തല തിരിഞ്ഞ വിജ്ഞാനം

കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവർക്ക് സൗജന്യ ചികിത്സ നൽകില്ലെന്ന സർക്കാരിന്റെ തീരുമാനം ധീരമായ നിലപാട് തന്നെയാണ്. രണ്ട് വർഷത്തോളമായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തുടരുന്ന സംസ്ഥാന സർക്കാരിന്റെ  രോഗ പ്രതിരോധ ശ്രമങ്ങളെ തുരങ്കം വെക്കുന്നവരിൽ സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം കൈപ്പറ്റുന്നവരുമുണ്ടെന്നതാണ് വസ്തുത. ഇത്തരമാൾക്കാർക്ക് പൊതുജനത്തിന്റെ  നികുതിപ്പണമുപയോഗിച്ച് ചികിത്സ നൽകേണ്ട ആവശ്യവുമില്ല.

കേരളത്തിൽ ഭൂരിപക്ഷം പേരും കോവിഡ് പ്രതിരോധ വാക്സിന്റെ  ഒന്നും രണ്ടും ഡോസുകൾ സ്വീകരിച്ചു കഴിഞ്ഞു. തീരെ ചെറിയ ഒരു വിഭാഗമാണ് വാക്സിൻ സ്വീകരിക്കാതെ പ്രതിരോധ നടപടികളോട് പുറം തിരിഞ്ഞ് നിൽക്കുന്നത്. ഇവരിൽ അധ്യാപകരുമുണ്ടെന്നതാണ് പരിഹാസ്യമായ സത്യം. കോവിഡ് വാക്സിൻ സ്വീകരിക്കാത്തവർ സ്കൂളുകളിൽ വരേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രിയും പ്രഖ്യാപിച്ചിട്ടുണ്ട്. എവിടെ നിന്നും രോഗം പകരാവുന്ന സാഹചര്യം നില നിൽക്കുമ്പോൾ പ്രതിരോധ വാക്സിൻ സ്വീകരിക്കാത്ത അധ്യാപകർ സ്കൂളിലെത്തുന്നത് രോഗ ഭീതി ഇരട്ടിപ്പിക്കുക തന്നെ ചെയ്യും.

അന്ധമായ വിശ്വാസ പ്രമാണങ്ങളുടെ അടിമകളായ ഒരു വിഭാഗമാണ് കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാതെ പ്രതിരോധശ്രമങ്ങളെ വെല്ലുവിളിക്കുന്നത്. സർക്കാരിന്റെ ശമ്പളം കൃത്യമായി എണ്ണിവാങ്ങിക്കുന്നവരുമാണ് ഇക്കൂട്ടർ. ഒന്നര വർഷത്തിലധികമായി വീട്ടിലിരുന്ന് ശമ്പളം വാങ്ങി ഖജനാവ് കാലിയാക്കിയ അധ്യാപകർക്ക് സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളോട് സഹകരിക്കേണ്ട ബാധ്യതയും ധാർമ്മിക ഉത്തരവാദിത്തവുമുണ്ട്.

തിന്നുന്ന ചോറിനോട് കൂറില്ലാത്ത ഒരു വിഭാഗം അധ്യാപകരാണ് മത വിശ്വാസങ്ങളുടെ പേരിൽ പ്രതിരോധ വാക്സിൻ സ്വീകരിക്കാതെ ഒളിച്ച് കളിക്കുന്നത്. വിശ്വസിക്കാൻ എല്ലാവർക്കും അവകാശമുണ്ടെങ്കിലും, അന്ധവിശ്വാസങ്ങൾക്ക് വിശ്വാസത്തിന്റെ പേരിട്ടുള്ള കോപ്രായങ്ങളെ എതിർക്കപ്പെടേണ്ടത് തന്നെയാണ്. പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കാതെ സ്വയം രോഗം വരുത്തിവെക്കുന്ന സർക്കാർ ഉദ്യോഗസ്ഥരെ താങ്ങേണ്ട കാര്യം ഒരു സർക്കാരിനുമില്ല. ഇത്തരമാൾക്കാർക്ക് കോവിഡ് പ്രതിരോധ മരുന്ന് കുത്തിവെക്കുന്നതിന് മുമ്പ് തലച്ചോർ വികസിക്കാനുള്ള ചികിത്സയാണ് നൽകേണ്ടത്.

