സി.പി.എം- കണ്ണൂർ ജില്ലാ സമ്മേളനം, സ്വർണ്ണക്കടത്ത് -ക്വട്ടേഷേൻ സംഘങ്ങൾ പാർട്ടിക്ക് ദോഷം ചെയ്തു

കാഞ്ഞങ്ങാട് : സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘങ്ങൾ പാർട്ടിയെ മറയാക്കി മുതലെടുപ്പ് നടത്തിയതായി സി.പി.എം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ പ്രതിനിധികളുടെ ആക്ഷേപം. സ്വർണ്ണക്കടത്തും  ക്വട്ടേഷൻ ഇടപാടുകളും വരുമാന മാർഗ്ഗമായി സ്വീകരിച്ചവർക്ക് പാർട്ടി നേതാക്കളുമായുള്ള ബന്ധവും സമ്മേളന ചർച്ചയിൽ എടുത്തുകാട്ടി.

പഴയങ്ങാടി എരിപുരത്ത് നടന്ന കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ രണ്ടാം ദിവസത്തെ ചർച്ചയിൽ മുഖ്യമന്ത്രിയെ ഇരുത്തി പോലീസിനെതിെരയും പ്രതിനിധികൾ രൂക്ഷവിമർശനമുയർത്തുകയുണ്ടായി. സർക്കാറിന് പേര് ദോഷമുണ്ടാക്കുന്ന നടപടികളാണ് പോലീസ് നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പ്രതിനിധികൾ അക്കമിട്ടുനിരത്തി ആരോപിച്ചു. പാർട്ടിയെ സ്നേഹിക്കുന്ന സാധാരണക്കാരാണ് പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയെ സംരക്ഷിക്കുന്നതെന്നും,അല്ലാതെ ക്വട്ടേഷൻ സംഘങ്ങളും സ്വർണ്ണക്കടത്തുകാരുമല്ലെന്നുള്ള അഭിപ്രായങ്ങൾ  സമ്മേളനത്തിലുയർന്നു.

പാർട്ടിയിലെ ചില നേതാക്കളുടെ പേര് ദുരുപയോഗം ചെയ്താണ് ക്വട്ടേഷൻ സംഘങ്ങളും സ്വർണ്ണക്കടത്തുകാരും വളർന്നതെന്നും കുറ്റവാളികൾക്ക് വളരാനും പ്രവർത്തിക്കാനുമുള്ള സാഹചര്യങ്ങൾ നേതാക്കൾ ഒരുക്കിക്കൊടുത്തുവെന്നും,ആരുടെയും പേരെടുത്ത് പറയാതെ പ്രതിനിധികൾ കുറ്റപ്പെടുത്തി വിമർശനത്തിന്റെ കുന്തമുനകൾ ചൂണ്ടിയത് പി.ജയരാജന്റെ നേർക്കായിരുന്നുവെന്ന് വ്യക്തം. പ്രവർത്തന റിപ്പോർട്ടിന്റെ പൊതുചർച്ചയിലാണ് പ്രതിനിധികൾ നേതാക്കൾക്കെതിരെ തുറന്നടിച്ചത്.

സ്വർണ്ണക്കടത്ത് ക്വട്ടേഷേൻ സംഘങ്ങൾക്ക് സംരക്ഷണമൊരുക്കുന്ന പ്രാദേശിക നേതൃത്വത്തിനെതിരെ നടപടി വേണമെന്ന ആവശ്യവും പ്രതിനിധികൾ ഉയർത്തി ക്വട്ടേഷൻ ബന്ധം തുടരുന്നതിനാൽ കൂത്തുപറമ്പ്  ഏരിയയിൽ നേരത്തെ ചിലർക്കെതിരെ നടപടി എടുക്കുകയുണ്ടായി. പാർട്ടി  ഭരണത്തിലുണ്ടായിട്ടും പാർട്ടിപ്രവർത്തകർക്കെതിരെ നടപടിയെടുക്കുകയുണ്ടായി. പാർട്ടിപ്രവർത്തകർക്കെതിരെ കള്ളക്കേസെടുക്കുന്ന കാര്യവും പോലീസിൽ നിന്ന് നീതി ലഭിക്കുന്നില്ലെന്ന പരിഭവവും പാനൂർ ഏരിയയിൽ നിന്നുള്ള പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

പാർട്ടിയുമായിബന്ധപ്പെട്ട്  പേരാവൂർ ഹൗസിംഗ് സംഘത്തിലുണ്ടായ തട്ടിപ്പും ചിട്ടി ഇടപാടുകളിലെ വെട്ടിപ്പും സമ്മേളനത്തിൽ  ചർച്ചയായി. ഇത്തരം വിഷയങ്ങളിൽ നേതൃത്വത്തിന് ജാഗ്രതക്കുറവുണ്ടാവുന്ന തായും പ്രതിനിധികൾ കുറ്റപ്പെടുത്തി തുടർഭരണം കിട്ടിയപ്പോൾ മുൻ മന്ത്രിസഭയുടെ കാലത്തുണ്ടായത് പോലുള്ള മികവും ചടുലതയും ഇപ്പോഴില്ലെന്നുള്ള വിമർശനവും ചിലർ ഉന്നയിച്ചു.

LatestDaily

Read Previous

മുഖ്യമന്ത്രിക്ക് മമ്പറത്ത് കരിങ്കൊടി കാട്ടി

Read Next

വിലക്കിന് പുല്ല് വില;വാഹനയോട്ടം പഴയപടി തന്നെ