ചെറുവത്തൂർ ഏരിയാ സമ്മേളനത്തിൽ മൽസരത്തിന് സാധ്യത

ചെറുവത്തൂർ:  ഉദിനൂർ വിള കൊയ്ത്ത് സമരഭൂമിയിൽ നടക്കുന്ന സിപിഎം ചെറുവത്തൂർ ഏരിയാ സമ്മേളനത്തിൽ സിക്രട്ടറി സ്ഥാനത്തേക്ക് മൽസരം നടക്കുമെന്ന് സൂചന. കയ്യൂർ കൊടക്കാട്, ഉദിനൂർ, ചെറുവത്തൂർ എന്നീ ലോക്കൽ കമ്മിറ്റികളടങ്ങുന്ന സിപിഎം ചെറുവത്തൂർ ഏരിയാ കമ്മിറ്റി സമ്മേളനത്തിൽ പാർട്ടിയിലെ വിഭാഗീയതയും ചർച്ചാ വിഷയമാകും.

ചെറുവത്തൂർ ഏരിയാ സിക്രട്ടറി സ്ഥാനത്തേക്ക് നിലവിലെ സിക്രട്ടറി കെ. സുധാകരന് പുറമെ റിട്ടയേർഡ് അധ്യാപകനായ ഉദിനൂരിലെ കെ. മുരളിയുടെയും പേരും പരിഗണനയിലുണ്ട്. കയ്യൂർ ചീമേനിയിലെ മറ്റൊരു യുവ നേതാവിന്റെ പേരും ഏരിയാ സിക്രട്ടറി സ്ഥാനത്തേക്ക് നിർദ്ദേശിക്കപ്പെടാൻ സാധ്യതയുണ്ട്. ഏരിയാ സിക്രട്ടറിയെ ഐക്യകണ്ഠേന തീരുമാനിക്കാനായില്ലെങ്കിൽതെരഞ്ഞെടുപ്പ് വേണ്ടിവരും.

ഉദിനൂർ, തിമിരി. ചെറുവത്തൂർ പ്രദേശങ്ങളിൽ സിപിഎമ്മിനുള്ളിൽ വിഭാഗീയത നിലനിൽക്കുന്നുണ്ട്. ഈ വിഷയം ഏരിയാക്കമ്മിറ്റി സമ്മേളനത്തിൽ ചർച്ചാ വിഷയമാകുമെന്ന് തീർച്ച.  ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹിയുടെ  ബിനാമി പേരിലുള്ള റിസോർട്ടിൽ  നിന്ന് 1 ലക്ഷം രൂപയുടെ വൈദ്യുതി മോഷണം പിടികൂടിയത് വിവാദമായിരുന്നു.

വൈദ്യുതി മോഷണം കണ്ടെത്തിയ സിഐടിയുക്കാരനായ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനെ ബ്ലോക്ക ് പഞ്ചായത്ത് ഭാരവാഹി കൈയ്യേറ്റം ചെയ്തതും ഏരിയാസമ്മേളനത്തിൽ ചർച്ചയാകും. ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹിയുടെ കൈയ്യേറ്റത്തിനിരയായ ഉദ്യോഗസ്ഥൻ സിഐടിയു നേതൃത്വത്തിനും, സിപിഎം ഏരിയാ കമ്മിറ്റി, ജില്ലാ കമ്മറ്റി എന്നിവയ്ക്കും പരാതി നൽകിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധിയുടെ ഭൂമിയിടപാടുകളും ഏരിയാ സമ്മേളനങ്ങളിൽ ചർച്ചാ വിഷയമാകും.

സിപിഎമ്മിന്റെ ശക്തി കേന്ദ്രത്തിൽ നടക്കുന്ന ചെറുവത്തൂർ ഏരിയാ സമ്മേളനത്തിന് മുന്നോടിയായി പാർട്ടിയുടെ  ശക്തി വിളിച്ചറിയിക്കുന്ന തരത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. സമ്മേളന നഗരിയും പരിസര പ്രദേശങ്ങളും ദിവസങ്ങൾക്ക് മുമ്പേ ചുവപ്പണിഞ്ഞു കഴിഞ്ഞു. ഡിസംബർ 23, 24 തീയ്യതികളിലാണ് സിപിഎം ചെറുവത്തൂർ  ഏരിയാ സമ്മേളനം.

Read Previous

സോഷ്യൽ മീഡിയയിലെ കാമുകനെ തേടി യുവതി വീടുവിട്ടു

Read Next

അപകടക്കെണിയായി റോഡിലെ സ്ലാബ്; നിരവധി പേർക്ക് പരിക്ക്