കോടതിയിൽ കീഴടങ്ങിയ പ്രതിക്ക് കോവിഡ്; പുറത്തിറങ്ങി വന്ന് മജിസ്ട്രേറ്റ് പ്രതിയെ റിമാന്റ് ചെയ്തു

കാഞ്ഞങ്ങാട്:  കോടതിയിൽ കീഴടങ്ങിയ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് മജിസ്ട്രേറ്റ് കോടതിക്ക് പുറത്ത് വന്ന് പ്രതിയെ റിമാന്റ് ചെയ്തു. ചീമേനി പെരിങ്ങൂർ ചെർളം കക്കാട്ട് വീട്ടിൽ ചിണ്ടന്റെ മകൻ സി. കെ. ബാലനെയാണ് 53, ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഒന്ന് ബി. കരുണാകരൻ കോടതിക്ക് പുറത്തെത്തി റിമാന്റ് ചെയ്തത്. നീലേശ്വരം എക്സൈസ് റജിസ്റ്റർ ചെയ്ത കേസ്സിലാണ് ബാലൻ കഴിഞ്ഞ ദിവസം ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്.

2020 ജൂലൈ 18 ന്  ബാലന്റെ വീട്ടു പരിസരത്ത് നിന്ന് അഞ്ച് ലിറ്റർ നാടൻ ചാരായം എക്സൈസ് സംഘം പിടികൂടിയിരുന്നു. പ്രതി ബാലൻ ഒാടി രക്ഷപ്പെട്ടു. പ്രതിയെ പിടികൂടാൻ എക്സൈസ് പരിശോധന ശക്തമാക്കിയതിന് പിന്നാലെ ബാലൻ കോടതിയിൽ കീഴടങ്ങുകയായിരുന്നു. കോടതിയിൽ കീഴടങ്ങിയ പ്രതിയെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കാൻ മജിസ്ട്രേറ്റ് നിർദ്ദേശിച്ചു. എക്സൈസ് ഉദ്യോഗസ്ഥർ പ്രതിയെ ജില്ലാശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്.

വീണ്ടും കോടതിയിലെത്തിച്ചെങ്കിലും, എക്സൈസ് വാഹനത്തിൽ നിന്ന് പ്രതിയെ പുറത്തിറക്കിയില്ല. കോടതിക്ക് പുറത്ത് വാഹനത്തിനുള്ളിലിരുന്ന പ്രതിയെ മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് പുറത്തിറങ്ങി വാഹനത്തിനരികെയെത്തി റിമാന്റ് ചെയ്യുകയായിരുന്നു. കോവിഡ് മൂലം ജയിലിൽ പാർപ്പിക്കാൻ കഴിയാത്തതിനെതുടർന്ന് പ്രതിയെ പിന്നീട് ചട്ടഞ്ചാൽ തെക്കിൽ ടാറ്റാ ആശുപത്രിയിലേക്ക് മാറ്റി. പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചത് അൽപ്പനേരം കോടതിയിൽ ആശങ്ക പടർത്തി.

LatestDaily

Read Previous

പൂക്കോയ ജയിൽ മോചിതനായി

Read Next

ലോട്ടറിത്തട്ടിപ്പിൽ പെരിയ സ്വദേശിക്ക് 2.94 ലക്ഷം നഷ്ടപ്പെട്ടു