ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: എണ്ണപ്പാറയിലെ രേഷ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സംശയിക്കുന്നയാളെ നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ പോലീസിന് കോടതി അനുമതി നൽകി. പാണത്തൂർ സ്വദേശി ബിജു പൗലോസിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കാനാണ് പോലീസിന് ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി അനുമതി നൽകിയത്.
ബിജു പൗലോസിനെ രേഷ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ട് തിരോധാന കേസന്വേഷണത്തിന് നേതൃത്വം നൽകുന്ന ബേക്കൽ ഡിവൈഎസ്പി, സി.കെ. സുനിൽകുമാർ കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു.
പതിനെട്ടുകാരിയായ രേഷ്മയെ പത്തരവർഷം മുമ്പാണ് കാണാതായത്. ബിജു പൗലോസ് പാണത്തൂരിലും അജാനൂർ കൊളവയൽ, മഡിയൻ ഭാഗങ്ങളിലും വാടക വീട്ടിൽ ഒപ്പം താമസിപ്പിച്ച് പിന്നീട് എറണാകുളത്തേക്ക് കൂടെക്കൊണ്ടു പോയ ശേഷം കാണാതാവുകയായിരുന്നുവെന്ന് ദളിത് സംഘടനകളും ബന്ധുക്കളും ആരോപിക്കുന്നു.
ബിജു പൗലോസിനെ പോലീസ് നിരവധി തവണ ചോദ്യം ചെയ്തുവെങ്കിലും, ഫലമുണ്ടായില്ല. പോലീസിന്റെ ചോദ്യം ചെയ്യലുമായി സഹകരിക്കാത്ത സാഹചര്യത്തിൽ ബിജു പൗലോസിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ പോലീസ് കോടതിയോട് അനുമതി തേടുകയായിരുന്നു.
അമ്പലത്തറ പോലീസാണ് രേഷ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കേസ്സെടുത്തത്. പോലീസും ആരോപണ വിധേയനും തമ്മിൽ ഒത്തുകളിക്കുകയാണെന്നാരോപിച്ച് ഒരു മാസം മുമ്പ് ദളിത് സംഘടനകൾ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷൻ ഉപരോധിച്ചിരുന്നു. ദളിത് സംഘടനകൾ പ്രക്ഷോഭം ശക്തമാക്കിയതോടെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കഴിഞ്ഞ പത്തര വർഷമായി ദളിത് പെൺകുട്ടി രേഷ്മ എവിടെയെന്നത് ചോദ്യമായി ഇപ്പോഴും അവശേഷിക്കുന്നു.