കമ്മ്യൂണിറ്റി സെന്ററിനെച്ചൊല്ലി വിവാദം ഭൂമി തട്ടിയെടുത്തുവെന്ന് യുവതി

കാഞ്ഞങ്ങാട്:  സിപിഎം പ്രാദേശിക നേതാവിനെതിരെ ഗുരുതര ആരോപണവുമായി പത്തനംതിട്ട സ്വദേശിനി. തന്റെ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള 60 സെന്റ് സ്ഥലത്തിൽ നിന്നും പാർട്ടി നേതാവ് നാലര സെന്റ് ഭൂമി  കമ്മ്യൂണിറ്റി ഹാളിനായി  തട്ടിയെടുത്തെന്നാണ് യുവതിയുടെ പരാതി. വീട് വെച്ച് നൽകാമെന്ന   വാഗ്ദാനത്തിൽ  വിശ്വസിച്ച് നാലര സെന്റ് ഭൂമി കമ്മ്യൂണിറ്റി ഹാൾ നിർമ്മാണത്തിന് വിട്ടുനൽകിയെന്നാണ് ഇവർ പറയുന്നത്.

മടിക്കൈ മുണ്ടോട്ട് അരീക്കര കാവിന് സമീപത്ത് അരീക്കരയിലെ രാജീവന്റെ ഉടമസ്ഥതയിലുള്ള 60 സെന്റ് ഭൂമിയിൽ നിന്നും സിപിഎം കയ്യുള്ളകൊച്ചി ബ്രാഞ്ച് സിക്രട്ടറി വി. ടി. രാജു  നാലരസെന്റ് ഭൂമി തട്ടിയെടുത്തുവെന്നാണ് രാജീവന്റെ ഭാര്യയും പത്തനംതിട്ട സ്വദേശിനിയുമായ ജിബിയുടെ  ആരോപണം. തന്നെ അറിയിക്കാതെയാണ് ഭർത്താവ് കമ്മ്യൂണിറ്റി ഹാൾ നിർമ്മാണത്തിന് നാലരസെന്റ് ഭൂമി സിപിഎം പ്രാദേശിക നേതാവിന്റെ ഇടപെടലിൽ വിട്ടു കൊടുത്തതെന്ന് ജിബി ആരോപിച്ചു.

രാജീവന് വീട് വെച്ച് നൽകാമെന്ന് വിശ്വസിപ്പിച്ചാണ് വി. ടി. രാജു  സ്ഥലം തട്ടിയെടുത്തതെന്നും ഇവർ ആരോപിച്ചു.  കാഞ്ഞങ്ങാട്ട് ഭർതൃബന്ധുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഇവർ താമസിച്ചിരുന്നത്. 2018- 19 വർഷത്തിലാണ് ഭൂമിയുടെ രജിസ്ട്രേഷൻ നടന്നതെന്ന് ജിബി പറഞ്ഞു.  ഇവരുടെ ഭർത്താവായ രാജീവൻ ഗൾഫിൽ നിന്ന് തിരിച്ചെത്തിയ ശേഷം ഒരപകടത്തിൽപ്പെട്ട് വിശ്രമത്തിലാണ്.

ഇരുവരും ഇപ്പോൾ പത്തനംതിട്ടയിൽ ജിബിയുടെ വീട്ടിലാണ് താമസം. ഇവർക്ക് രണ്ട് മക്കളുമുണ്ട്. സൗജന്യമായി വീട് വെച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് ഭൂമി തട്ടിയെടുത്ത സിപിഎം നേതാവ് വിശ്വാസവഞ്ചന കാണിച്ചുവെന്നാണ് യുവതിയുടെ പരാതി. അതേസമയം സിപിഎം ബ്രാഞ്ച് സിക്രട്ടറിക്കെതിരെ ജിബി ഉയർത്തിയ ആരോപണം വസ്തുതാ വിരുദ്ധമാണെന്ന് ലേറ്റസ്റ്റ്  നടത്തിയ  അന്വേഷണത്തിൽ കണ്ടെത്തി.

അരീക്കരയിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ നിർമ്മിച്ച എസ്. സി. കമ്മ്യൂണിറ്റി ഹാളിന് ജിബിയുടെ ഭർത്താവ് രാജീവൻ മൂന്ന് സെന്റ് സ്ഥലം സൗജന്യമായി വിട്ടു നൽകുകയായിരുന്നു. രാജീവന്റെ മാതൃപിതാവ് പൊക്കന്റെ സ്മരണയ്ക്കായാണ് ഭൂമി സൗജന്യമായി വിട്ടു നൽകിയത്. ഭൂമി ദാനത്തിൽ സിപിഎം കയ്യുള്ളകൊച്ചി ബ്രാഞ്ചിന് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന് ബ്രാഞ്ച് സിക്രട്ടറി വി. ടി.  രാജു വ്യക്തമാക്കി.

രാജീവൻ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സിക്രട്ടറിക്ക്  സ്ഥലം റജിസ്റ്റർ ചെയ്തു കൊടുത്തതിന്റെ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലുണ്ടെന്നിരിക്കെ തനിക്കെതിരെ ജിബി ഉയർത്തുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് വി. ടി. രാജു വ്യക്തമാക്കി.

LatestDaily

Read Previous

വീടുവിട്ട നവവധു കാമുകനൊപ്പം തിരിച്ചെത്തി

Read Next

ഭർതൃമതിയെ വിവാഹവാഗ്ദാനം നൽകി ബലാൽസംഗത്തിനിരയാക്കി