സിപിഎം പുതിയ ജില്ലാ സിക്രട്ടറിയെ തേടുന്നു, ആരായിരിക്കും…?

കാഞ്ഞങ്ങാട്: കാസർകോട് ജില്ലാ സിക്രട്ടറി പദവിയിലേക്ക് സിപിഎം പുതിയ ജില്ലാ സിക്രട്ടറിയെ തേടുന്നു. മടിക്കൈയിൽ ഡിസംബർ  21, 22, 23 തീയ്യതികളിലാണ് സിപിഎം ജില്ലാ സമ്മേളനം. നിലവിലുള്ള ജില്ലാ സിക്രട്ടറി എം. വി. ബാലകൃഷ്ണന് പകരം പാർട്ടിയെ നയിക്കാൻ കഴിവും  പ്രാപ്തിയുമുള്ള ഒരു നേതാവ് വേണമെന്ന അഭിപ്രായം പാർട്ടി അണികളിൽ ശക്തമാണ്.

ബാലകൃഷ്ണൻമ്മാഷ് മാറുകയാണെങ്കിൽ മുൻ എംഎൽഏ, കെ. വി. കുഞ്ഞിരാമൻ  ജില്ലാ സിക്രട്ടറിയാകുമെന്നുള്ള ബലവത്തായ സൂചനകളും പ്രവർത്തകർ ചർച്ച ചെയ്തിരുന്നുവെങ്കിലും,  ഒട്ടും പ്രതീക്ഷിക്കാതെ കെ. വി. കുഞ്ഞിരാമനെ സിബിഐ, പെരിയ ഇരട്ടക്കൊലക്കേസ്സിൽ 20 ാം പ്രതിയായി ചേർത്തതോടെ കുഞ്ഞിരാമനെ പാർട്ടി ജില്ലാ സിക്രട്ടറിയായി തെരഞ്ഞെടുക്കുന്നതിന് രാഷ്ട്രീയമായി പ്രശ്നങ്ങൾ ഏറെയാണ്.

ഇരട്ടക്കൊലക്കേസ്സ് പ്രതിയെ  പാർട്ടി സിക്രട്ടറിയാക്കിയെന്ന ആരോപണം വാനോളമുയർത്തി കോൺഗ്രസ്സും, യുഡിഎഫും  തീർച്ചയായും രാഷ്ട്രീയ മുതലെടുപ്പുകൾ ശക്തമാക്കാതിരിക്കില്ല. മാത്രമല്ല, പാർട്ടി സംസ്ഥാന നേതൃത്വവും ഈ വിഷയത്തിൽ അനുകൂലമാവുകയുമില്ല.

സ്വന്തം മകൻ ഇഡി കേസ്സിലകപ്പെട്ട് ബംഗളൂരു പാരപ്പന അഗ്രഹാര ജയിലിൽ റിമാന്റിലായപ്പോഴാണ് സിപിഎം സംസ്ഥാന സിക്രട്ടറിയുടെ പദവി കോടിയേരി ബാലകൃഷ്ണൻ സ്വയം ഒഴിഞ്ഞത്. മകൻ ജയിൽ മോചിതനായതോടെ, കോടിയേരി വീണ്ടും സംസ്ഥാന  പാർട്ടി പദത്തിൽ തിരിച്ചെത്തി  ധാർമ്മികത തെളിയിച്ചു.

എം. വി. ബാലകൃഷ്ണൻ മാഷിനെ എംഎൽഏ പദവിയിലേക്കൊന്നും ഇതുവരെ പരിഗണിക്കാതിരുന്ന സാഹചര്യത്തിൽ ഒരു അവസരം കൂടി ജില്ലാ സിക്രട്ടറി പദവി അദ്ദേഹത്തിന്  തന്നെ നൽകാനുമിടയുണ്ട്. അതല്ലെങ്കിൽ, മുൻ എംഎൽഏ, കെ. പി. സതീഷ് ചന്ദ്രൻ ജില്ലാ സിക്രട്ടറി സ്ഥാനത്തെത്താനാണ് സാധ്യത. പക്ഷേ ,ചില ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ ജില്ലാ സിക്രട്ടറി പദവി ഏറ്റെടുക്കാൻ സതീഷ് ചന്ദ്രൻ  തയ്യാറാകുമോ എന്ന് കണ്ടുതന്നെ അറിയണം.

LatestDaily

Read Previous

വിമാനത്താവളങ്ങളിലെ റാപ്പിഡ് കൊള്ളയ്ക്ക് അറുതി

Read Next

സുൽത്താൻ ജ്വല്ലറി കേസ് പ്രതി അറസ്റ്റിൽ