ഗൾഫ് വിമാനനിരക്കിൽ മൂന്നിരട്ടി വർധന

കാഞ്ഞങ്ങാട്: ക്രിസ്തുമസും പുതുവത്സരവും മൂലമുണ്ടാവുന്ന അവധിക്കാല യാത്ര  മുതലെടുത്ത് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാനയാത്ര നിരക്കിൽ വിമാനക്കമ്പനികൾ മൂന്നിരട്ടി വരെ വർധനവ് വരുത്തി. അവധിക്കാലം നാട്ടിൽ ചെലവഴിക്കാൻ നാട്ടിലെത്തിയ പ്രവാസി കുടുംബങ്ങളുടെ മടക്കയാത്രയിൽ കടുത്ത പ്രതിസന്ധി തീർത്താണ്, വിമാനക്കമ്പനികൾ യാത്രക്കാരെ കൊള്ളയടിക്കാൻ തീരുമാനിച്ചത്.

കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നും മംഗളൂരു വിമാനത്താവളത്തിൽ  നിന്നുമുള്ള  യാത്രാനിരക്കിലാണ് ഈ മാസാവസാനത്തിലും അടുത്ത മാസം ആദ്യവും വൻതോതിൽ യാത്രാനിരക്ക് കൂട്ടിയത്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള ഗൾഫ് യാത്ര നിരക്കും കുത്തനെ ഉയർത്തി.

കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള യാത്രാ  നിരക്കിലാണ് ഏറ്റവും വലിയ വർധനവ്. ഞായർ, ചൊവ്വ ദിവസങ്ങളിൽ മാത്രം  കണ്ണൂരിൽ നിന്ന് ദുബായിലേക്ക് സർവ്വീസ് നടത്തുന്ന എയർ ഇന്ത്യ ഒരു യാത്രക്ക്  32,000 രൂപ വരെയാണ് നിരക്ക്  പ്രഖ്യാപിച്ചത്. ഡിസംബറിലെ അവശേഷിക്കുന്ന ദിവസങ്ങളിലും ജനുവരി ആദ്യവുമാണ് ടിക്കറ്റ് നിരക്കിൽ ഏറ്റവും കൂടിയ നിരക്ക് ഈടാക്കുന്നത്. സാധാരണ നിരക്കിനേക്കാൾ  മൂന്നിരട്ടി യാണ് പുതിയ നിരക്കുകൾ.

എയർ ഇന്ത്യ എക്സ്പ്രസ്സ്, ഇന്റിഗോ, ഗോ ഫെസ്റ്റ് ഫ്ളൈ ദുബായ്, എയർ അറേബ്യ തുടങ്ങിയ ബജറ്റ്  എയർലൈനുകളും യാത്രാനിരക്ക് വർധിപ്പിക്കുന്നതിൽ മത്സരിക്കുകയാണ്. കണ്ണൂരിൽ നിന്ന് അബൂദാബിയിലേക്ക് ഇപ്പോഴത്തെ വിമാന നിരക്ക് മുപ്പതിനായിരത്തിലധികമാണ്. കണ്ണൂരിൽ നിന്ന് മസ്ക്കറ്റിലേക്ക് ഈ മാസം അവസാനവും, അടുത്ത മാസം ആദ്യവും 33,000 രൂപയും കോഴിക്കോട് നിന്ന് 35,000 രൂപയും, നെടുമ്പാശ്ശേരിയിൽ നിന്ന് 42,000 രൂപയുമാണ് ഒരു യാത്രയ്ക്ക് ഒമാൻ എയർവേസ്, എയർ ഇന്ത്യ എക്സ്പ്രസ്സ് സലാം എയർവേസ് എന്നിവ യാത്രക്കാരിൽ നിന്ന് ഈടാക്കുന്നത്.

പൊതുവെ നിരക്ക് കുറഞ്ഞ ഷാർജ വിമാനത്താവളമുൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കുമുള്ള യാത്രാ നിരക്കിലും വൻ വർധനവുമുണ്ട്. ഷാർജ ദുബായ് റൂട്ടിലും വലിയ നിരക്ക് വർധനവ് വരുത്തിയിട്ടുണ്ട്. 

LatestDaily

Read Previous

30-ന് ഓട്ടോ ടാക്സി സംയുക്ത പണിമുടക്ക്

Read Next

അജ്മാനിൽ മരിച്ച യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും