പോക്സോ കുറ്റപത്രം റദ്ദാക്കണമെന്ന പ്രതിയുടെ പരാതിയിൽ വിധി നാളെ

കാഞ്ഞങ്ങാട് : പോക്സോ കേസിൽ കുറ്റപത്രം റദ്ദാക്കണമെന്ന പ്രതിയുടെ അപേക്ഷയിൽ ഹൊസ്ദുർഗ്ഗ് കോടതി നാളെ വിധി പറയും. മരത്തിന് മുകളിൽ കുടുങ്ങിയ 8  വയസുകാരിയെ താഴെയിറങ്ങാൻ സഹായിച്ചതിന്റെ പേരിൽ പോക്സോ കേസിൽ കുടുക്കപ്പെട്ട  മാടക്കാൽ സ്വദേശിയുടെ അപേക്ഷയിലാണ് പോക്സോ കോടതി നാളെ വിധി പറയുന്നത്.

തൃക്കരിപ്പൂർ മാടക്കാലിൽ മാവിന് മുകളിൽ കയറിയ പെൺകുട്ടിയെ താഴെയിറങ്ങാൻ സഹായിച്ച പടിഞ്ഞാറേ വീട്ടിൽ പ്രദീപനെയാണ് 48, പെൺകുട്ടിയുടെ രക്ഷിതാക്കൾ പോക്സോ കേസിൽ കുടുക്കിയത്. പ്രദീപന്റെ വീട്ടിൽ മറ്റ് കുട്ടികളോടൊപ്പം കളിക്കാനെത്തിയ പെൺകുട്ടി അദ്ദേഹത്തിന്റെ വീട്ടുമുറ്റത്തെ മാവിൽ കയറുകയും ഇറങ്ങാനാകാതെ ബുദ്ധിമുട്ടുകയുമായിരുന്നു. ഇതുകണ്ട പ്രദീപൻ കുട്ടിയെ കൈപിടിച്ച് താഴെയിറങ്ങാൻ സഹായിക്കുകയായിരുന്നു.

ഇതിന് പിന്നാലെയാണ് കുട്ടിയുടെ  രക്ഷിതാക്കൾ ചന്തേര പോലീസിൽ പരാതി കൊടുത്തത്. പ്രദീപൻ കുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. 2021 ജനുവരി മാസത്തിൽ നടന്ന സംഭവത്തിൽ ചന്തേര പോലീസ്  പ്രദീപനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയും അദ്ദേഹം 84 ദിവസത്തോളം റിമാന്റിൽ കഴിയുകയും ചെയ്തു. 2 പെൺമക്കളുടെ പിതാവായ ഇദ്ദേഹം മറ്റുള്ള കുട്ടികൾ കാൺകെയാണ് 8 വയസുകാരിയെ മാവിൽ നിന്നും താഴെയിറക്കിയത്.

അതിനിടെ പ്രദീപനെതിരെയുള്ള പോക്സോ കേസ് പിൻവലിക്കാൻ കുട്ടിയുടെ രക്ഷിതാക്കൾ 10 ലക്ഷം രൂപ ആവശ്യപ്പെട്ടതായും ആരോപണമുണ്ട്. കേസൊതുക്കാൻ പണം നൽകണമെന്ന ആവശ്യം നിരസിച്ച ഇദ്ദേഹം തന്റെ നിരപരാധിത്വം തെളിയിക്കാൻ കോടതിയെ സമീപിക്കുകയായിരുന്നു.

പ്രദീപനെതിരായ പോക്സോ  കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട്  കോടതിയിൽ ഹാജരായത്   പ്രശസ്ത ക്രിമിനൽ അഭിഭാഷകനായ  ബി.ഏ.ആളൂരാണ്. പോക്സോ കേസ് റദ്ദാക്കുന്ന കാര്യത്തിൽ പോക്സോ കേസിൽ നാളെ വിധി പറയും. വിധി പ്രതികൂലമായാൽ ഹൈക്കോടതിയെ സമീപിക്കാനാണ് പ്രദീപന്റെ തീരുമാനം പോക്സോ കേസിൽ പരാതി നൽകിയ കുടുംബം അയൽ സംസ്ഥാനത്ത് നിന്നും മാടക്കാലെത്തി താമസമാക്കിയവരാണ്.

LatestDaily

Read Previous

കാട്ടിലെ അസ്ഥികൂടം തിരിച്ചറിയാനായില്ല

Read Next

കാണാതായ പതിനാറുകാരി തിരിച്ചെത്തി