ബിഎംഎസ് പ്രവർത്തകനെ വധിക്കാൻശ്രമം: ക്വട്ടേഷൻ സംഘത്തെ കേന്ദ്രീകരിച്ച് അന്വേഷണം

കാഞ്ഞങ്ങാട്: പുതിയകോട്ടയിലെ ബിഎംഎസ് പ്രവർത്തകൻ അമ്പു ഭാസ്ക്കരനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ, കാഞ്ഞങ്ങാട്ടെ ക്വട്ടേഷൻ സംഘത്തെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണമാരംഭിച്ചു. ആറ് മാസം മുമ്പ് അമ്പു ഭാസ്ക്കരനെ കല്ല്യാൺ റോഡ് ചെമ്പിലോട്ടെ വീടിന് സമീപത്ത് കാറിലെത്തിയ ഒരു സംഘം വധിക്കാൻ ശ്രമിക്കുകയായിരുന്നു.

തന്റെ ഒാട്ടോയുമായി പുലർച്ചെ വീട്ടിൽ നിന്നുമിറങ്ങിയ അമ്പു ഭാസ്ക്കരനെ കാറിലെത്തിയ സംഘം തടഞ്ഞിട്ട്  ഒാട്ടോയിൽ നിന്നും പുറത്തേക്ക് വലിച്ചിട്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായാണ് കേസ്സ്. പുതിയകോട്ട മാർക്കറ്റിലേക്ക് പുലർച്ചെ ചുമടിറക്കാൻ വരുന്ന യാത്രാമധ്യേയായിരുന്നു അക്രമം. നരഹത്യാശ്രമത്തിന് കേസ്സെടുത്ത് ഹൊസ്ദുർഗ് പോലീസ് നടത്തിയ അന്വേഷണത്തിൽ അക്രമത്തിന് കാരണമായ സുപ്രധാന വിവരങ്ങൾ ലഭിച്ചെങ്കിലും, പ്രതികളെ ഉറപ്പിക്കാൻ തക്ക തെളിവുകൾ ശേഖരിക്കാനായിരുന്നില്ല.

ദുർഗ്ഗാ ഹൈസ്ക്കൂൾ റോഡിലെ ദേവദാസിനെയും, ഭാര്യയേയും പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമിച്ച്, സ്വർണ്ണാഭരണങ്ങളും, കാറുമുൾപ്പെടെ 40 ലക്ഷത്തിലേറെ രൂപയുടെ വസ്തുക്കൾ കവർച്ച ചെയ്ത കേസ്സിൽ പ്രതികളെ തിരിച്ചറിഞ്ഞതോടെയാണ് ബിഎംഎസ് പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിന് ജീവൻ വെച്ചത്. ക്വട്ടേഷൻ ആക്രമണക്കേസ്സിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ സുരേശിനെ, അമ്പു ഭാസ്ക്കരൻ വധശ്രമക്കേസ്സിൽ പോലീസ് ചോദ്യം ചെയ്തു.

അമ്പു ഭാസ്ക്കരൻ വധശ്രമക്കേസ്സിൽ പങ്കാളിയെന്ന് സുരേശ് പോലീസിനോട് സമ്മതിച്ചിട്ടില്ല. ക്വട്ടേഷൻ ആക്രമണക്കേസ്സിൽ ഒളിവിലുള്ള മൂന്ന് പ്രതികൾ ഉൾപ്പെടെ അഞ്ചംഗ ക്വട്ടേഷൻ സംഘത്തിൽപ്പെട്ടവർക്ക് ബിഎംഎസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസ്സിൽ ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

LatestDaily

Read Previous

ബസ്സിനുള്ളിൽ കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 5 വർഷം തടവ്

Read Next

ചുമരെഴുത്ത്: മരക്കാപ്പ് കടപ്പുറത്ത് കോൺഗ്രസ്സ്–ബിജെപി സംഘർഷം