പള്ളിമതിൽ ഇടിഞ്ഞു വീണ് യുവാവിന് സാരമായി പരിക്കേറ്റു

കാഞ്ഞങ്ങാട്: കൊവ്വൽപ്പള്ളി ജുമാമസ്ജിദിൽ രാത്രി നമസ്കാരത്തിനെത്തിയ യുവാവിന്റെ  ദേഹത്ത്  പള്ളിമതിൽ ഇടിഞ്ഞ് വീണ് സാരമായി പരിക്കേറ്റു. ഇന്നലെ രാത്രി ഇശാ നമസ്കാരത്തിനെത്തിയ കാഞ്ഞങ്ങാട് സൗത്തിലെ സി. സെയ്ഫുള്ളയുടെ 45, ദേഹത്താണ് പള്ളി മതിൽ ഇടിഞ്ഞു വീണത്.

പള്ളിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തോട് ചേർന്ന മതിലാണ് യുവാവിന്റെ ദേഹത്ത് തകർന്ന് വിണത്. കാലിന് സാരമായി പരിക്കേറ്റ യുവാവിനെ പ്രഥമശുശ്രൂഷയ്ക്ക് ശേഷം  മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ കാലിന്റെ എല്ലുകൾക്ക് പൊട്ടലുണ്ട്. പള്ളിയുടെ  ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്സിനും തൊട്ടടുത്ത ക്വാർട്ടേഴ്സിനുമിടയിലുള്ള മതിലിന് സമീപത്ത് കൂടി പള്ളിയിലേക്ക് രാത്രി നമസ്കാരത്തിന് പോകുമ്പോഴാണ് അപകടം.

കൊവ്വൽപ്പള്ളി ജുമാ മസ്ജിദിന്റെ ഉടമസ്ഥതയിലുള്ള കടമുറികൾക്ക് സമീപത്തുള്ള മതിൽ ഏതു നിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലായിട്ടും, ഭാരവാഹികൾ വേണ്ടത്ര ഗൗനിച്ചില്ലെന്നാണ് ജമാഅത്ത് നിവാസികളുടെ  പരാതി. മദ്രസ്സ വിട്ട് വിദ്യാർത്ഥികൾ പലരും പുറത്തിറങ്ങുന്നത് ഇതുവഴിയാണ്. പള്ളിയുടെ കടമുറികളോട് ചേർന്ന് മൂന്ന് മീറ്ററോളം നീളത്തിൽ മതിൽ തകർന്നു വീണിട്ടുണ്ട്.

മതിലിന്റെ ബാക്കിയുള്ള ഭാഗങ്ങളും അപകടഭീഷണിയിലാണ്. അപകട ഭീഷണിയിലായ മതിൽ  പൊളിച്ചു നീക്കി ബലപ്പെടുത്തണമെന്നാണ് ജമാഅത്ത് നിവാസികൾ ആവശ്യപ്പെടുന്നത്. കൊവ്വൽപ്പള്ളി ജമാഅത്തിന്റെ പ്രഥമ പ്രസിഡണ്ടായിരുന്ന അബൂബക്കർ ഹാജിയുടെ മകന്റെ ദേഹത്താണ് ഇന്നലെ രാത്രി മതിലിടിഞ്ഞ് വീണത്.

Read Previous

സ്ക്കൂട്ടറിടിച്ച വിദ്യാർത്ഥിയെ കെഎസ്ഇബിയുടെ ജീപ്പുമിടിച്ചു

Read Next

പെരിയ കൊലക്കേസിൽ അറസ്റ്റിലായവരുടെ വീടുകൾ സിപിഎം സന്ദർശിച്ചു