നാപ്ടോൾ വ്യാപാര ശൃംഖലയുടെ പേരിൽ സമ്മാനത്തട്ടിപ്പ്

കാഞ്ഞങ്ങാട്: ഒാൺലൈൻ വ്യാപാര സൈറ്റായ നാപ്ടോളിന്റെ പേരിൽ സമ്മാനത്തട്ടിപ്പ് വ്യാപകമാകുന്നു. നാപ്ടോളിൽ നിന്ന് ഒാൺലൈൻ ബുക്കിംങ്  വഴി സാധനങ്ങൾ വാങ്ങുന്നവരെ ലക്ഷ്യമിട്ടാണ് തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നത്. ടി.വി, വാഷിങ്ങ് മെഷിൻ, റെഫ്രിജറേറ്റർ, സ്മാർട്ട് ഫോൺ, ലാപ്പ്ടോപ്പ് എന്നിവ വാഗ്ദാനം ചെയ്ത് നാപ്ടോൾ ഉപഭോക്താക്കളെ തേടി തപാലിൽ സന്ദേങ്ങൾ അയക്കുന്നതോടെയാണ് തട്ടിപ്പിന് തുടക്കം കുറിക്കുന്നത്. പണം മുടക്കാതെ ലഭിക്കുന്ന സമ്മാനങ്ങലിൽ ആകൃഷ്ടരായാണ് പലരും ചതിയിൽപ്പെടുന്നത്. സമ്മാനക്കെണിയിൽ വീഴുന്നവരിൽ പലർക്കും പണം നഷ്ടമായിട്ടുണ്ട്.

സമാനമായ രീതിയിൽ ഹരിപുരം ചാലിങ്കാൽ മുതിരവളപ്പിലെ നിർമ്മാണത്തൊഴിലാളി എം.കെ.വിജയനെത്തേടിയും നാപ്ടോളിന്റെ പേരിൽ സമ്മാനക്കവർ എത്തി. പശ്ചിമ ബംഗാൾ കൊൽക്കത്ത അടഘാര സസ്തിത്തല ലെയ്നിലെ നാപ്ടോൾ ഒാൺലൈൻ ഷോപ്പിങ്ങ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലയച്ച കവറിനകത്ത് ഒരു സ്ക്രാച്ച് ആന്റ് വിൻ കാർഡുമുണ്ടായിരുന്നു. കാർഡ് ചുരണ്ടിനോക്കിയപ്പോൾ ഒമ്പതരലക്ഷം രൂപ സമ്മാനമായി ലഭിച്ചതായി കാർഡിൽ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. അടുത്തകാലത്തൊന്നും നാപ്ടോളുമായി യാതൊരു ഇടപാടും നടത്തിയിട്ടില്ലാത്ത തന്നെത്തേടി ഒമ്പതര ലക്ഷം രൂപയുടെ സമ്മാനമുള്ള സ്ക്രാച്ച് ആന്റ് കാർഡ് ലഭിച്ചതിന്റെ അമ്പരപ്പിലാണ്  എം. കെ.വിജയൻ. നാല് വർഷം മുമ്പ് ഒാൺലൈൻ ബുക്കിങ്ങ് വഴി കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന ജ്യൂസ് മിഷൻ വാങ്ങിച്ചത് മാത്രമാണ് ഇദ്ദേഹത്തിന് നാപ്പ്ടോളുമായുള്ള ബന്ധം.

നാപ്പ്ടോളിന്റെ സമ്മാന വിഭാഗം എന്ന വ്യാജേനയുള്ള അഡ്രസ്സിൽ നിന്നാണ് വിജയനെ തേടി സമ്മാന കാർഡെത്തിയത്. നാപ്പ്ടോളിന്റെ പന്ത്രണ്ടാം വാർഷികത്തിന്റെ ഭാഗമായുള്ള സമ്മാന പദ്ധതിയെന്ന പേരിലാണ് ഉപഭോക്താക്കൾക്ക് കാർഡയക്കുന്നത്. പണമായി ലഭിക്കുന്ന സമ്മാനങ്ങൾ സമ്മാനാർഹന്റെ ബാങ്ക് അക്കൗണ്ടിലിടുമെന്നാണ് തട്ടിപ്പ് സംഘത്തിന്റെ വാഗ്ദാനം.

ഈ കെണിയിൽ തലവെച്ച് കൊടുക്കുന്നവരിൽ നിന്ന് സർവ്വീസ് ചാർജ്ജുകളുടെ പേരിൽ പണം തട്ടിയെടുക്കുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം. നാപ്പ്ടോളിന്റെ കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിക്കരുടതെന്നാണ് സമ്മാനാർഹരെന്ന് വിശേഷിപ്പിക്കപ്പെടുന്നവർക്ക് നാപ്പ്ടോൾ ഒാൺലൈൻ ഷോപ്പിങ്ങ് സമ്മാന വിഭാഗത്തിന്റേതെന്ന പേരിൽ വരുന്ന കാർഡിലെ ഉപദേശം. ഇതിൽ  നിന്നും സമ്മാന പദ്ധതി വൻ തട്ടിപ്പാണെന്ന് വ്യക്തം. ഒാൺലൈനിൽ കച്ചവടം നടത്തുന്ന നാപ്പ്ടോൾ കമ്പനിയുടെ പേരിൽ വ്യാപകമായി തട്ടിപ്പുകൾ നടന്നുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

നാപ്പ്ടോളിൽ നിന്ന് ഒരു തവണയെങ്കിലും, സാധനം വാങ്ങിയിട്ടുള്ളവരെ തേടിയാണ് തട്ടിപ്പ് സംഘത്തിന്റെ പ്രവർത്തനം. കാസർകോട് ജില്ലയിൽത്തന്നെ നിരവധി പേർ നാപ്പ്ടോളിന്റെ പേരിലുള്ള തട്ടിനിരയായിട്ടുണ്ടെങ്കിലും, തട്ടിപ്പിന്റെ പ്രഭവ കേന്ദ്രം ഇതുവരെ കണ്ടെത്താനായിട്ടില്ല. നാപ്പ്ടോൾ സമ്മാനത്തട്ടിപ്പിന് പുറമെ പലതരത്തിലുള്ള ഒാൺലൈൻ തട്ടിപ്പും സജീവമായിട്ടുണ്ട്.

LatestDaily

Read Previous

കാണാതായ യുവാവിനെ എറണാകുളത്ത് കണ്ടെത്തി, കോടതിയിൽ ഹാജരാക്കി

Read Next

സ്വത്ത് തട്ടിയെടുത്തെന്ന പരാതിയിൽ വഞ്ചനാ കുറ്റത്തിന് കേസ്സ്