ട്രെയിനുകളിൽ തിരക്കേറി; ജനറൽ കോച്ചുകളിൽ കയറിപ്പറ്റാൻ പ്രയാസം

കാഞ്ഞങ്ങാട്: കൂടുതൽ ട്രെയിനുകൾ ഓടിത്തുടങ്ങുകയും, ജനറൽ കോച്ചുകൾ അനുവദിക്കുകയും ചെയ്തതോടെ വണ്ടികളിൽ തിരക്കേറി. എല്ലാ വണ്ടികളിലും ജനറൽ കോച്ചുകളില്ലാത്തതും, ഉള്ളവയിൽത്തന്നെ ആവശ്യത്തിന് കോച്ചുകളനുവദിക്കാത്തതുമാണ് തിരക്ക് കൂടാനിടയാക്കുന്നത്. രാവിലെയും വൈകുന്നേരവും ഓഫീസുകളിലേക്ക് വരുന്നവരും, മടങ്ങിപ്പോവുന്നവരുമായ നിരവധി യാത്രക്കാരാണ് തിരക്കിൽ വലയുന്നത്.

ഇവർക്ക് കോച്ചുകളിൽ കയറിപ്പറ്റണമെങ്കിൽ ഏറെ പ്രയാസപ്പെടണം. പ്രായമായവർക്കും കുട്ടികൾക്കുമാണ് ഏറെ പ്രയാസപ്പെടേണ്ടി വരുന്നത്. ജനറൽ കോച്ചുകൾ കണ്ണൂർ- മംഗലാപുരം- കണ്ണൂർ വണ്ടിയിൽ മാത്രമാണ്. മലബാർ എക്സ്പ്രസ് ഉൾപ്പെടെ കൂടുതൽ പേർ ആശ്രയിക്കുന്ന വണ്ടികളിൽ ജനറൽ കോച്ചുകൾ ഇനിയും അനുവദിച്ചിട്ടില്ല.

വൈകുന്നേരങ്ങളിൽ മംഗളൂരുവിൽ നിന്ന് തെക്കോട്ട് പുറപ്പെടുന്ന ചെന്നൈ സൂപ്പർഫാസ്റ്റാണ് വൈകിട്ട് കാഞ്ഞങ്ങാട്, കാസർകോട് സ്റ്റേഷനുകളിൽ ഏറെ പേർ ആശ്രയിക്കുന്നത്. ഇതിലാകട്ടെ തിരക്ക് കാരണം വണ്ടിക്കകത്ത് കയ്യൂക്കുള്ളവർക്ക് മാത്രമേ കയറാൻ കഴിയുകയുള്ളു. ജോലി കഴിഞ്ഞ് നാട്ടിലെത്താൻ കണ്ണൂർ ഭാഗത്തേക്ക് ദിവസേന പോവുകയും വരികയും ചെയ്യുകയെന്നത് സാഹസികയാത്രയായിട്ടുണ്ട്.

LatestDaily

Read Previous

കാസർകോട് ജില്ലയിൽ മാത്രം ഹൈവേ പോലീസിന് ഡ്യൂട്ടി 24 മണിക്കൂർ

Read Next

സിപിഎം സമ്മേളനം; തീരദേശം ഉൽസവഛായയിൽ