ലൈംഗികാതിക്രമക്കേസ്സിൽ റിമാന്റിലായ ഡോക്ടർക്ക് ജാമ്യം

മംഗളൂരു: കീഴ്ജീവനക്കാരായ സ്ത്രീകളോട് ലൈംഗികാതിക്രമങ്ങൾ നടത്തിയ സംഭവത്തിൽ റിമാന്റിലായ ഡോക്ടർക്ക് കോടതി ജാമ്യമനുവദിച്ചു. മംഗളൂരു  ജില്ലാ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് നോഡൽ ഓഫീസറായ ഡോ. രത്നാകറാണ് കീഴ്്ജീവനക്കാരോട് ലൈംഗികാതിക്രമങ്ങൾ കാണിച്ച് റിമാന്റിലായത്.

ആരോഗ്യ വകുപ്പിൽ താൽക്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന കീഴ്ജീവനക്കാരോടായിരുന്നു ഡോ. രത്നാകറിന്റെ അതിക്രമങ്ങൾ മുഴുവനും. ജോലി നഷ്ടപ്പെടുമെന്ന് ഭയന്ന് പലരും ഡോക്ടറുടെ പരാക്രമങ്ങൾ സഹിക്കുകയായിരുന്നു. ഡോക്ടറുടെ ശല്യം  സഹിക്കാതെ വന്നതോടെയാണ് ജീവനക്കാരിലൊരാൾ ദൃശ്യങ്ങൾ മൊബൈൽ ഫോൺ ക്യാമറയിൽ ചിത്രീകരിച്ച് പ്രചരിപ്പിച്ചത്.

ഇതേതുടർന്ന് മംഗളൂരുവിലെ സാമൂഹ്യപ്രവർത്തകയുടെ ഇടപെടലിൽ പാണ്ഡേശ്വരം വനിതാ പോലീസിൽ പരാതി കൊടുക്കുകയായിരുന്നു. നവംബർ 26-നാണ് ഡോ. രത്നാകറിനെ പാണ്ഡേശ്വർ പോലീസ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തിരുന്നു. കർശന ഉപാധികളോടെയാണ് രത്നാകറിന് ജാമ്യമനുവദിച്ചത്.

ഡോ. രത്നാകറിന്റെ  ലൈംഗിക പരാക്രമങ്ങളുടെ ദൃശ്യങ്ങൾ നവ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കീഴ്ജീവനക്കാരികളെ ബലമായി മടിയിലിരുത്തുക, യുവതികളെ കെട്ടിപ്പിടിക്കുക, ശരീരഭാഗങ്ങളിൽ തൊട്ടുതലോടുക മുതലായവയായിരുന്നു ഡോക്ടറുടെ വിനോദങ്ങൾ. ഡോക്ടറുടെ ലൈംഗിക പരാക്രമങ്ങളെ കീഴ്ജീവനക്കാരായ യുവതികൾ എതിർത്തിരുന്നുവെങ്കിലും, പലരെയും ഇദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നതായും, കണ്ടെത്തി. ഡോക്ടറുടെ പരാക്രമം ഭയന്ന് പലരും ഇദ്ദേഹത്തിന്റെ മുന്നിലെത്താൻ ഭയന്നിരുന്നു. ഒമ്പതോളം സ്ത്രീ ജീവനക്കാരെ രത്നാകർ ഇത്തരത്തിൽ ദ്രോഹിച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. 

LatestDaily

Read Previous

വീടുവിട്ട വിദ്യാർത്ഥിനി ഇടുക്കിയിൽ

Read Next

ക്വാറി സ്ഫോടനം ഇടിമിന്നലിൽ വയർ ഷോർട്ടായത് മൂലം