നഗരസഭയിൽ ഉദ്യോഗസ്ഥ മേധാവിത്തം, നടപടി വേണമെന്ന് പ്രത്യേക കൗൺസിൽ യോഗം

കാഞ്ഞങ്ങാട്:  കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ. വി. സുജാതയോട് ധിക്കാരപരമായി പെരുമാറിയ നഗരസഭാ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനെക്കുറിച്ചാലോചിക്കാൻ വിളിച്ചു ചേർത്ത പ്രത്യേക നഗരസഭാ കൗൺസിൽ യോഗത്തിൽ ഭരണ പ്രതിപക്ഷ ഭേദമില്ലാതെ ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനം. കാഞ്ഞങ്ങാട് നഗരസഭയിലെ മൂന്നാം ഗ്രേഡ് ഒാവർസീയർ കെ. ജയരാജൻ, ഒന്നാം ഗ്രേഡ്  ഒാവർസീയർ വി. മോഹനൻ എന്നിവരാണ് നഗരസഭാധ്യക്ഷയോട് ധിക്കാരപരമായി  പെരുമാറിയത്.

ഒന്നാം ഗ്രേഡ് ഒാവർസീയർ വി. മോഹനൻ നഗരസഭാ കാര്യാലയത്തിലെത്തുന്ന പൊതുജനത്തോട് മോശമായി പെരുമാറുന്നത് സംബന്ധിച്ച്  വ്യാപകമായ പരാതിയുയർന്നിരുന്നു. ഒന്നാം ഗ്രേഡ്  ഒാവർസീയറായ  ജയരാജൻ നഗരസഭാ ഒാഫീസിൽ നഗരസഭാധ്യക്ഷയോട്  ധിക്കാരപരമായി പെരുമാറുകയും ചെയ്തു. കാഞ്ഞങ്ങാട് നഗരസഭയിൽ ഉദ്യോഗസ്ഥ ഭരണമാണെന്നാണ് ഇന്ന് നടന്ന പ്രത്യേക കൗൺസിൽ യോഗത്തിൽ പൊതുവായുണ്ടായ അഭിപ്രായ പ്രകടനം.

ഒാഫീസിലെ അച്ചടക്ക രാഹിത്യം വെച്ച് പൊറുപ്പിക്കേണ്ടതില്ലെന്നാണ് ഭരണ പ്രതിപക്ഷ കൗൺസിലർമാരുടെ അഭിപ്രായം. നഗരസഭാ ഉദ്യോഗസ്ഥരുടെ  ധാർഷ്ട്യത്തിൽ പൊറുതിമുട്ടിയാണ് നഗരസഭാധ്യക്ഷ ഇന്ന് അടിയന്തിര യോഗം വിളിച്ചു ചേർത്തത്. നഗരസഭാ ചട്ടങ്ങളനുസരിച്ച് ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ നഗരസഭാധ്യക്ഷയ്ക്ക് അധികാരമുണ്ടെങ്കിലും, വിഷയത്തിൽ അഭിപ്രായ ഏകീകരണമുണ്ടാക്കാനാണ് ഇന്ന് അടിയന്തിര കൗൺസിൽ യോഗം വിളിച്ചു ചേർത്തത്.

ഇന്ന് രാവിലെ നഗരസഭാ കൗൺസിൽ ഹാളിൽ നടന്ന യോഗത്തിൽ ഭരണ പ്രതിപക്ഷ കൗൺസിലർ മാർ പങ്കെടുത്തു. കേരള മുനിസിപ്പാലിറ്റി ചട്ടങ്ങളിലെ റൂൾ 8 പ്രകാരം  മുനിസിപ്പാലിറ്റിയുടെ കീഴിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ നഗരസഭാ തലവന് അധികാരമുണ്ട്. പ്രസ്തുത ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി അവരെ സർവ്വീസിൽ നിന്നും സസ്പെന്റ് ചെയ്യാനുള്ള അധികാരവും നഗരസഭാധ്യക്ഷയിൽ നിക്ഷിപ്തമാണ്.

മുനിസിപ്പാലിറ്റി ചട്ടങ്ങളിലെ റൂൾ നാല് വകുപ്പ് അഞ്ച് പ്രകാരം ഔദ്യോഗിക കൃത്യ നിർവ്വഹണ സമയത്ത് ഉദ്യോഗസ്ഥർ പരുഷമായ ഭാഷ ഒഴിവാക്കണമെന്ന് നിഷ്ക്കർഷിച്ചിട്ടുള്ളതിനാൽ ഉദ്യോഗസ്ഥർക്കെതിരെ   അച്ചടക്ക നടപടിയെടുക്കാനും നഗരമാതാവിന് അധികാരമുണ്ട്. അതേസമയം, ആരോപണവിധേയരായ ഉദ്യോഗസ്ഥർക്കെതിരെ പൊതുജനങ്ങളിൽ നിന്നും  വ്യാപകമായ പരാതിയുണ്ട്.

നഗരസഭയ്ക്ക് തലവേദനയായ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കാൻ സർക്കാരിനോട് ശിപാർശ ചെയ്യാൻ ഇന്ന് നടന്ന അടിയന്തിര നഗരസഭാ കൗൺസിൽ ഐക്യകണ്ഠേന തീരുമാനിച്ചു. ഒന്നാം ഗ്രേഡ് ഒാവർസീയർ വി. മോഹനനോട് വിശദീകരണമാവശ്യപ്പെട്ട് നോട്ടീസ് നൽകാനും  തീരുമാനിച്ചു. മൂന്നാം ഗ്രേഡ് ഒാവർസീയർ കെ. ജയരാജൻ ഹൈക്കോടതിയിൽ കൊടുത്ത കേസ്സിൽ നഗരസഭ കക്ഷി ചേരാനും ധാരണയായി.

കാഞ്ഞങ്ങാട് നഗരസഭയിലെ ഉദ്യോഗസ്ഥ വാഴ്ചയ്ക്കെതിരെ മുൻ നഗരസഭാധ്യക്ഷൻ വി. വി. രമേശനും രൂക്ഷമായ ഭാഷയിലാണ്  പ്രസംഗിച്ചത്. ഉദ്യോഗസ്ഥർ  ജനപ്രതിനിധികളുടെ മുകളിലാണെന്ന ചിന്ത മാറ്റണമെന്നാണ് മുൻ നഗരസഭാധ്യക്ഷൻ അഭിപ്രായപ്പെട്ടത്.

LatestDaily

Read Previous

കെഎസ്ആർടിസി ബസ്സിനുള്ളിൽ തീപിടിച്ചു

Read Next

മലബാർ വാർത്ത പത്രത്തിനെതിരെ ബോബി ചെമ്മണ്ണൂരിന്റെ 10 കോടിയുടെ വക്കീൽ നോട്ടീസ്