രേഷ്മ കേസിൽ നുണപ്പരിശോധനയില്ല

കാഞ്ഞങ്ങാട്: എണ്ണപ്പാറ മൊയോളത്തെ രേഷ്മയെ ദുരൂഹ സാഹചര്യത്തിൽ കാണാതായ കേസിൽ ആരോപണ വിധേയനായ പാണത്തൂർ സ്വദേശി ബിജുപൗലോസിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന ബേക്കൽ ഡി.വൈ.എസ്.പി സി.കെ. സുനിൽകുമാറിന്റെ ആവശ്യം ഹൊസ്ദുർഗ്  ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതി തള്ളി.

നുണ പരിശോധനയ്ക്ക് തയ്യാറല്ലെന്ന് ബിജുപൗലോസ് അറിയിച്ചത് പരിഗണിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ ആവശ്യം കോടതി തള്ളിയത്.  പത്തര വർഷം മുമ്പ് കാണാതായ രേഷ്മയുടെ തിരോധാനത്തിൽ ബിജു പൗലോസിനെ സംശയമുണ്ടെന്നും  അന്വേഷണവുമായി ആരോപണവിധേയൻ സഹകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ഡി.വൈ.എസ്.പി. കോടതിയെ സമീപിക്കുകയായിരുന്നു.

നുണ പരിശോധനയ്ക്ക് വിധേയമാവുന്നതിലൂടെ,രേഷ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കണ്ടെത്താനാകുമെന്ന് പോലീസ് വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥന്റെ അപേക്ഷ പരിഗണനയ്ക്കെടുത്ത കോടതി, ബിജുപൗലോസിനെ സമൻസ യച്ച് കോടതിയിൽ ഹാജരാകാൻ നിർദ്ദേശം നൽകി. പോലീസിന്റെ നീക്കത്തെ തടയിടാൻ, ഹൈക്കോടതിയിലെ ക്രിമിനൽ അഭിഭാഷകനെ ഹൊസ്ദുർഗ് കോടതിയിലെത്തിച്ചാണ് ബിജുപൗലോസ് നേരിട്ടത്.

നുണപരിശോധന നടത്തുന്നതിനെ അഭിഭാഷകൻ ശക്തമായെതിർത്തു. നുണ പരിശോധനയ്ക്ക് തന്റെ കക്ഷിക്ക് താൽപ്പര്യമില്ലെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. കക്ഷി നേരിട്ട് ഹാജരായി ഇത് സംബന്ധിച്ച സത്യവാങ്മൂലം നൽകണമെന്ന് കോടതി അറിയിച്ചതിനെ തുടർന്ന് ബിജുപൗലോസ് ഇന്നലെ നേരിട്ട് ഹാജരായി നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന് കോടതിയെ അറിയിച്ചു.

വിധി പറയാൻ രണ്ട് പ്രാവശ്യം മാറ്റി ഇന്നലെ കോടതി കേസ് വീണ്ടും പരിഗണിച്ചപ്പോൾ പോലീസിന്റെ ആവശ്യം തള്ളി ബിജുപൗലോസിനെ നുണപരിശോധയ്ക്ക് വിധേയമാക്കേണ്ടെന്ന ഉത്തരവിടുകയായിരുന്നു.   കേസിൽ നുണ പരിശോധന അസാധ്യമായതോടെ രേഷ്മ കേസിൽ പോലീസിന് വലിയ തിരിച്ചടി നേരിട്ടു.

രേഷമയെ കാണാതായത് സംബന്ധിച്ച് പത്ത് വർഷം മുമ്പ് അമ്പലത്തറ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ദുരൂഹത പതിന്മടങ്ങ് ഇരട്ടിക്കുമ്പോൾ പോലീസിന്റെ കേസന്വേഷണം വീണ്ടും വഴിമുട്ടി. രേഷ്മ ജീവനോട്കുടിയെങ്കിലുമുണ്ടോയെന്നറിയാതെ വിഷമിക്കുകയാണ് കുടുംബം.

LatestDaily

Read Previous

ഔഫ് അനുസ്മരണത്തിൽ പ്രകടനവും പൊതുസമ്മേളനവും മാത്രം

Read Next

വസ്ത്ര വിപണിയിൽ വില കുതിച്ചുയരും, ജിഎസ്്ടി 12 ശതമാനമാക്കി വർധിപ്പിച്ചു; 28 ന് പ്രതിഷേധം