വഖഫ് റിക്രൂട്ട്മെന്റ് ബോർഡ് വരും

കാഞ്ഞങ്ങാട്: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് രൂപത്തിൽ കേരളത്തിൽ  വഖഫ് റിക്രൂട്ട്മെന്റ് ബോർഡ് കൊണ്ടുവരാൻ സർക്കാർ നീക്കം. ഫെബ്രുവരിയിൽ ചേരുന്ന നിയമസഭാ സമ്മേളനത്തിൽ നിലവിൽ പിഎസ്്സിക്ക് വിട്ടിരിക്കുന്ന  വഖഫ് നിയമനം റദ്ദാക്കിയ ശേഷം മാത്രമായിരിക്കും വഖഫ് റിക്രൂട്ട്മെന്റ് ബോർഡിന്റെ പ്രാരംഭ  നടപടികൾ.

മലബാർ ദേവസ്വം, കൊച്ചിൻ ദേവസ്വം, തിരുവിതാംകൂർ ദേവസ്വം എന്നിങ്ങനെ മൂന്ന് ദേവസ്വം ബോർഡുകളാണ് കേരളത്തിലുള്ളത്. നിലവിൽ ദേവസ്വം ബോർഡുകളിലേക്കുള്ള തൊഴിൽ നിയമനങ്ങൾ അതാതു ബോർഡുകളുടെ ചെയർമാൻമാരുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പരിഗണനകൾ നൽകിയാണ് നിയമിക്കുന്നത്.

മാറിമാറി വരുന്ന സർക്കാരുകളുടെ പൂർണ്ണ നിയന്ത്രണത്തിലാണ് ദേവസ്വം ബോർഡുകളിലെ നിയമനങ്ങൾ നടക്കുന്നത്. ഈ രീതിയിൽ വഖഫ് റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിച്ചു കഴിഞ്ഞാൽ അതാതു കാലത്തുള്ള സർക്കാറുകളുടെ നിയന്ത്രണത്തിലാകും വഖഫ് ബോർഡിലേക്ക് തൊഴിൽ നിയമനങ്ങൾ നടക്കുക.

ദേവസ്വം ബോർഡിലേക്ക് ഹിന്ദുക്കൾക്കെന്ന പോലെ, വഖഫ് റിക്രൂട്ട്മെന്റ് ബോർഡ് രൂപീകൃതമായാൽ മുസ്ലീംങ്ങൾക്ക്  മാത്രമായിരിക്കും ബോർഡിലേക്ക് നിയമനം. ഇത്തരം നിയമനങ്ങളിൽ സിപിഎമ്മിനോട് ആഭിമുഖ്യമുള്ള മുസ്ലീം  സഹയാത്രികരെ നിയമിക്കാൻ ഇടതു സർക്കാറിന് ഇനിയുള്ള 4 വർഷത്തേക്ക് പൂർണ്ണ അധികാരം ലഭിക്കുകയും ചെയ്യും.

LatestDaily

Read Previous

പതിനേഴുകാരിയെ തേടി രാജപുരം പോലീസ് ശിവകാശിയിലേക്ക്

Read Next

കുറ്റിക്കാട്ടിൽ അഴുകിയ പുരുഷ മൃതദേഹം