നഗരത്തിൽ പിടിച്ചുപറി, മൂന്നംഗ സംഘം അറസ്റ്റിൽ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരമധ്യത്തിൽ പട്ടാപ്പകൽ പിടിച്ചുപറി നടത്തിയ മൂന്നംഗ സംഘത്തെ ഹൊസ്ദുർഗ്ഗ് എസ്.ഐ, കെ.പി. സതീഷ് അറസ്റ്റ് ചെയ്തു. മാവിലാക്കടപ്പുറത്തെ നസീർ 45, ഏഴാംമൈലിലെ തൻഫീഖ് 30, ആവിയിലെ സലാം 45 എന്നിവരാണ് പിടിയിലായത്.

പ്രവാസിയായ ഇട്ടമ്മലിലെ റഹമത്ത് മൻസലിൽ മുഹമ്മദിന്റെ കാൽ ലക്ഷം രൂപ വിലയുള്ള മൊബൈൽ ഫോൺ,3000 രൂപയും കൊള്ളയടിച്ച കേസിലാണ് അറസ്റ്റ്. ഇന്നലെ രാവിലെ 7 മണിക്ക് കാഞ്ഞങ്ങാട് പഴയ കൈലാസ് തിയ്യേറ്ററിന് എതിർവശം മൗലവി ബുക്ക് സ്റ്റാളിന് സമീപം ആൾട്ടോ കാറിലിരിക്കുകയായിരുന്ന മുഹമ്മദ് തട്ടിപ്പറിക്കിരയാവുകയായിരുന്നു. പരിചയം നടിച്ച് കാറിനടുത്തെത്തിയ പ്രതികൾ ആപ്പിൾ കമ്പനിയുടെ മൊബൈൽ ഫോണും പണവും ബലമായി തട്ടിപ്പറിച്ച് രക്ഷപ്പെട്ടു.

മുഹമ്മദ് ഹൊസ്ദുർഗ്ഗ് പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് എസ്.ഐയുടെ നേതൃത്വത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതികൾ പടന്നയിൽ 24 മണിക്കൂറിനുള്ളിൽ പിടിയിലായി. സംഘത്തിലെ ചില പ്രതികൾ നിരവധി കേസുകളിലെ പ്രതിയാണ്. സംഘത്തെ ഇന്ന്  ഹൊസ്ദുർഗ്ഗ്  ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

Read Previous

കെ. റെയിൽ സർവ്വേ തടസ്സപ്പെടുത്തിയതിന് കേസ്സ്

Read Next

റെയിൽവെ പ്ലാറ്റ്ഫോമിൽ തെരുവ് നായ്ക്കളുടെ വിളയാട്ടം