൊണ്ട് പോയി തടങ്കലിൽ പാർപ്പിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് കുടക് മുറ്ററാട്ടെ ബിസ്സിനസ്സുകാരനായ റസാഖ്, ഹംസ എന്നിവരുടെ പേരിൽ ചിറ്റാരിക്കാൽ പോലീസ് കേസ്സെടുത്തു. മകനെ ഒരു സംഘം തട്ടിക്കൊണ്ട് പോയി തടങ്കലിൽ പാർപ്പിച്ചെന്ന അബ്ദുൾ സലാമിന്റെ പിതാവിന്റെ  പരാതിയിലാണ് കേസ്സ്.

ചിറ്റാരിക്കാൽ എസ്ഐ, യു. അരുണന്റെ നേതൃത്വത്തിൽ പോലീസ് കുടകിലെത്തി യുവാവിനെ നാട്ടിലെത്തിച്ചു. കേരള പോലീസ് കുടകിലേക്ക് യാത്ര തിരിച്ച വിവരമറിഞ്ഞ സംഘം ഷമീറിനെ  നാപ്പോക്ക് പോലീസ് സ്റ്റേഷനിലെത്തിച്ച്   സ്ഥലം വിടുകയായിരുന്നു. എസ്ഐ, അരുണൻ, നാപ്പോക്ക്  സ്റ്റേഷനിലെത്തി ഷമീറിനെ നാട്ടിലെത്തിച്ചു. പിന്നീട്  ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.

കുരുമുളക് ബിസ്സിനസ്സുമായി ബന്ധപ്പെട്ടാണ് ഷമീർ കുടകിലെത്തിയത്. ബിസ്സിനസ്സുമായി ബന്ധപ്പെട്ട് ഷമീർ നൽകാനുള്ള രണ്ട് കോടിയോളം രൂപ ആവശ്യപ്പെട്ടാണ് തടങ്കലിൽ പാർപ്പിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. കഴിഞ്ഞ മൂന്ന് വർഷമായി ഷമീർ കർണ്ണാടകയിൽ മലഞ്ചരക്ക് ബിസ്സിനസ്സ് നടത്തുകയാണ്.

Read Previous

ആത്മഹത്യയ്ക്ക് ശ്രമിച്ച ഭാര്യയെ രക്ഷിക്കുന്നതിനിടെ പൊള്ളലേറ്റ മുൻ അധ്യാപകൻ മരിച്ചു

Read Next

നിർമ്മാണത്തിലുള്ള വീട്ടിൽ ബാങ്ക് ജീവനക്കാരൻ തൂങ്ങി മരിച്ചു