വിമാനത്താവളങ്ങളിലെ റാപ്പിഡ് കൊള്ളയ്ക്ക് അറുതി

കാഞ്ഞങ്ങാട്: കേരളത്തിലെ വിവിധ വിമാനത്താവളങ്ങൾ വഴി യുഏഇയിലേക്ക് യാത്ര തിരിക്കുന്നവരോട് കോവിഡ് പരിശോധനയുടെ പേരിൽ നടത്തിയ  റാപിഡ് കൊള്ളയ്ക്ക്  അറുതി. റാപിഡ് പിസി-ആർ പരിശോധനയ്ക്ക് 2,490 രൂപയായിരുന്നു കോഴിക്കോട് വിമാനത്താവളത്തിൽ ഈടാക്കിയിരുന്നത്.

ഇതിനെതിരെ ലേറ്റസ്റ്റ് ഉൾപ്പെടെ മാധ്യമങ്ങളിൽ വാർത്ത പ്രസിദ്ധീകരിക്കുകയും, യാത്രക്കാരിൽ നിന്ന് വ്യാപക പ്രതിഷേധമുയരുകയും ചെയ്യുകയുണ്ടായി. ലേറ്റസ്റ്റ് വാർത്ത ശ്രദ്ധയിൽപ്പെട്ട രാജ്മോഹൻ ഉണ്ണിത്താൻ എംപി വിഷയം പാർലിമെന്റിൽ ഉന്നയിക്കുമെന്ന് കാഞ്ഞങ്ങാട്ട് വാർത്താ സമ്മേളനത്തിൽ ഉറപ്പും നൽകി.

ഇന്നലെ ഉണ്ണിത്താൻ എംപി ഉൾപ്പെടെയുള്ള എംപിമാർ വിഷയം ലോക്സഭയിൽ ഉന്നയിക്കുകയും, കേന്ദ്രമന്ത്രിമാർക്ക് കത്ത് നൽകുകയും ചെയ്തു. വിവിധ സംഘടനകൾ വ്യോമയാനമന്ത്രാലയത്തിന് കത്തെഴുതുകയും വിമാനത്താവളത്തിൽ ധർണ്ണ നടത്തുകയും  ചെയ്തിരുന്നു.

ഇതേതുടർന്നാണ് 2,490 രൂപയുണ്ടായിരുന്ന റാപിഡ് പിസിആർ നിരക്ക് 1,580 രൂപയായി കുറച്ചത്. ഇന്നലെ ഉച്ചയോടെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ ഇത് സംബന്ധിച്ച വ്യോമയാന മന്ത്രാലയത്തിന്റെ അറിയിപ്പ് ലഭിച്ചത്. തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് ശേഷം വിവിധ വിമാനങ്ങളിൽ യുഏഇയിലേക്കു പോവുന്ന യാത്രികരിൽ നിന്ന് 1,580 രൂപയാണ് ഈടാക്കി വരുന്നത്.  910 രൂപ കുറവ് വന്നു.

എയർപോർട്ട് അതോറിറ്റിയുടെ കീഴിലുള്ള വിമാനത്താവളങ്ങളിലാണ് കേന്ദ്ര സർക്കാർ നിരക്ക് കുറച്ചത്. കേരളത്തിൽ എയർപോർട്ട് അതോറിറ്റിയുടെ കീഴിലുള്ള ഏക വിമാനത്താവളമാണ് കരിപ്പൂരിലേത്. മറ്റ് വിമാനത്താവളങ്ങളിലും നിരക്ക് കുറയ്ക്കാൻ വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ആഗസ്റ്റ് അഞ്ച് മുതലാണ് വിമാനത്താവളങ്ങളിൽ ആർടിപിസിആർ പരിശോധന നിർബ്ബന്ധമാക്കിയത്.

LatestDaily

Read Previous

വാഹനങ്ങളുടെ അമിത വേഗതയും അപകട മരണങ്ങളും നാടിന്റെ സ്വൈര്യം കെടുത്തുന്നു

Read Next

സിപിഎം പുതിയ ജില്ലാ സിക്രട്ടറിയെ തേടുന്നു, ആരായിരിക്കും…?