അനുജന്റെ വീട് തകർത്ത ജ്യേഷ്ഠനെതിരെ കേസ്സ്

കാഞ്ഞങ്ങാട്: സഹോദരന്റെ ഉടമസ്ഥതയിലുള്ള വീട് ജെസിബി ഉപയോഗിച്ച് തകർത്തയാൾക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസ്സെടുത്തു. ഗൾഫിൽ സൂപ്പർ മാർക്കറ്റ് നടത്തുന്ന വാണിയമ്പാറ സ്വദേശി അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള വീടാണ് അദ്ദേഹത്തിന്റെ ജ്യേഷ്ഠനായ ഹക്കീം ജെസിബി ഉപയോഗിച്ച് തകർത്തത്.

ഡിസംബർ 3 ന് ഉച്ചയ്ക്ക്  2 മണിക്കാണ് ഹക്കീം അദ്ദേഹത്തിന്റെ ഭാര്യ മൈമൂന, അവരുടെ ബന്ധുക്കൾ എന്നിവർ ചേർന്ന് അഷ്റഫിന്റെ വീട് ജെസിബി ഉപയോഗിച്ച് തകർത്തത്. ഉടമസ്ഥൻ ഗൾഫിലായതിനാൽ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. വീടിന്റെ രണ്ട് ബെഡ്റൂമുകളും, ശുചിമുറികളും ജെസിബി ഉപയോഗിച്ച് തകർത്ത ഹക്കീം വീട്ടിലെ ഏസി ഉപകരണങ്ങളും ഫർണിച്ചറുകളും കടത്തിക്കൊണ്ടുപോയി.

അയൽവാസികൾ വിവരമറിയിച്ചതിനെത്തുടർന്ന് അഷ്റഫിന്റെ സ്വത്തുക്കൾ നോക്കി നടത്തുന്ന കൊത്തിക്കാലിലെ കെ. ഉബൈദ് സ്ഥലത്തെത്തുകയും ഹൊസ്ദുർഗ് പോലീസിൽ പരാതി കൊടുക്കുകയുമായിരുന്നു. ഉബൈദിന്റെ പരാതിയിൽ അഷ്റഫിന്റെ ജ്യേഷ്ഠൻ  ഹക്കീം, ഭാര്യ മൈമൂന എന്നിവർക്കെതിരെയാണ്  ഹൊസ്ദുർഗ് പോലീസ് കേസ്സെടുത്തത്.

അഷ്റഫിന്റെ പിതാവ് മൊയിലാക്കിരിയത്ത് മമ്മൂഞ്ഞി ഹാജി ചിത്താരി വില്ലേജിൽ ഇഷ്ട ദാനമായി എഴുതി നൽകിയ 14 സെന്റ് സ്ഥലത്തെ തറവാട് വീടാണ് അഷ്റഫിന്റെ സഹോദരൻ ജെസിബി ഉപയോഗിച്ച് തകർത്തത്. വീട് പൊളിച്ചതിൽ 10 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പരാതി.

LatestDaily

Read Previous

കോയാപ്പള്ളിക്ക് മുൻവശം പോലീസ് ബാരിക്കേഡ് സ്ഥാപിച്ചു

Read Next

അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ ലക്ഷങ്ങളുടെ ചൂതാട്ടം