ഓൺലൈൻ ചതിയിൽ 74കാരന് 16 ലക്ഷം പോയി

പണം നഷ്ടപ്പെട്ടത് കാഞ്ഞങ്ങാട്ടെ പുല്ലൂർ സ്വദേശിക്ക്

കാഞ്ഞങ്ങാട്:  ഓൺലൈൻ തട്ടിപ്പ് വഴി പുല്ലൂർ ഹരിപുരം സ്വദേശിയായ എഴുപത്തിമൂന്നുകാരനിൽ നിന്ന് 16 ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഘത്തിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്സെടുത്തു. ഹരിപുരം വിഷ്ണുമംഗലം ആരാധനയിലെ ഗോവിന്ദൻ നായരാണ് തട്ടിപ്പിനിരയായത്.

2020 സെപ്തംബർ മാസം മുതൽ 2021 ജൂൺ വരെയുള്ള കാലയളവിലാണ് ഗോവിന്ദൻ നായരിൽ നിന്ന് തട്ടിപ്പ് സംഘം പണം തട്ടിയെടുത്തത്. 2020-ൽ നാഷണൽ ഡിസ്പ്യൂട്ട് റിഡ്രസ്സൽ കമ്മീഷന്റെ പേരിൽ 19.75 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന സന്ദേശത്തോടെയായിരുന്നു തട്ടിപ്പിന്റെ തുടക്കം, അഡ്വക്കറ്റ് സുരേന്ദ്ര നാഗർ കൺസ്യൂമർ കോർട്ട് എന്ന വ്യാജ സ്ഥാപനം വഴിയാണ് ഇദ്ദേഹത്തിന് സന്ദേശമെത്തിയത്.

തുടർന്ന് വിവിധ ഫോൺ നമ്പറുകളിൽ നിന്ന് ഇദ്ദേഹത്തിന് ഫോൺവിളികൾ വരാൻ  തുടങ്ങി. പണം ട്രാൻസ്ഫർ ചെയ്യാനുള്ള വിവിധ ചാർജ്ജുകൾക്കെന്ന പേരിലാണ് വിവിധ നമ്പറുകളിൽ നിന്നും സുരേന്ദ്രൻ നായരെ തേടി ഫോൺ സന്ദേശങ്ങളെത്തിയത്. തട്ടിപ്പ് സംഘത്തിന്റെ ഫോൺവിളികളിൽ കുടുങ്ങി ഇതിനകം 15,96,050 രൂപ അദ്ദേഹത്തിന് നഷ്ടപ്പെട്ടിരുന്നു.

നാഷണൽ ഡിസ്പ്യൂട്ട് റിഡ്രസൽ കമ്മീഷനിൽ നിന്ന് അനുവദിച്ചതെന്ന് വിശ്വസിപ്പിച്ച തുക 19.75 ലക്ഷമാണ്. സർവ്വീസ് ചാർജ്ജ് എന്ന പേരിൽ  ഇദ്ദേഹം ബാങ്ക് ഓഫ് ബറോഡയിലെ അക്കൗണ്ട് വഴി അയച്ച് കൊടുത്തത് 16 ലക്ഷത്തോളം രൂപയാണ്. 19.75 ലക്ഷം അനുവദിച്ചെന്ന സന്ദേശത്തിന്റെ ആവേശത്തിലാണ് ഇദ്ദേഹം തട്ടിപ്പുസംഘം ആവശ്യപ്പെട്ട തുക അയച്ചുകൊടുത്തത്.

എംസിഏ എന്ന വ്യാജേന രാഹുൽ പ്രകാശ്, ബാങ്ക് ഓഫ് ബറോഡ മാനേജർ എന്ന വ്യാജേന സഞ്ജയ് ബാബു റാവോ ബേഗൾ, വിജിലൻസ് ഓഫീസർ എന്ന വ്യാജേന ദിലീപ് റാവത്ത്, സിബിഐ കമ്മീഷണർ എന്ന വ്യാജേന സവന്ത് രാജു, ബാങ്ക് ഓഫ് ബറോഡ മാനേജർ എന്ന വ്യാജേന വൈഷ്ണവ് ശർമ്മ, ബാങ്ക് ഏജിഎം എന്ന പേരിൽ ദേവ്ദത്ത, ഐടി ഓഫീസർ എന്ന വ്യാജേന സതീഷ് അഗർവാൾ എന്നിവർ വിളിച്ചതിന്റെ ഭാഗമായാണ് സുരേന്ദ്രൻ നായർ രണ്ട് അക്കൗണ്ടുകളിലേക്കായി 16 ലക്ഷത്തോളം രൂപ ട്രാൻസ്ഫർ ചെയ്തത്.

സുരേന്ദ്രൻ നായരുടെ പരാതിയിൽ ഐടി ആക്ടിലെ 66 സി 66ഡി വകുപ്പുകൾ പ്രകാരവും ഐപിസി 417, 420 ചതി, വഞ്ചന വകുപ്പുകൾ പ്രകാരവുമാണ് കാസർകോട് സൈബർ ക്രൈം വിഭാഗം കേസ്സെടുത്തത്.

LatestDaily

Read Previous

വീടുവിട്ട പ്ലസ്ടു പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം വിട്ടു

Read Next

മുഖ്യമന്ത്രിക്ക് മമ്പറത്ത് കരിങ്കൊടി കാട്ടി