നിഷ ഒടുവിൽ കീഴടങ്ങി

ചെറുവത്തൂർ: അഞ്ചുവർഷം  അർബുദ രോഗത്തോട് രാപ്പകൽ പൊരുതിയ ചെറുവത്തൂർ കാരിയിൽ വീട്ടിൽ നിഷ 44, ഒടുവിൽ കാൻസറിന് മുന്നിൽ  തോറ്റുകൊടുത്തു. റെയിൽവെ സ്റ്റേഷന് പടിഞ്ഞാറുഭാഗത്ത് താമസിക്കുന്ന ചെറുവത്തൂരിലെ അരുണ ഫാർമസി ഉടമ ഡോ. കെ. വി. രാഘവന്റെ മകളാണ് നിഷ.

ഭർത്താവ് ഉണ്ണി തലശ്ശേരി ധർമ്മടം സ്വദേശിയാണ്. ഏക മകൻ നിവേദ് ബിടെക് പൂർത്തിയാക്കി ഒരു വർഷമായി ചികിൽസാ സഹായത്തിന്  അമ്മയ്ക്കൊപ്പം തന്നെയാണ്. നല്ല ആരോഗ്യവതിയായിരുന്ന നിഷയ്ക്ക് 2018-ലാണ് ആദ്യമായി നേരിയ ഉദരവേദന അനുഭവപ്പെട്ടത്.

സാധാരണ ഉദരവേദനയാണെന്ന് കരുതി, കണ്ണൂരിലും കാഞ്ഞങ്ങാട്ടും ഡോക്ടറെ കണ്ട് മരുന്ന് കഴിച്ചുവെങ്കിലും, ഇടയ്ക്ക് മാറിക്കിട്ടിയ ഉദരവേദന വീണ്ടും വന്നപ്പോൾ കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിൽ ചികിൽസ തേടി വിദഗ്ധ പരിശോധന നടത്തിയപ്പോഴാണ് അർബുദമാണെന്ന് ഉറപ്പാക്കിയത്.

പിന്നീട് ഉദര ശസ്ത്രക്രിയകളും, കീമോതെറാപ്പി അടക്കമുള്ള ചികിൽസകളും തുടർച്ചയായി നടത്തി. ഇടയ്ക്കെല്ലാം രോഗം അൽപ്പം മാറിവരികയും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരികയും ചെയ്തുവെങ്കിലും, വീണ്ടും  രോഗം ശക്തിയായി നിഷയെ കടന്നാക്രമിക്കുകയായിരുന്നു.

പത്തിൽക്കൂടുതൽ തവണ കോഴിക്കോട്ടെ ആശുപത്രിയിൽ കീമോതെറാപ്പിക്ക് വിധേയയായെങ്കിലും, അപ്പോഴേക്കും രോഗം നിഷയെ പൂർണ്ണമായും കീഴടക്കിയിരുന്നു. നിഷയുടെ ആരോഗ്യ  കാര്യത്തിൽ വൈദ്യശാസ്ത്രം മുട്ടുമടക്കിയെന്ന് മൂന്നാഴ്ച മുമ്പാണ് ഡോക്ടർമാർ വിധിയെഴുതിയത്.

ഇതോടെ നിഷയുടെ കുടുംബത്തിന്റെ സകല പ്രതീക്ഷകളും മാഞ്ഞുമറഞ്ഞു. ഡിസംബർ 4-ന് ഉച്ചയ്ക്ക് ശേഷം രോഗം മൂർച്ഛിച്ചതിനെ തുടർന്ന് പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിച്ചുവെങ്കിലും, അന്ന് ശനിയാഴ്ച രാത്രി 11-30 മണിയോടെ ഈ നാൽപ്പത്തിനാലുകാരി ലോകത്തോട് വിട പറഞ്ഞു.

ഏക സഹോദരൻ: നികേഷ്. മാതാവ്: ഹരിണാക്ഷി. കേരളത്തിലെ അഞ്ചോളം ആശുപത്രികളിലെ കാൻസർ വിദഗ്ധരായ ഡോക്ടർമാർ  അഞ്ചുവർഷം നീണ്ട മാറിമാറിയുണ്ടായ ചികിൽസയും, ഉദരം തുറന്നുള്ള ശസ്ത്രക്രിയകളും നടത്തിയിട്ടും,  മാരകരോഗം കാൻസർ നിഷയെ കീഴടക്കുക തന്നെ ചെയ്തു.

തൃക്കരിപ്പൂർ മുൻ എംഎൽഏ, കെ. കുഞ്ഞിരാമൻ, പയ്യന്നൂർ നഗരസഭ മുൻ അധ്യക്ഷ എസ്. ജ്യോതി, ചെറുവത്തൂർ ഗ്രാമപഞ്ചായത്തംഗങ്ങളടക്കം നിരവധി പേർ വീട്ടിലെത്തി കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു.

LatestDaily

Read Previous

അതിഞ്ഞാലിൽ ബൈക്കിടിച്ച് യുവാക്കൾക്ക് ഗുരുതരം

Read Next

പോലീസുദ്യോഗസ്ഥന്റെ ആത്മഹത്യ പ്രതിശ്രുത വധുവിന്റെ ഫോൺ വിളി മൂലം