മെഡിക്കൽ കോളേജ് എങ്ങുമെത്തിയില്ല തറക്കല്ലിട്ട് എട്ട് വർഷം തികഞ്ഞു

കാഞ്ഞങ്ങാട്: കാസർകോടിന് സംസ്ഥാന സർക്കാർ അനുവദിച്ച മെഡിക്കൽ കോളേജിന് ഉക്കിനടുക്കയിൽ തറക്കല്ലിട്ട് നവംബർ 30 ന് എട്ട് വർഷം തികഞ്ഞു. ഒമ്പതാം വർഷത്തിലേക്ക് കടക്കുമ്പോൾ ആശുപത്രി ബ്ലോക്കിന്റെ നിർമ്മാണം പോലും ഇനിയും പൂർത്തിയാവാനിരിക്കുന്നതേയുള്ളൂ. വിദേശ രാജ്യങ്ങളിൽ കോവിഡ് വകഭേദമായ ഒമിക്രോൺ കണ്ടെത്തിയ സാഹചര്യത്തിലും, കർണ്ണാടക സർക്കാർ യാത്രാ നിയന്ത്രണങ്ങൾ കടുപ്പിച്ച സാഹചര്യത്തിലുമാണ് അതിർത്തി ഗ്രാമത്തോട് ചേർന്നുള്ള ഉക്കിനടുക്ക മെഡിക്കൽ കോളേജിന് തറക്കല്ലിട്ട് ഇന്ന് എട്ട് വർഷം പൂർത്തിയാവുന്നത്.

കോവിഡ് രണ്ടാം തരംഗത്തിലും ഒന്നാം തരംഗത്തിന്റെ ആദ്യത്തിലും മംഗളൂരുവിലേക്ക് രോഗികളെ എത്തിക്കാൻ പ്രയാസം നേരിട്ട് നിരവധി പേരുടെ മരണം സംഭവിച്ച സാഹചര്യത്തിലാണ് ഉക്കിനടുക്ക മെഡിക്കൽ കോളേജിൽ ജീവൻ നൽകാനുള്ള പരിശ്രമങ്ങൾക്ക് തുടക്കം കുറിച്ചത്. ജില്ലയിലെ സാധാരണക്കാർക്ക് മെഡിക്കൽ കോളേജിന്റെ സേവനം ലഭ്യമാവണമെങ്കിൽ ഇനിയും ഒരുപാട് സമയവും ദൂരവും താണ്ടേണ്ടതുണ്ട്.

എന്നാൽ പത്തനംതിട്ട. ഇടുക്കി, മലപ്പുറം ജില്ലകളിലും കാസർകോടിനൊപ്പമാണ് മെഡിക്കൽ കോളേജനുവദിച്ചത്. മറ്റു ജില്ലകളിലെ മെഡിക്കൽ കോളേജുകളുമായി താരതമ്യം ചെയ്യുമ്പോൾ  കാസർകോടിനനുവദിച്ച മെഡിക്കൽ കോളേജ് ഉക്കിനടുക്കയിൽ ഇന്നും പിച്ച വെച്ച് നടക്കുകയാണ്. മഞ്ചേരിയിൽ സ്ഥിതി ചെയ്യുന്ന മലപ്പുറം ജില്ലാ ആശുപത്രിയും, ചെറുതോണി പൈനാവിലെ ഇടുക്കി ജില്ലാ ആശുപത്രിയും മെഡിക്കൽ കോളേജുകളായി ഉയർത്തിയപ്പോൾ പത്തനംതിട്ടയിലും, കോന്നിയിലും കാസർകോട്ടും പുതുതായി ആശുപത്രിയും മെഡിക്കൽ കോളേജും അനുവദിക്കുകയായിരുന്നു.

2013 നവംബർ മുപ്പതിനാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കാസർകോട് മെഡിക്കൽ കോളേജിനായി ഉക്കിനടുക്കയിൽ ശിലയിട്ടത്. കാസർകോടിനൊപ്പം പ്രഖ്യാപിക്കപ്പെട്ട മറ്റ് മെഡിക്കൽ കോളേജുകളിൽ ചികിത്സാ സൗകര്യങ്ങൾ ലഭ്യമായിട്ട്  വർഷങ്ങൾ കഴിയുമ്പോഴും ഉക്കിനടുക്കയിൽ പരിമിതമായ തോതിൽ പോലും ചികിത്സാ സൗകര്യം ലഭ്യമല്ല. ഉക്കിനടുക്കയിൽ ആശുപത്രി സമുച്ചയത്തിന് 2018 നവംബർ 25 ന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു. 67 ഏക്കർ ഭൂമിയിൽ 500 കിടക്കകളുള്ള ആശുപത്രിയാണ് ലക്ഷ്യം. എന്നാൽ, ഇതേവരെയായി അക്കാദമിക്ക് ബ്ലോക്ക് മാത്രമാണ് പൂർത്തീകരിച്ചത്. കോവിഡ് തരംഗത്തിൽ അക്കാദമിക്ക് ബ്ലോക്ക് കോവിഡ് ആശുപത്രിയായി പ്രവർത്തിക്കുകയുണ്ടായി എന്നതൊഴിച്ചാൽ, ഇതേവരെ ഒപി വിഭാഗം പോലും തുടങ്ങാനായിട്ടില്ല.

മെഡിക്കൽ കോളേജിന് 270 തസ്തികകൾ അനുവദിച്ചതായി അറിയിപ്പുണ്ടായെങ്കിലും ഇതേവരെ പ്രിൻസിപ്പലും സൂപ്രണ്ടുമില്ല. പേരിന് 20 ഡോക്ടർമാരും, 24 നഴ്സ്മാരുമുണ്ട്. ന്യൂറോളജിസ്റ്റ് ഉൾപ്പെടെ വിദഗ്ദ ഡോക്ടർമാരുടെ സേവനം ലഭ്യമല്ല. ന്യൂറോളജിസ്റ്റിനെ നിയമിക്കുമെന്ന്  ഈ മാസം 18 ന് കാസർകോട്ടെത്തിയ ആരോഗ്യ മന്ത്രി പ്രഖ്യാപിച്ചെങ്കിലും, നടപ്പിലായിട്ടില്ല. ഇതോടൊപ്പം പ്രഖ്യാപിക്കപ്പെട്ട മറ്റു മെഡിക്കൽ കോളേജുകൾ ബഹുദൂരം മുന്നോട്ട് പോവുമ്പോൾ, കാസർകോട് അവഗണനയുടെ നിഴലിലാണ്. ഉക്കിനടുക്കയിൽ മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാകുമോ എന്ന ചോദ്യവും അവശേഷിക്കുകയാണ്.

LatestDaily

Read Previous

ജില്ലയിലെ ചെങ്കൽപ്പണകളിൽ വിജിലൻസ് സംഘത്തിന്റെ മിന്നൽ പരിശോധന

Read Next

സുൽത്താൻ ഗോൾഡ് മോഷണം: സെയിൽസ് മാനേജർ മുങ്ങി