കാഞ്ഞങ്ങാട് ഏസിയിൽ ദളിത് പ്രതിനിധിയില്ല; പാർട്ടി നിലപാടിന് വിരുദ്ധം

കാഞ്ഞങ്ങാട്:  ഇന്നലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സിപിഎം കാഞ്ഞങ്ങാട് ഏരിയാക്കമ്മിറ്റിയിൽ ദളിത് പ്രതിനിധികൾ ആരുമില്ല. യുവാക്കൾക്ക് പുറമെ 70-ന് താഴെ പ്രായമുള്ള സജീവ പാർട്ടി പ്രവർത്തകർ, വനിതാ പ്രതിനിധികൾ, ദളിത് പ്രാതിനിധ്യം എന്നിവർ ഏരിയാക്കമ്മിറ്റിയിൽ നിർബ്ബന്ധമാണ്.

ഇത് പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിയമാവലിയാണ്.  ആറ് വർഷമായി പാർട്ടിയിൽ സജീവമായി പ്രവർത്തിക്കുന്ന ദളിതൻ രാജുഅത്തിക്കോത്ത് ഇട്ടമ്മൽ ഏരിയാ സമ്മേളനത്തിൽ പ്രതിനിധി ആയിരുന്നുവെങ്കിലും, രാജനെ പുതിയ ഏരിയാ കമ്മിറ്റിയിൽ പരിഗണിക്കാതിരുന്നത് ഏരിയയിലെ ദളിത് സഖാക്കളിൽ കടുത്ത പ്രതിഷേധമുയർത്തിയിട്ടുണ്ട്.

കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള പ്രദേശങ്ങളിൽ 62 പാർട്ടി ദളിത് കോളനികൾ നിലവിലുണ്ടായിട്ടും, ഏസിയിൽ ദളിത് പ്രാതിനിധ്യം ഉറപ്പാക്കാൻ സംസ്ഥാന നേതൃത്വത്തിന്റെ  സർക്കുലർ ഉണ്ടായിട്ടും ഒരു ദളിത് പ്രതിനിധിയെപ്പോലും ഏസിയിൽ ഉൾക്കൊള്ളിച്ചില്ല.

തൽസമയം പ്രായം 75-ലെത്തിയ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രാവണീശ്വരത്തെ ഏരോൽ കൃഷ്ണനെ ഏസിയിൽ നിലനിർത്തി. മുൻ ഏരിയാ സിക്രട്ടറി എം. പൊക്ലൻ പ്രായാധിക്യം കൊണ്ടുതന്നെ ഏസിയിൽ നിന്ന് സ്വയം ഒഴിഞ്ഞുമാറി. ഫലത്തിൽ വരേണ്യവർഗ്ഗം മാത്രം നയിക്കുന്ന  ഏരിയാ കമ്മിറ്റിയായി സിപിഎം കാഞ്ഞങ്ങാട് ഏസി മാറിക്കഴിഞ്ഞു. അഡ്വ. കെ. രാജമോഹനാണ് രണ്ടാം തവണയും ഏസി സിക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്.

ഏസി അംഗം എം. രാഘവൻ ഏസി സിക്രട്ടറി സ്ഥാനത്തേക്ക് കെ. രാജ്മോഹന്റെ പേര് നിർദ്ദേശിച്ചത് കമ്മിറ്റിയിൽ രൂപം കൊള്ളുമായിരുന്ന  വിഭാഗീയത ഒഴിവാക്കി. വ്യക്തി താൽപ്പര്യത്തിനപ്പുറത്ത് എം. രാഘവൻ പാർട്ടി താൽപ്പര്യം ഉയർത്തിപ്പിടിച്ചുവെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തി.

Read Previous

സിബിഐ നടപടി നീതിപൂർവ്വമല്ല: കെ.വി. കുഞ്ഞിരാമൻ

Read Next

ചെക്ക് കേസിൽ മണിനായർ റിമാന്റിൽ