കാഞ്ഞങ്ങാട്: യുണൈറ്റഡ് ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി കോൺഗ്രസ്സ് പ്രവർത്തകർ നടത്തിയ പദയാത്രയ്ക്കിടെ സിപിഎം ഒാഫീസിൽ കയറി കോൺഗ്രസ്സ് പ്രവർത്തകർ കൊടിവീശി പ്രകോപനമുണ്ടാക്കി. പദയാത്ര കഴിഞ്ഞ് മടങ്ങിയ കോൺഗ്രസ്സ് പ്രവർത്തകന് സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റു.
നീലേശ്വരം കണിച്ചിറയിലാണ് സംഘർഷം. ഇന്നലെ കോൺഗ്രസ്സ് നീലേശ്വരത്ത് നടത്തിയ പദയാത്ര, കണിച്ചിറയിലെത്തിയപ്പോൾ, കോൺഗ്രസ്സ് പ്രവർത്തകർ ഇവിടെയുള്ള സിപിഎം ഒാഫീസിൽ കയറി കോൺഗ്രസ്സിന്റെ പതാക വീശി പ്രകോപനം സൃഷ്ടിച്ചതായാണ് പരാതി.
പദയാത്ര സമാപിച്ച ശേഷം മടങ്ങിയ കോൺഗ്രസ്സ് പ്രവർത്തകരെ കണിച്ചിറയിൽ സംഘടിച്ച സിപിഎം പ്രവർത്തകർ മർദ്ദിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയതോടെയാണ് സംഘർഷത്തിന് അയവു വന്നത്. രണ്ട് പരാതികളിലും നീലേശ്വരം പോലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു.