ഗതാഗത പരിഷ്ക്കരണം എങ്ങുമെത്തിയില്ല; വാഹനങ്ങൾ പെരുവഴിയിൽ നിർത്തിയിടുന്നു

കാഞ്ഞങ്ങാട്: ഗതാഗത പരിഷ്ക്കരണം  സംബന്ധിച്ച് അധികൃതർ ഇടയ്ക്കിടെ വമ്പൻ പ്രഖ്യാപനങ്ങൾ നടത്തുന്നതല്ലാതെ കാഞ്ഞങ്ങാട് നഗരത്തിലെവിടെയും അംഗീകൃത പാർക്കിംഗ് സംവിധാനമില്ല. ഇതാകട്ടെ അനധികൃത പാർക്കിംഗ് പെരുകാനും വാഹനങ്ങൾ പെരുവഴിയിൽ നിർത്തിയിടാനും ഗതാഗതസ്തംഭനത്തിനുമിടയാക്കുന്നു.

നഗരത്തിലെ ഗതാഗത സംവിധാനം പരിഷ്‌ക്കരിക്കുമെന്ന് രണ്ടര മാസം മുമ്പ് നടന്ന നഗരസഭാ കൗൺസിൽ  യോഗത്തിൽ തീരുമാനമായെങ്കിലും തുടർനടപടികളൊന്നും തന്നെയുണ്ടായില്ല. ഗതാഗത പരിഷ്ക്കരണത്തിന്  മുന്നോടിയായി നഗരത്തിൽ ഏർപ്പെടുത്തേണ്ടുന്ന സംവിധാനങ്ങൾ ഏതൊക്കെയെന്ന് തിരിച്ചറിയാൻ  ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ സബ് കമ്മിറ്റി  നേതൃത്വത്തിൽ നഗരത്തില്‍ പരിശോധന നടന്നു വെങ്കിലും നഗരത്തിൽ പാർക്കിങിന് ഒരു സ്ഥലം പോലുമില്ലാത്ത അവസ്ഥയാണുള്ളത്.

പുതിയകോട്ട മുതല്‍ നോര്‍ത്ത് കോട്ടച്ചേരി വരെ റോഡിന് ഇരുവശങ്ങളിലും പാര്‍ക്കിംഗ് ഏരിയകള്‍ കണ്ടെത്തുമെന്ന് പറഞ്ഞുവെങ്കിലും നടന്നില്ല. പാര്‍ക്കിംഗ് ഏരിയകളില്‍ നടക്കുന്ന നിയമലംഘനങ്ങള്‍ പരിശോധിക്കാൻ ഉത്സാഹം കാണിക്കുന്ന അധികൃതർ സ്വകാര്യ പാര്‍ക്കിംഗ് ഏരിയകള്‍ കണ്ടെത്തുവാൻ പെടാപ്പാട് പെടുകയാണ്. തിരക്കുള്ള നേരങ്ങളിൽ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലേക്ക് എത്തിപ്പെടുന്നവരുടെ വാഹനങ്ങൾ  യാത്രക്കാർ പെരുവഴിയിലാണ് പാർക്ക് ചെയ്യുന്നത്.

ടൗണിനുള്ളിൽ പാർക്കിങ് സ്ഥലമില്ലാത്ത ആൾക്കാരാണ് രാവിലെ സ്റ്റേഷൻ റോഡിന് ഇരുവശത്തും പാർക്ക് ചെയ്യുന്നത്. രാവിലെ പാർക്ക് ചെയ്താൽ രാത്രിയാണ് പിന്നീട് വാഹനമെടുക്കുക.  റെയിൽവേയുടെ കൈവശം ഏറെ സ്ഥലമുണ്ടായിട്ടും പാർക്കിങ്ങിന് കൂടുതൽ സൗകര്യമൊരുക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. നിലവിൽ കാറുകൾ നിർത്തിയിടാൻ പരിമിതമായ സൗകര്യമാണ് റെയിൽവേ സ്റ്റേഷനിലുള്ളത്.

ഇരുചക്ര വാഹനങ്ങൾക്കായി വേറെയും സൗകര്യമുണ്ടെങ്കിലും തിരക്കുള്ള നേരങ്ങളിൽ വാഹനം നിർത്തിയിടാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്. കാഞ്ഞങ്ങാട് റെയിൽവേ ഗേറ്റിൽ നിന്നു തുടങ്ങി സ്റ്റേഷൻ വരെ റെയിൽവേയുടെ സ്ഥലമാണ്. വിപുലമായ പാർക്കിങ് ഗ്രൗണ്ട് ഒരുക്കാൻ ഈ സ്ഥലം ധാരാളമാണ്. സർവ്വീസ് റോഡിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ കാരണമുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിധി വിട്ടതോടെ പോലീസ് നടപടി ആരംഭിച്ചിട്ടുണ്ട്.

സർവീസ്  റോഡിൽ പാർക്കുചെയ്ത വാഹനങ്ങളിൽ നിന്നു പിഴ ഈടാക്കികൊണ്ടാണ് നടപടിക്ക് തുടക്കം കുറിച്ചത്. ആളില്ലാതെ പാർക്ക് ചെയ്ത വാഹനങ്ങളിൽ നടപടിയുടെ ഭാഗമായി പിഴ യൊടുക്കാനുള്ള സ്റ്റിക്കറും പതിച്ചു തുടങ്ങിയിട്ടുണ്ട്. നവീകരിച്ച കാഞ്ഞങ്ങാട് പട്ടണത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് അധികൃതരുടെ ഭാഗത്ത് നിന്നും നടപടി  ഉണ്ടായിട്ടില്ല.

പട്ടണത്തിൽ പ്രധാന റോഡിനിരുവശവും രണ്ടുവരിപാതയും ഇന്റർലോക്ക് പാകിയ സർവീസ് റോഡും നിർമിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ പ്രയോജനം ലഭിക്കാത്ത അവസ്ഥയിലാണ്. പാർക്കിങ് നിയന്ത്രണം കർശനമായി നടപ്പാക്കാത്തതാണ് ഇതിനു പ്രധാന കാരണം. സർവ്വീസ് റോഡിൽ തലങ്ങും വിലങ്ങും വാഹനങ്ങൾ നിർത്തിയിടുന്നത് വലിയ തോതിലുള്ള ഗതാഗതസ്തംഭനത്തിനാണ് വഴിയൊരുക്കുന്നത്.

LatestDaily

Read Previous

വസ്ത്ര വിപണിയിൽ വില കുതിച്ചുയരും, ജിഎസ്്ടി 12 ശതമാനമാക്കി വർധിപ്പിച്ചു; 28 ന് പ്രതിഷേധം

Read Next

സാമൂഹ്യ വിരുദ്ധർക്കെതിരെ പോലീസ് നടപടികളാരംഭിച്ചു