ഗൾഫ് യാത്രികരോടുള്ള റാപിഡ് കൊള്ള പാർലിമെന്റിൽ ഉന്നയിക്കും: ഉണ്ണിത്താൻ

കാഞ്ഞങ്ങാട്:  സംസ്ഥാനത്തെ വിമാനത്താവളങ്ങൾ വഴി യുഏഇയിലേക്ക് പോവുന്ന പ്രവാസികളോട് കോവിഡ് പരിശോധനക്കായി  2,490 രൂപ ഈടാക്കുന്ന വിഷയം പാർലിമെന്റിൽ ഉന്നയിക്കുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനകം എടുക്കുന്ന കോവിഡില്ലാ സർട്ടിഫിക്കറ്റിനും രണ്ട് വാക്സിനുകൾ എടുത്ത സർട്ടിഫിക്കറ്റുകൾക്കും പുറമെയാണ് ഒാരോ യാത്രക്കാരനോടും 2,490 രൂപ ഈടാക്കുന്നത്.

ഇത് സംബന്ധിച്ച് ഇന്നലെ (വെള്ളി) ലേറ്റസ്റ്റ് പ്രസിദ്ധീകരിച്ച വാർത്തയുടെ വിശദാശംങ്ങൾ രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് ഉണ്ണിത്താൻ എംപിയുടെ പ്രതികരണമുണ്ടായത്. ദിവസേന യുഏഇയിലേക്ക് പോവുന്ന ആയിരക്കണക്കിന് പ്രവാസികളോട് ഇതിനകം കോടിക്കണക്കിന് രൂപയാണ് പിരിച്ചെടുത്തത്.

ആന്റിജൻ ടെസ്റ്റിന് സമാനമായ ടെസ്റ്റ് നടത്തി ഗൾഫ് യാത്രികരെ കൊള്ളയടിക്കുന്ന വിഷയമാണ്ഇന്നലെ ലേറ്റസ്റ്റ് പുറത്ത് വിട്ടത്. കാഞ്ഞങ്ങാട്ട് പ്രസ്സ് ഫോറത്തിൽ ഇന്നലെ ഉണ്ണിത്താൻ എംപി നടത്തിയ വാർത്താ സമ്മേളനത്തിൽ ലേറ്റസ്റ്റ് പ്രതിനിധി എംപിയുടെ ശ്രദ്ധയിൽ വിഷയം  പെടുത്തുകയായിരുന്നു. ഒന്നിലധികം ടെസ്റ്റുകൾ നടത്തി യാത്രക്കാരിൽ നിന്ന് വൻതുക ഈടാക്കുന്നത് തികഞ്ഞ അന്യായമാണ്. വിഷയം പാർലിമെന്റിൽ ഉന്നയിക്കുന്നതോടൊപ്പം കേന്ദ്രമന്ത്രിമാരെക്കണ്ട് സംസാരിച്ച് പരിഹാരം കാണുമെന്നും ഉണ്ണിത്താൻ എംപി പറഞ്ഞു.

ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ വിദേശത്ത് കോവിഡ് ബാധിച്ച് മരിച്ചവർക്ക് സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക സഹായം ലഭ്യമാക്കേണ്ടതുണ്ട്. ഗൾഫിൽ കോവിഡ്  ബാധിച്ച് മരിച്ചവരുടെ പട്ടിക എംബസി മുഖേന തയ്യാറാക്കാൻ ആവശ്യപ്പെടുമെന്നും ചോദ്യത്തിന് മറുപടിയായി ഉണ്ണിത്താൻ എംപി പറഞ്ഞു.

Read Previous

തടങ്കലിൽ വെച്ചതായി മകളുടെ പരാതി; മാതാപിതാക്കൾക്കെതിരെ കേസ്

Read Next

വീടുവിട്ട യുവാവും ഭർതൃമതിയും റിമാന്റിൽ