മലബാർ വാർത്ത പത്രത്തിനെതിരെ ബോബി ചെമ്മണ്ണൂരിന്റെ 10 കോടിയുടെ വക്കീൽ നോട്ടീസ്

കാഞ്ഞങ്ങാട്: പ്രമുഖ മൾട്ടി ലെവൽ മാർക്കറ്റിംഗ് കമ്പനിയായ ഫിജി കാർട്ടിനെക്കുറിച്ച്  തെറ്റിദ്ധാരണാ ജനകമായ വാർത്ത പ്രസിദ്ധീകരിച്ച കാഞ്ഞങ്ങാട്ടെ മലബാർ വാർത്ത സായാഹ്ന പത്രത്തിന്റെ പത്രാധിപർ ബഷീർ ആറങ്ങാടിക്കെതിരെ  10 കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് വക്കീൽ നോട്ടീസ്.

ജീവകാരുണ്യ പ്രവർത്തകൻ ബോബി ചെമ്മണ്ണൂരിന്റെ പേരിൽ വ്യാജ മണിചെയിൻ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയിക്കെതിരെയാണ് കൊച്ചിയിലെ അഭിഭാഷകൻ മുഖേന വക്കീൽ നോട്ടീസയച്ചത്. ഇന്ത്യയ്ക്ക് പുറമെ ഗൾഫ് രാജ്യങ്ങളിലടക്കം പ്രവർത്തിക്കുന്ന മൾട്ടി ലെവൽ മാർക്കറ്റിംഗ് കമ്പനിയായ ഫിജികാർട്ടിനെ കരുതിക്കൂട്ടി അപകീർത്തിപ്പെടുത്താനാണ് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നാണ് വക്കീൽ നോട്ടീസിലെ ആരോപണം.

കമ്പനീസ,് ആക്ട് പ്രകാരം രജിസ്റ്റർ  ചെയ്തിട്ടുള്ള ഫിജികാർട്ട് കേന്ദ്ര ഗവൺമെന്റിന്റെയും സംസ്ഥാന ഗവൺമെന്റിന്റെയും നിയമാനുസൃതമായാണ് പ്രവർത്തിക്കുന്നതെന്ന് കമ്പനി നോട്ടീസിൽ അവകാശപ്പെട്ടു. ”ബോബി ചെമ്മണ്ണൂരിന്റെ പേരിൽ വ്യാജ മണിചെയിൻ” എന്ന വാർത്ത അദ്ദേഹത്തെയും, ഫിജികാർട്ട് കമ്പനിയേയും കരുതിക്കൂട്ടി അപമാനിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നാണ് വക്കീൽ നോട്ടീസിലെ പ്രധാന ആരോപണം.

ഫിജികാർട്ടിന് കാഞ്ഞങ്ങാടും  ഇടപാടുകാരുള്ളതിനാൽ പ്രസ്തുത വാർത്ത ഫിജികാർട്ടിന്റെ പ്രവർത്തനത്തെ ബാധിച്ചുവെന്നും,  മലബാർ വാർത്തയ്ക്കയച്ച വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പത്രവാർത്ത വഴി ബോബി ചെമ്മണ്ണൂരിനെയും ഫിജികാർട്ട്  ഇടപാടുകാരെയും അപകീർത്തിപ്പെടുത്തിയ പത്രം ക്ഷമാപണത്തിന് പുറമെ 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് വക്കീൽ നോട്ടീസ് വഴി ആവശ്യപ്പെട്ടിരിക്കുന്നത്.

വ്യവസ്ഥകൾ അംഗീകരിക്കാത്ത പക്ഷം നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊച്ചിയിലെ അഭിഭാഷക ആർ. മനീഷയാണ് ബോബി ചെമ്മണ്ണൂരിന് വേണ്ടി മലബാർ വാർത്താ പത്രത്തിന് വക്കീൽ നോട്ടീസയച്ചത്.

LatestDaily

Read Previous

നഗരസഭയിൽ ഉദ്യോഗസ്ഥ മേധാവിത്തം, നടപടി വേണമെന്ന് പ്രത്യേക കൗൺസിൽ യോഗം

Read Next

രാജസ്ഥാൻ യുവതിയുടെ മരണം; പോലീസ് അന്വേഷണമാരംഭിച്ചു