വസ്ത്ര വിപണിയിൽ വില കുതിച്ചുയരും, ജിഎസ്്ടി 12 ശതമാനമാക്കി വർധിപ്പിച്ചു; 28 ന് പ്രതിഷേധം

കാഞ്ഞങ്ങാട്: പുതുവത്സരത്തോടെ വസ്ത്ര വിപണിയിൽ വില കുതിച്ചുയരും. വസ്ത്ര വ്യാപാര രംഗത്തെ ജിഎസ്്ടി നിരക്ക് 12 ശതമാനമാക്കി വർധിപ്പിക്കാനുള്ള കേന്ദ്ര തീരുമാനത്തെ തുടർന്നാണ് വസ്ത്ര വിപണിയിൽ വില കുതിച്ചയരുന്നത്. നിലവിൽ ആയിരം രൂപയ്ക്ക് മുകളിലുള്ള തുണിത്തരങ്ങൾക്ക് മാത്രമാണ് ജിഎസ്ടി 12 ശതമാനമുള്ളത്. ആയിരത്തിന് താഴെ വിലയുള്ള തുണിത്തരങ്ങൾക്ക് ജിഎസ്്ടി അഞ്ച് ശതമാനം മാത്രം . എന്നാൽ നിരക്ക് ഏകീകരിച്ച് 12 ശതമാനമാക്കി ഉയർത്താനാണ് തീരുമാനം.

കോവിഡിന്റെ പശ്ചാത്തലത്തിലുണ്ടായ അടച്ച് പൂട്ടലിലും വ്യാപാര മാന്ദ്യത്തെത്തുടർന്നും വസ്ത്ര വ്യാപാര മേഖല കനത്ത ആഘാതത്തിലായ പശ്ചാത്തലത്തിൽ ജിഎസ്ടി വർധന കൂടിയാകുമ്പോൾ വസ്ത്ര വിപണി തീർത്തും ദുർബ്ബലമാവും. ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരുമെന്ന് പ്രഖ്യാപിച്ച ജിഎസ്ടി  നിരക്ക് വർധന പിൻവലിക്കണമെന്ന് കേരള ടെക്സ്റ്റയിൽസ് ആന്റ് ഗാർമെന്റ് ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് പട്ടാഭിരാമൻ ആവശ്യപ്പെട്ടു. പ്രതിഷേധമറിയിക്കാൻ ഈ മാസം 28 ന് സംസ്ഥാനത്തെ ജിഎസ്ടി ആസ്ഥാന ഒാഫീസുകൾക്ക് മുമ്പിൽ രാവിലെ 11 മണിക്ക് മാർച്ചും ധർണ്ണയും നടത്തും.

സാധാരണക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മുണ്ട്, ലുങ്കി, തോർത്ത്, സാരി, ടവ്വൽ എന്നിവയുടെ വില ഗണ്യമായി വർധിക്കും. കൈത്തറി നെയ്ത്ത് തൊഴിലാളികൾ ഏറെയുള്ള കേരളത്തിൽ നികുതി വർധനവ് കൈത്തറി മേഖലയെ വൻ പ്രതിസന്ധിയിലേക്ക് തള്ളിവിടും. അസംസ്കൃത വസ്തുക്കളുടെ ദൗർലഭ്യം മൂലം ഇപ്പോൾത്തന്നെ പ്രതിസന്ധി  നേരിടുന്ന മേഖലയിൽ  ഡിസംബർ 31 ന് ശേഷം വരുന്ന സ്റ്റോക്കുകൾക്ക് അധിക നികുതി ഒടുക്കേണ്ടി വരുന്നത് വ്യാപാരികളുടെ നട്ടെല്ലൊടിക്കുന്നതാണെന്ന് പട്ടാഭിരാമൻ പറഞ്ഞു.

ഒരു തരത്തിലുള്ള നികുതിയും ബാധകമല്ലാത്ത വഴിയോരക്കച്ചവടക്കാർക്കായിരിക്കും നേട്ടമുണ്ടാവുക. വില വർധനവിനെത്തുടർന്ന് വ്യാപാരികളിൽ നല്ലൊരു ശതമാനവും വ്യാപാരം അവസാനിപ്പിക്കുമ്പോൾ, മുപ്പതിനായിരത്തോളം വസ്ത്രവ്യാപാരികളെയും ഇവരെ ആശ്രയിച്ച് കഴിയുന്ന രണ്ട് ലക്ഷത്തോളം തൊഴിലാളികളേയും പ്രതിസന്ധിയിലാക്കും. ഈ സാഹചര്യത്തിൽ നികുതി നിരക്ക് വർധന പിൻവലിക്കുകയോ അല്ലാത്ത പക്ഷം കോവിഡ് കാലത്തെ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ഒരു വർഷമെങ്കിലും സമയം അനുവദിക്കുകയോ ചെയ്യണമെന്നാണ് വസ്ത്ര വ്യാപാരികൾ ആവശ്യപ്പെടുന്നത്.

LatestDaily

Read Previous

രേഷ്മ കേസിൽ നുണപ്പരിശോധനയില്ല

Read Next

ഗതാഗത പരിഷ്ക്കരണം എങ്ങുമെത്തിയില്ല; വാഹനങ്ങൾ പെരുവഴിയിൽ നിർത്തിയിടുന്നു