ലോട്ടറിത്തട്ടിപ്പിൽ പെരിയ സ്വദേശിക്ക് 2.94 ലക്ഷം നഷ്ടപ്പെട്ടു

കാസർകോട്: ലോട്ടറിയടിച്ചെന്ന് തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങളിലൂടെ പെരിയ മൂരിയാനം സ്വദേശിയിൽ നിന്ന് 3 ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ കാസർകോട് സൈബർ പോലീസ് വഞ്ചനാക്കുറ്റത്തിന് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു. പെരിയ മൂരിയാനത്തെ കുഞ്ഞിരാമന്റെ മകൻ എം. കരുണാകരനാണ് 58, തട്ടിപ്പിനിരയായത്. കരുണാകരന് 25 ലക്ഷത്തിന്റെ ലോട്ടറിയടിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് അദ്ദേഹത്തിന്റെ ഫോണിലേക്ക് വന്ന സന്ദേശമാണ് തട്ടിപ്പിന്റെ തുടക്കം.

തുടർന്ന് വിവിധ വാട്സാപ്പ് നമ്പറുകളിൽ നിന്നും വിളിച്ച് 25 ലക്ഷത്തിന്റെ ചെക്ക്, സർട്ടിഫിക്കറ്റ് എന്നിവ തട്ടിപ്പ് സംഘം ഇദ്ദേഹത്തിന് അയച്ചുകൊടുത്തു. വ്യാജമായി തയ്യാറാക്കിയ ചെക്കിന്റെ കോപ്പി വാട്സാപ്പിൽ ലഭിച്ചതോടെ  നിജസ്ഥിതി അറിയാതെ കരുണാകരൻ പല തവണയായി തട്ടിപ്പ് സംഘത്തിന് ഗൂഗിൾപേ വഴി 2,94,600  രൂപ അയച്ച് കൊടുത്തു.

പെരിയ കാനറാ ബാങ്കിലെ ഇദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്നും കാനറ ബാങ്കിന്റെ രണ്ട് അക്കൗണ്ടുകളിലേക്കും തട്ടിപ്പ് സംഘത്തിന്റെ ഗൂഗിൾ പേ നമ്പറിലേക്കുമാണ് പണമയച്ചത്.2021 ഒക്ടോബർ  22നും നവംബർ 11നുമിടയിലുള്ള  കാലയളവിലാണ് പണമിടപാടുകൾ നടന്നത്.

ലോട്ടറിത്തുക കിട്ടാതെ വന്നതോടെ  താൻ  വഞ്ചിക്കപ്പെട്ടതായി കരുണാകരന്  മനസ്സിലായി. ഇതേതുടർന്നാണ് ഇദ്ദേഹം പോലീസിൽ പരാതി കൊടുത്തത്. കരുണാകരന്റെ പരാതിയിൽ ഐടി ആക്ടിലെ 66സി, 66 സി വകുപ്പുകളും, ഐപിസി 420 വഞ്ചനാക്കുറ്റം എന്നീ വകുപ്പുകളിലുമാണ് സൈബർ പോലീസ് കേസ്സെടുത്തത്.

LatestDaily

Read Previous

കോടതിയിൽ കീഴടങ്ങിയ പ്രതിക്ക് കോവിഡ്; പുറത്തിറങ്ങി വന്ന് മജിസ്ട്രേറ്റ് പ്രതിയെ റിമാന്റ് ചെയ്തു

Read Next

സംശയരോഗം ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു