ഔഫ് അനുസ്മരണത്തിൽ പ്രകടനവും പൊതുസമ്മേളനവും മാത്രം

കാഞ്ഞങ്ങാട്: ഡിവൈഎഫ്ഐ പ്രവർത്തകൻ കാഞ്ഞങ്ങാട് മുണ്ടത്തോട് കടപ്പുറത്തെ ഔഫ് അബ്ദുൾ റഹിമാന്റെ രക്തസാക്ഷിത്വ ദിനം, ഡിവൈഎഫ്ഐ ഒരു പ്രകടനത്തിലും പൊതുസമ്മേളനത്തിലുമൊതുക്കി. 2021 ഡിസംബർ 23 ന് രാത്രി 10 മണിയോടെയാണ് ഇരുപത്തിയൊമ്പതുകാരനായ ഔഫ് അബ്ദുൾ റഹിമാൻ കല്ലൂരാവിക്ക് പടിഞ്ഞാറ് മുണ്ടത്തോട്  പ്രദേശത്ത്, നെഞ്ചിന് കഠാരക്കുത്തേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്.

കേസ്സിൽ മുസ്ലീം ലീഗ് പ്രവർത്തകരായ മൂന്ന്  പ്രതികൾ കേരള ഹൈക്കോടതിയുടെ ജാമ്യത്തിലാണ്. കാസർകോട്–കണ്ണൂർ ജില്ലകളിൽ പ്രവേശിക്കാൻ പാടില്ലെന്ന വ്യവസ്ഥയിലാണ് 3 പ്രതികൾക്കും ഹൈക്കോടതി ജാമ്യം നൽകിയത്.

ഔഫിന്റെ നിരാലംബരായ കുടുംബത്തെ സഹായിക്കാൻ ഡിവൈഎഫ്ഐ പൊതുജനങ്ങളിൽ നിന്ന് 67 ലക്ഷം രൂപയോളം പിരിച്ചെടുത്തിരുന്നു. ഈ പണത്തിൽ 45 ലക്ഷം രൂപ ഔഫിന്റെ കുടുംബത്തിന് കൈമാറിയത്. അന്ന് സിപിഎം  സംസ്ഥാന സിക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന ഏ. വിജയരാഘവനാണ്. ഔഫിന് കല്ലൂരാവിയിൽ സ്മാരകവും ലൈബ്രറിയും പണിയുമെന്ന് അന്നത്തെ  ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട്  ഏ. ഏ. റഹീം കല്ലൂരാവിയിൽ ചേർന്ന ഡിവൈഎഫ്ഐ പ്രതിഷേധ യോഗത്തിൽ പ്രഖ്യാപിച്ചിരുന്നു. സ്മാരകവും ലൈബ്രറിയും ഇനിയും യാഥാർത്ഥ്യമായില്ല.

പിരിച്ചെടുത്ത 67 ലക്ഷം രൂപയിൽ നിന്ന് 45 ലക്ഷം രൂപ ഔഫിന്റെ കുടുംബത്തിന്  കൈമാറുകയും ബാക്കി വന്ന 22 ലക്ഷം രൂപ സ്മാരകം പണിയാനും കേസ്സ് നടത്തുന്നതിനും മറ്റുമായി ബാങ്കിൽ നിക്ഷേപിച്ചുവെന്നാണ് ഒരു വർഷം മുമ്പ് ഡിവൈഎഫ്ഐ കാഞ്ഞങ്ങാട്  ബ്ലോക്ക് കമ്മിറ്റി പുറത്തുവി ട്ടത്. അതിന് ശേഷം ഡിവൈഎഫ്ഐയുടെ ഭാഗത്ത് നിന്ന്  സ്മാരകത്തിന് വേണ്ടിയുള്ള യാതൊരു നീക്കവും ഈ രക്തസാക്ഷിക്ക് വേണ്ടി നടത്തിയില്ല.

ഇന്ന് ഔഫ് രക്തസാക്ഷി ദിനത്തിൽ കേരള മുസ്ലീം ജമാഅത്ത് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഔഫ് അനുസ്മരണവും പൊതുയോഗവും നടത്തുന്നുണ്ട്. ഒപ്പം ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ടൗണിൽ പ്രകടനവും, നോർത്ത് കോട്ടച്ചേരിയിൽ പൊതുയോഗവും നടത്തുന്നുണ്ട്. പൊതുയോഗം ഡിവൈഎഫ്ഐ സംസ്ഥാന സിക്രട്ടറി വി. കെ. സനൽ ഉദ്ഘാടനം ചെയ്യും. ഔഫ് കൊല നടന്ന മുണ്ടത്തോട് പ്രദേശത്ത് രാവിലെ പുഷ്പാർച്ചന നടത്തുന്നു.

Read Previous

പതിനാറുകാരി പറഞ്ഞത് കള്ളം; മുങ്ങിയത് കാമുകനൊപ്പം

Read Next

രേഷ്മ കേസിൽ നുണപ്പരിശോധനയില്ല