പി.എ.ഇബ്രാഹിം ഹാജി അന്തരിച്ചു , സംസ്ക്കാരം ഇന്ന് രാത്രി മഞ്ചേരിയിൽ

കാഞ്ഞങ്ങാട്: പ്രവാസി വ്യവസായിയും വിദ്യാഭ്യാസ പ്രവർത്തകനും ചന്ദ്രിക ദിനപ്പത്രം ഡയറക്ടറുമായ  മലബാർ ഗോൾഡ് കോ-ചെയർമാൻ പി.എ. ഇബ്രാഹിം ഹാജി 79,  അന്തരിച്ചു. കോഴിക്കോട് മിംസ് ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം.

രണ്ടാഴ്ച്ചയോളമായി ദുബായിലെ ആശുപത്രിയിലായിരുന്നു  ഇബ്രാഹിം ഹാജി. ഇന്ന് പുലർച്ചെ എയർ ആംബുലൻസിൽ കോഴിക്കോട്ടെത്തിച്ചു. രാവിലെ മരണം സംഭവിച്ചു. ജനാസനമസ്ക്കാരം ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് ബൈപ്പാസ് റോഡിൽ ഇബ്രാഹിം ഹാജി സ്ഥാപിച്ച പള്ളിയിൽ കബറടക്കം. മഗ്രിബ് നമസ്ക്കാരത്തിന് ശേഷം മഞ്ചേരിയിൽ ഇബ്രാഹിം ഹാജി സ്ഥാപിച്ച കോളേജിൽ.

പള്ളിക്കര സ്വദേശിയായ ഇബ്രാഹിം ഹാജി  അരനൂറ്റാണ്ടിലേറെക്കാലമായി പ്രവാസ ജീവിതം നയിച്ചു വരികയായിരുന്നു. ദുബായിൽ വ്യാപാര മേഖലയിലെ ഉറച്ച സാന്നിധ്യമായിരുന്നു പരേതൻ. നാട്ടിലും ഗൾഫ് രാജ്യങ്ങളിലും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനാണ്.  മംഗളൂരുവിലെ പി.എ എഞ്ചിനിയറിംഗ് കോളേജ്, പള്ളിക്കരയിലെ ഇസ്ലാമിക് ഹയർസെക്കണ്ടറി സ്കൂൾ, മഞ്ചേരിയിലെ അറബിക് കോളേജ്, ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാതൃകാപരമായി നേതൃത്വം നൽകി വരികയായിരുന്നു.

നാട്ടിലും വിദേശത്തുമായി നൂറിലധികം ശാഖകളുള്ള മലബാർ ഗോൾഡിന്റെ കോ-ചെയർമാനും യു.എ.കെ.ഇ.എം.സി.സി ഉപദേശക്കമ്മിറ്റിയംഗവും മുസ്ലിം ലീഗ് മുഖ പത്രമായ ചന്ദ്രികയുടെ ഡയറക്ടറുമായി ദീർഘകാലംപ്രവർത്തിച്ച പി.എ. ഇബ്രാഹിം ഹാജി ജീവകാരുണ്യമേഖലയിലെ സജീവ സാന്നിധ്യമായി നിലകൊണ്ടു. ഒരു മനുഷ്യസ്നേഹി കൂടി ലോകത്തോട് വിട പറഞ്ഞുവെന്ന് ലേറ്റസ്റ്റ് പത്രാധിപർ അരവിന്ദൻ മാണിക്കോത്ത് അനുശോചനസന്ദേശത്തിൽ പറഞ്ഞു. 

LatestDaily

Read Previous

ബാധ ഒഴിപ്പിക്കാൻ നഗ്ന പൂജ യുവതി ഇറങ്ങിയോടി

Read Next

വിവാഹത്തട്ടിപ്പിലൂടെ ലൈംഗിക ചൂഷണം; ഇരയായത് മുംബെയിലെ സമ്പന്ന യുവതികൾ