ലോകമെങ്ങും വ്യാപിച്ചിരിക്കുന്ന കോവിഡ് മഹാമാരി ഇല്ലാതാക്കാൻ ശാസ്ത്രലോകവും സർക്കാരുകളും പാടുപെടുമ്പോഴാണ് തലയിൽ ആൾത്താമസമില്ലാത്ത ഒരു കൂട്ടർ രക്ഷയ്ക്കായി ആകാശത്തേയ്ക്ക് കൈനീട്ടുന്നത്. കോവിഡിനെ തുരത്താൻ സർവ്വ മതങ്ങളുടെയും ദൈവങ്ങൾക്കാവില്ലെന്ന് കാലം തെളിയിച്ചുകഴിഞ്ഞു. കോവിഡ് പ്രതിസന്ധിയിൽ ആരാധനാലയങ്ങൾ അടച്ചുപൂട്ടി ദൈവങ്ങൾ കണ്ണുംപൂട്ടിയിരിക്കാൻ തുടങ്ങിയിട്ട് ഒന്നര വർഷത്തിലേറെയായിട്ടും പലർക്കും തലയിൽ വെളിച്ചം കയറിയിട്ടില്ലെന്നാണ് മനസ്സിലാക്കേണ്ടത്.

വിദ്യാർത്ഥികൾക്ക് അറിവിന്റെ പാഠങ്ങൾ പകർന്നുനൽകേണ്ടവരാണ് അധ്യാപകർ. അജ്ഞാന തമസിനെ ഇല്ലാതാക്കുന്നവൻ എന്നാണ് ഗുരുവെന്ന വാക്കിന്റെ അർത്ഥം. അന്ധവിശ്വാസം കുത്തിനിറച്ച തലച്ചോറുമായി വിദ്യാർത്ഥികൾക്ക് അക്ഷരവിദ്യ പകർന്നു നൽകാനെത്തുന്ന അധ്യാപകർ ഗുരുവെന്ന വിളിപ്പേരിന് അർഹനല്ല തന്നെ.  ഇത്തരം അധ്യാപകർ ഇരുപത്തൊന്നാം നൂറ്റാണ്ടിലുമുണ്ടെന്നത് അധ്യാപക ലോകത്തിന് തന്നെ അപമാനമാണ്. ആധുനിക സാങ്കേതിക വിദ്യകളുടെ മുഴുവൻ ഗുണഫലവും അനുഭവിക്കുന്നവർ തന്നെ മത വിശ്വാസത്തിന്റെ പേരിൽ വാക്സിൻ നിഷേധിക്കുന്നുവെന്നത് വിരോധാഭാസമാണ്.

വാക്സിൻ സ്വീകരിക്കാത്ത അധ്യാപകരെയും ജീവനക്കാരയെും കണ്ടെത്തി അവരെ ബോധവത്ക്കരിക്കേണ്ട ഉത്തരവാദിത്തം സർവ്വീസ് സംഘടനകൾക്കുമുണ്ട്. രാജ്യത്ത് മറ്റെങ്ങും ലഭിക്കാത്ത വിധത്തിൽ കോവിഡിന് സൗജന്യ ചികിത്സ ലഭിക്കുന്ന ഏക സംസ്ഥാനമാണ് കേരളം.

ഒന്നര വർഷക്കാലത്തിലധികമായി ആരോഗ്യവകുപ്പ് രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഭംഗിയായി ചെയ്തുവരുന്നുണ്ട്. രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് ഖജനാവിൽ നിന്ന് റവന്യൂവരുമാനത്തിന്റെ ഏറിയ പങ്കും ചെലവാകുന്നുണ്ട്. രോഗികളുടെ എണ്ണം കുറയാതെ തുടർന്നാൽ ഖജനാവ് കാലിയാകാൻ കാലമേറെ കാത്തിരിക്കേണ്ടി വരില്ല. കേരളത്തിന്റെ ഭാവിയോർത്തെങ്കിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളോട് സഹകരിക്കാൻ സർക്കാർ ഉദ്യോഗസ്ഥർക്കും  അധ്യാപകർക്കും ബാധ്യതയുണ്ട്.

LatestDaily

Read Previous

സിപിഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയിലേക്ക് മല്‍സരിച്ച ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ നാലു പേര്‍ക്ക് പരാജയം

Read Next

സിബിഐ നടപടി നീതിപൂർവ്വമല്ല: കെ.വി. കുഞ്ഞിരാമൻ