പാചകത്തൊഴിലാളി നിയമനത്തർക്കം: എഇഒയെ നാട്ടുകാർ തടഞ്ഞു

തൃക്കരിപ്പൂർ: ഉദിനൂർ കടപ്പുറം ഗവൺമെന്റ് ഫിഷറീസ് യുപി സ്കൂളിലെ പാചകത്തൊഴിലാളി നിയമനം റദ്ദ് ചെയ്ത വിഷയത്തിൽ ഏഇഒ വിളിച്ചു ചേർത്ത യോഗം അലങ്കോലമായി. സ്കൂൾ പിടിഏ നിയമിച്ച പാചകത്തൊഴിലാളിയുടെ നിയമനം വലിയ പറമ്പ പഞ്ചായത്ത് പ്രസിഡണ്ടിന്റെ സമ്മർദ്ദത്തെ തുടർന്നാണ് ചെറുവത്തൂർ ഏഇഒകെജി സനൽഷാ റദ്ദ് ചെയ്തത്.

സിപിഎം അനുഭാവിയായ സ്ത്രീയെ ഉദിനൂർ സ്കൂളിൽ പാചകത്തൊഴിലാളിയായി നിയമിച്ചത് സ്കൂൾ പിടിഏ കമ്മറ്റിയാണ്. കമ്മിറ്റി ഏകകണ്ഠമായെടുത്ത തീരുമാനം പഞ്ചായത്ത് പ്രസിഡണ്ട് ഇടപെട്ടതിനെ തുടർന്നാണ് ഏഇഒ റദ്ദ് ചെയ്തതെന്നാണ് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആരോപണം. പാചകത്തൊഴിലാളി നിയമന വിഷയം ചർച്ച ചെയ്യാൻ ഇന്നലെ സ്കൂളിൽ പിടിഏ യോഗം വിളിച്ചു ചേർത്തിരുന്നു.

നിയമനം റദ്ദാക്കിയ തീരുമാനം പിൻവലിക്കില്ലെന്ന് ഏഇഒ വാശി പിടിച്ചതോടെ രക്ഷിതാക്കളും നാട്ടുകാരും ഏഇഒയെ തടഞ്ഞുവെച്ചു. സ്കൂളിൽ പുതിയ പാചകത്തൊഴിലാളിയെ നിയമിക്കണമെന്നാണ് ഏഇഒയുടെ നിലപാട്. തങ്ങൾ നിയമിച്ച സ്ത്രീയെ മാറ്റാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പിടിഏയും നാട്ടുകാരും. ബഹളത്തിനിടെ ഏഇഒ തന്റെ ഓഫീസ് വാഹനത്തിൽ സ്ഥലത്ത് നിന്നും തടിതപ്പി.

പിടിഏ നിയമിച്ച പാചകത്തൊഴിലാളിയെ നിലനിർത്തുന്നതിൽ അനുകൂല തീരുമാനമുണ്ടാകുമെന്ന ഉറപ്പിനെത്തുടർന്നാണ് പിടിഏ കമ്മിറ്റിയംഗങ്ങളും രക്ഷിതാക്കളും ഏഇഒ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്തത്. പക്ഷെ യോഗത്തിൽ അദ്ദേഹം നിലപാട് മാറ്റി.  ഇന്നലെ സ്കൂളിൽ നടന്ന യോഗത്തിൽ പഞ്ചായത്തിന്റെ പ്രതിനിധികളാരും പങ്കെടുത്തിരുന്നില്ല. പിടിഏ കമ്മിറ്റി നിയമിച്ച പാചകത്തൊഴിലാളിയോടുള്ള അനിഷ്ടമാണ് അവരെ മാറ്റാൻ പഞ്ചായത്ത് പ്രസിഡണ്ട് വാശി പിടിക്കുന്നതിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.

LatestDaily

Read Previous

ഗുണ്ടാ ആക്രമണം പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പോലീസിനോട് റിപ്പോർട്ട് തേടി

Read Next

കാട്ടുപന്നിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു