സിപിഎം ഏരിയാ സെക്രട്ടറിയെ ഇന്നറിയാം

കാഞ്ഞങ്ങാട്: ഇട്ടമ്മലിൽ ഇന്നലെ ആരംഭിച്ച സിപിഎം കാഞ്ഞങ്ങാട് ഏരിയാ സമ്മേളനം രണ്ടാംദിവസമായ ഇന്ന് സമാപിക്കും. പുതിയ ഏരിയാ കമ്മിറ്റിയംഗങ്ങളുടെയും സെക്രട്ടറിയുടെയും  തെരഞ്ഞഠുപ്പും ജില്ലാ സമ്മേളന പ്രതിനിധികളെ തെരഞ്ഞെടുക്കലുമാണ് ഇന്നത്തെ പ്രധാന അജണ്ട.

ഇന്നലെ ആരംഭിച്ച ചർച്ചകൾക്ക് ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ മാസ്റ്ററും ഏരിയാ സെക്രട്ടറി അഡ്വ. രാജ്മോഹനും മറുപടി നൽകും. തുടർന്നാണ് ഏരിയാ കമ്മിറ്റി തെരഞ്ഞെടുപ്പ്. എന്നാൽ 23 അംഗ കമ്മിറ്റി അംഗങ്ങളിൽ ചില മാറ്റങ്ങൾ വരാൻ സാധ്യതകയുണ്ട്.  മുതിർന്ന നേതാക്കളായ ഡി.വി. അമ്പാടി, പി. നാരായണൻ, പി. കൃഷ്ണൻ തുടങ്ങിയവരെ കേന്ദ്രീകരിച്ചാണ് മാറ്റത്തിന് സാധ്യത.

ജില്ലാ കമ്മിറ്റിയംഗമായിരുന്ന മുതിർന്ന നേതാവ് ഏ.കെ. നാരായണനെ കഴിഞ്ഞ സംഘടനാ തെരഞ്ഞെടുപ്പിൽ പ്രായാധിക്യത്തെത്തുടർന്ന് ഏരിയാ കമ്മിറ്റിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ  ഏ.കെ. നാരായണനെ ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നത് കാരണം ഏരിയാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കാനാണ് സാധ്യത. പാർട്ടിയുടെ കരുത്തുറ്റ നേതാവും മികച്ച സംഘാടകനുമായ  എം. പൊക്ലൻ ഏരിയാ കമ്മിറ്റിയിൽ നിന്ന് മാറി നിൽക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. അതേസമയം പൊക്ലനെ മാറ്റിനിർത്തരുതെന്ന  പ്രബലമായ അഭിപ്രായമാണ് ഭൂരിപക്ഷത്തിനുമുള്ളത്. നിലവിൽ പാർട്ടിയുടെ ജില്ലാ കമ്മിറ്റിയംഗം കൂടിയാണ് എം. പൊക്ലൻ.

സർക്കാർ സർവ്വീസിൽ നിന്നും രാജിവെച്ച് മുഴുസമയ പാർട്ടി പ്രവർത്തനത്തിനിറങ്ങിയ എം. രാഘവന് ഏരിയാ സെക്രട്ടറി സ്ഥാനത്തേക്ക് താൽപ്പര്യമുണ്ടെങ്കിലും, കമ്മിറ്റിയംഗമെന്ന നിലയിൽ തുടരാനുള്ള സാഹചര്യമാണ്  നിലവിലുള്ളത്. സഞ്ചയൻ ഇപ്പോഴും ലോക്കൽ കമ്മിറ്റിയംഗമായി തുടരുകയാണ്. പുല്ലൂരിൽ നിന്നുള്ള പി. കൃഷ്ണനെ ഏരിയാ കമ്മിറ്റിയിൽ നിന്നൊഴിവാക്കിയാൽ പകരക്കാരനായി അവിടെ നിന്ന് തന്നെയുള്ള ബാലകൃഷ്ണൻ ഏരിയാ കമ്മിറ്റിയിലെത്തും. മുതിർന്ന മറ്റ് നേതാക്കൾ മാറുകയാണെങ്കിൽ പകരം യുവ നേതാക്കളായിരിക്കും കമ്മിറ്റിയിലെത്തുക.

സമവായത്തിലെത്തുകയാണെങ്കിൽ, ഇന്നുച്ചയോടെ പുതിയ ഏരിയാകമ്മിറ്റി നിലവിൽ വരും. മറിച്ചാണെങ്കിൽ വോട്ടെടുപ്പ് വേണ്ടിവരും. എന്നാൽ വോട്ടെടുപ്പിനുള്ള സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്നലെ വൈകീട്ട് നടന്ന സാംസ്ക്കാരിക സമ്മേളനത്തിൽ  കാറ്റാടി കുമാരൻ  അധ്യക്ഷനായി. കെ.വി. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. എ.വി. നാരായണൻ സ്വാഗതം പറഞ്ഞു. ഇന്ന് വൈകീട്ട് പൊതുസമ്മേളനത്തോടെയായിരിക്കും രണ്ട് ദിവസത്തെ സമ്മേളനം സമാപിക്കുക.

Read Previous

ഇരട്ടക്കൊല;അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും

Read Next

ഡോക്ടറെ മർദ്ദിച്ച സംഭവം ഏരിയ സമ്മേളനത്തിൽ കത്തിക്കയറി