ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബിജു പൗലോസിനെ പോലീസ് വീണ്ടും നുണ പരിശോധന നടത്തും ചോദ്യം ചെയ്യലിൽ സഹകരിക്കാതെ ബിജു പൗലോസ്
കാഞ്ഞങ്ങാട്: തായന്നൂർ എണ്ണപ്പാറ മൊയാളം ആദിവാസി കോളനിയിലെ രാമന്റെ മകൾ രേഷ്മയുടെ തിരോധാനക്കേസ്സ് പത്തര വർഷം പിന്നിട്ടിരിക്കെ രേഷ്മയെ കടത്തിക്കൊണ്ട് പോയതായി ഉറപ്പാക്കിയ പാണത്തൂരിലെ ബിജു പൗലോസിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ പോലീസ്.
ആരോപണ വിധേയനെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ട് കേസ്സന്വേണ ഉദ്യാഗസ്ഥനായ ബേക്കൽ ഡിവൈഎസ്പി, സി. കെ. സുനിൽകുമാർ, ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി.
2010 മെയ് മാസം മുതൽ 18 വയസ്സുകാരിയായ രേഷ്മയെ ദുരൂഹ സാഹചര്യത്തിൽ കാണാതാവുകയായിരുന്നു. മകളെ കാണാതായതു സംബന്ധിച്ച് മാതാപിതാക്കൾ അന്ന് തന്നെ അമ്പലത്തറ പോലീസിൽ പരാതി നൽകി. എഫ്ഐആർ റജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പാണത്തൂർ സ്വദേശിയായ ബിജു പൗലോസ് ആദിവാസി പെൺകുട്ടിയെ കടത്തിക്കൊണ്ട് പോയി അപായപ്പെടുത്തിയതായി ബന്ധുക്കളും, ആദിവാസി സംഘടനകളും ആരോപിച്ചു.
പോലീസ് ബിജു പൗലോസിനെ കേന്ദ്രീകരിച്ച് കാര്യമായ അന്വേഷണം നടത്തിയില്ലെന്നും പോലീസ് ആരോപണ വിധേയനെ സംരക്ഷിക്കുകയാണെന്നുമാരോപിച്ച് ദളിത് സംഘടനകൾ രംഗത്ത് വന്നതോടെയാണ് രണ്ട് മാസം മുമ്പ് ദളിത് പ്രവർത്തകർ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷൻ ഉപരോധിച്ച് രേഷ്മയെ കണ്ടെത്തും വരെ സമരം പ്രഖ്യാപിച്ചത്.
ദളിത് സംഘടനകൾ പ്രക്ഷോഭവുമായി രംഗത്തുവന്നതോടെ രേഷ്മ തിരോധാനക്കേസ്സിൽ പോലീസ് അന്വേഷണം ഊർജ്ജിതമായി. ഡിവൈഎസ്പി സുനിൽ കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ബിജു പൗലോസിനെ അന്വേഷണ സംഘം നിരവധി തവണ ചോദ്യം ചെയ്തെങ്കിലും, അന്വേഷണവുമായി സഹകരിക്കാൻ കൂട്ടാക്കാത്തതിനെത്തുടർന്നാണ് പോലീസ് ഇദ്ദേഹത്തെ നുണപരിശോധനയ്ക്ക് വിധേയനാക്കാൻ തീരുമാനിച്ചത്.
കോടതിയനുമതി ലഭിക്കുന്ന മുറയ്ക്ക് ബിജു പൗലോസിനെ നാർകോ അനാലിസിസ് ടെസ്റ്റിന് വിധേയമാക്കാനാണ് പോലീസ് തീരുമാനം. കമ്പ്യൂട്ടർ കോഴ്സിന് പഠിക്കുന്നതിനിടെ പാണത്തൂരിലെ വീട്ടിൽ ബിജു പൗലോസിനൊപ്പം രേഷ്മ താമസിച്ചിരുന്നു. പിന്നീട് അജാനൂർ കൊളവയലിന് സമീപവും മഡിയനിലെ വാടക വീട്ടിലും ഭാര്യയെപ്പോലെ ഒപ്പം താമസിപ്പിച്ചു. രേഷ്മയെ ബിജു പൗലോസ് വിവാഹം കഴിച്ചിരുന്നില്ലെന്ന് ദളിത് നേതാക്കൾ ചൂണ്ടിക്കാട്ടി.
മഡിയനിൽ ഒപ്പം താമസിക്കുന്നതിനിടെ രേഷ്മയെ ബിജു പൗലോസ് വീട്ടുകാരറിയാതെ എറണാകുളത്തേക്ക് കൊണ്ടു പോയി. പിന്നീട് രേഷ്മയെക്കുറിച്ച് ബന്ധുക്കൾക്കോ, നാട്ടുകാർക്കോ ഒരു വിവരവുമില്ല. രേഷ്മയെ എറണാകുളത്ത് അപായപ്പെടുത്തിയെന്ന് ബന്ധുക്കൾ സംശയമുയർത്തുന്നുണ്ട്. രേഷ്മയെവിടെയെന്ന ചോദ്യത്തിന് ബിജു പൗലോസിന് വ്യക്തമായ ഉത്തരമില്ല. പോലീസ് ചോദ്യം ചെയ്യലിൽ എന്തൊക്കെയോ മറച്ചുവെക്കുന്നുവെന്നതിലാണ് ബിജു പൗലോസിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ അന്വേഷണ സംഘം തീരുമാനിച്ചത്.